എയിംസിനായി നാല് സ്ഥലങ്ങള്‍ സംസ്ഥാനം നിര്‍ദേശിക്കും

Posted on: July 16, 2014 1:15 am | Last updated: July 16, 2014 at 1:15 am

തിരുവനന്തപുരം: സംസ്ഥാനത്ത് നിര്‍ദിഷ്ട ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) സ്ഥാപിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നാല്സ്ഥലങ്ങള്‍ കണ്ടെത്തി. തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി, കോട്ടയം ജില്ലകളിലാണ് സ്ഥലം കണ്ടെത്തിയിരിക്കുന്നത്.
ഇതില്‍ തിരുവനന്തപുരത്തിനും കോഴിക്കോടിനുമാകും ആദ്യ പരിഗണന നല്‍കുക. തിരുവനന്തപുരത്ത് നെട്ടുകാല്‍ത്തേരി തുറന്ന ജയിലിന് സമീപത്തും കോഴിക്കോട്ട് കിനാലൂരിലുമാണ് എയിംസിന് അനുയോജ്യമായ സ്ഥലം കണ്ടെത്തിയത്. കൊച്ചിയില്‍ കളമശേരിയിലും കോട്ടയത്ത് മെഡിക്കല്‍ കോളജിലും എയിംസ് സ്ഥാപിക്കാവുന്ന സൗകര്യങ്ങള്‍ ഒരുക്കാനും ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഇക്കാര്യം അടിയന്തരമായി കേന്ദ്രസര്‍ക്കാരിനെ കത്ത് മുഖേന അറിയിക്കും. കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച പൊതുബജറ്റില്‍ ഐ ഐ ടി മാത്രം അനുവദിക്കുകയും എയിംസ് ഒഴിവാക്കുകയും ചെയ്തതിനെതിരെ കേരളം പ്രതിഷേധം അറിയിച്ചിരുന്നു.
കഴിഞ്ഞ മാസം 19നാണ് കേന്ദ്ര സര്‍ക്കാര്‍ എയിംസ് സ്ഥാപിക്കാനുള്ള സന്നദ്ധത ചോദിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. ഗതാഗത സൗകര്യവും വൈദ്യുതിയും ലഭ്യമാക്കാന്‍ കഴിയുന്ന 200 ഏക്കര്‍ സ്ഥലമാണ് എയിംസിനായി വേണ്ടതെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. അതിന് തൊട്ടുപിന്നാലെ തന്നെ കേരളം സ്ഥലം കണ്ടെത്താന്‍ നടപടി ആരംഭിച്ചിരുന്നു. എം എല്‍ എമാരും മന്ത്രിമാരും നിരവധി സ്ഥലങ്ങള്‍ എയിംസിനായി ചൂണ്ടിക്കാട്ടി. കൊച്ചിയില്‍ അനുയോജ്യമായ സ്ഥലമൊരുക്കാമെന്ന് ഹൈബി ഈഡനും തിരുവനന്തപുരത്ത് സ്ഥലമുണ്ടെന്ന് മന്ത്രി വി എസ് ശിവകുമാറും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള എം എല്‍ എമാര്‍ ആ പ്രദേശത്തെ സ്ഥലലഭ്യതയും ചൂണ്ടിക്കാട്ടി. നിയമസഭയില്‍ വ്യക്തമാക്കി. കോട്ടയത്തു നിന്നും നിര്‍ദേശം വന്നു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം ഈ നാല് സ്ഥലങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളും മറ്റും വിലയിരുത്തിയ ശേഷം ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഡല്‍ഹിയില്‍ നിന്നുള്ള പ്രത്യേക സംഘം കേരളത്തിലെത്തി സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷമാവും അന്തിമതീരുമാനമെടുക്കുക.