നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കമ്മീഷനെ നിയമിക്കണം

Posted on: July 16, 2014 1:15 am | Last updated: July 16, 2014 at 1:15 am

ന്യൂഡല്‍ഹി: സ്തുത്യര്‍ഹമായ സേവനം നിര്‍വഹിക്കുന്ന രാജ്യത്തെ നഴ്‌സുമാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കമ്മീഷനെ നിയമിക്കണമെന്ന് എം കെ രാഘവന്‍ എം പി.
നഴ്‌സുമാരുടെ തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്താനും സംരക്ഷണം ഉറപ്പു വരുത്താനും പൊതുനയം രൂപവത്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോക്‌സഭാ സമ്മേളനത്തിന്റെ ശൂന്യവേളയിലാണ് എം പി ഇക്കാര്യം ഉന്നയിച്ചത്. ഇറാഖില്‍ അകപ്പെട്ട നഴ്‌സുമാരെ തിരികെ കൊണ്ടുവരാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ സ്വീകരിച്ച നടപടി അഭിനന്ദനാര്‍ഹമാണ്. എന്നാല്‍, ഇനിയും രാജ്യത്തെ നഴ്‌സുമാര്‍ മറ്റു രാജ്യങ്ങളില്‍ ഇത്തരത്തില്‍ ആശങ്കാജനകമായ അന്തരീക്ഷത്തില്‍ ജോലി തേടി പോവേണ്ട സാഹചര്യം ഒഴിവാക്കേണ്ടതുണ്ട്. ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ നഴ്‌സിംഗ് മേഖലയിലുള്ളവരില്‍ നല്ലൊരു ശതമാനം പുറംനാടുകളിലാണ് സേവനം അനുഷ്ഠിക്കുന്നത്. നഗര- ഗ്രാമ ഭേദമില്ലാതെ രാജ്യത്തിനകത്തും പുറത്തും ജോലി ചെയ്യാനും ഇവര്‍ സന്നദ്ധത പ്രകടിപ്പിക്കുന്നുണ്ടെങ്കിലും വളരെ തുച്ഛമായ ശമ്പളവും ദയനീയമായ ഭൗതികസാഹചര്യവുമാണ് നഴ്‌സിംഗ് മേഖലയെ പ്രതികൂലമായി ബാധിക്കുന്നത്.
സ്വകാര്യ മേഖലയിലെ പ്രശസ്തമായ ആശുപത്രികളില്‍ പോലും 6,600 രൂപ വരെ മാത്രമാണ് നഴ്‌സുമാര്‍ക്ക് ശമ്പളം നല്‍കുന്നത്. ഇടത്തരം ആശുപത്രികളിലാവട്ടെ വെറും മൂവായിരവും നാലായിരവും മാസ ശമ്പളത്തില്‍ ജോലി ചെയ്യാന്‍ വിധിക്കപ്പെട്ടിരിക്കുകയാണിവര്‍. ആശുപത്രി അധികൃതര്‍ അധികസമയം ജോലി ചെയ്യുന്നതിന് പ്രത്യേക തുക നല്‍കുകയോ വസ്ത്രം മാറാന്‍ പോലും സൗകര്യമൊരുക്കുകയോ ചെയ്യുന്നില്ല.
മുപ്പത് രോഗികള്‍ക്ക് ഒരു നഴ്‌സ് എന്ന ശതമാനക്കണക്കിലാണ് രാജ്യത്തെ ആശുപത്രികളില്‍ നഴ്‌സുമാരെ നിയമിക്കുന്നത്. രാജ്യത്തിനകത്ത് ആതുര ശുശ്രൂഷാരംഗത്ത് നേരിടുന്ന അവഗണനയും തുച്ഛമായ വേതനവുമെല്ലാമാണ് ജോലി തേടി പുറംനാടുകളിലേക്ക് പോവാന്‍ നഴ്‌സിംഗ് മേഖലയിലുള്ളവരെ പ്രേരിപ്പിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ നഴ്‌സിംഗ് മേഖലയുടെ നിലനില്‍പ്പിലാനിയി വ്യക്തമായൊരു നയം രൂപവത്കരിക്കേണ്ടതുണ്ടെന്ന് എം കെ രാഘവന്‍ എം പി കൂട്ടിച്ചേര്‍ത്തു.