Connect with us

Ongoing News

ഹയര്‍സെക്കന്‍ഡറി: ടൈംടേബിള്‍ മാറ്റം പുനഃപരിശോധിക്കും - മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ അധ്യയന ദിനങ്ങള്‍ അഞ്ചാക്കി ചുരുക്കിയതിനെ തുടര്‍ന്നുണ്ടായ ടൈം ടേബിള്‍ മാറ്റം പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രായോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് നിലവിലെ മാറ്റം പുനഃപരിശോധിക്കാന്‍ തയ്യാറാണെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ ടൈംടേബിള്‍ മാറ്റവും പാഠപുസ്തകവിതരണത്തിലെ കാലതാമസവും പ്ലസ് വണ്‍ പ്രവേശനബുദ്ധിമുട്ടുമടക്കമുള്ള വിദ്യാഭ്യാസമേഖലയിലെ പ്രതിസന്ധി സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷത്ത് നിന്ന് ഇ കെ വിജയനാണ് അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്. നോട്ടീസിന് മന്ത്രി പി കെ അബ്ദുര്‍റബ്ബ് നല്‍കിയ മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷം ബഹളം തുടങ്ങിയപ്പോള്‍ മുഖ്യമന്ത്രി ഇടപെടുകയായിരുന്നു. ഹയര്‍സെക്കന്‍ഡറിയിലെ പാഠപുസ്തകങ്ങളുടെ വിതരണം ഈ മാസം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രിയും മന്ത്രി അബ്ദുര്‍റബ്ബും അറിയിച്ചു. വിദഗ്ധ സമിതിയുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഹയര്‍സെക്കന്‍ഡറി അധ്യയന സമയത്തില്‍ മാറ്റം വരുത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഹയര്‍സെക്കന്‍ഡറിക്ക് അധിക സീറ്റുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയിരുന്നു. എന്നാല്‍ കോടതി ഇടപെടല്‍ മൂലം അതിന് തടസ്സങ്ങള്‍ ഉണ്ടായി. ഹയര്‍ സെക്കന്‍ഡറിയില്ലാത്ത പഞ്ചായത്തുകളില്‍ സ്‌കൂളുകള്‍ അനുവദിക്കാന്‍ ശ്രമം തുടങ്ങിയെങ്കിലും ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ടായി. നിലവില്‍ ഹയര്‍ സെക്കന്‍ഡറിയില്ലാത്ത 148 പഞ്ചായത്തുകളില്‍ ഭൂരിഭാഗവും കോട്ടയം മുതല്‍ തെക്കോട്ടുള്ളതാണ്. എറണാകുളം മുതല്‍ വടക്കോട്ട് 28 പഞ്ചായത്തുകളേയുള്ളു. എന്നാല്‍ സീറ്റിന്റെ കുറവുള്ളത് എറണാകുളം മുതല്‍ വടക്കോട്ടാണ്. ഇത് പരിഹരിക്കാന്‍ സ്വീകരിച്ച ചില നടപടികളാണ് കോടതി സ്‌റ്റേ ചെയ്തത്. തുടര്‍ന്ന് 20 ശതമാനം അധികം സീറ്റ് അനുവദിച്ച് കഴിഞ്ഞ ദിവസം ഉത്തരവിറക്കി. പാഠപുസ്തകങ്ങളില്‍ 90 ശതമാനവും വിതരണം ചെയ്തു കഴിഞ്ഞു. എവിടെയെങ്കിലും വീഴ്ചയുണ്ടെങ്കില്‍ അത് ഉടനെ പൂര്‍ത്തിയാക്കും. ലബ്ബകമ്മിറ്റി ശിപാര്‍ശപ്രകാരമാണ് ഹയര്‍ സെക്കന്‍ഡറിയില്‍ പുതിയ ടൈം ടേബിള്‍ കൊണ്ടുവന്നത്. അധ്യാപക സംഘടനകളുമായി ചര്‍ച്ച നടത്തിയാണിത് നടപ്പാക്കിയത്. 99 ശതമാനം സര്‍ക്കാര്‍ സ്‌കൂളുകളിലും ആവശ്യത്തിന് ടോയ്‌ലറ്റുകളുണ്ട്. എയ്ഡഡ് സ്‌കൂളുകളില്‍ കുറവുണ്ടെന്നും മന്ത്രി പറഞ്ഞതോടെ പ്രതിപക്ഷം ബഹളം തുടങ്ങി.
മതിയായ പശ്ചാത്തല സൗകര്യങ്ങള്‍ സ്‌കൂളുകളില്ലാത്തപ്പോള്‍ ടൈം ടേബിള്‍ മാറ്റിയത് കാരണം കുട്ടികള്‍ക്ക് മലമൂത്രവിസര്‍ജനം സാധിക്കാത്ത സ്ഥിതിയാണെന്ന് സി പി എം ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇതോടെയാണ് മുഖ്യമന്ത്രി ഇടപെട്ടത്. ഏപ്രില്‍ 16ന് പത്താം ക്ലാസ് ഫലം വന്നിട്ടും പ്രവേശ നടപടികളെങ്ങുമെത്താതെ രക്ഷിതാക്കളും വിദ്യാര്‍ഥികളും ഭ്രാന്തെടുത്തിരിക്കുകയാണെന്നും വിജയന്‍ കുറ്റപ്പെടുത്തി. വിദ്യാഭ്യാസ മേഖലയിലെ അരാജകത്വം എല്ലാ യു ഡി എഫ് ഭരണകാലത്തുമുള്ളതാണെന്ന് ഇറങ്ങിപ്പോക്കിന് മുമ്പ് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആരോപിച്ചു. ഹയര്‍സെക്കന്‍ഡറി ടൈം ടേബിള്‍ മാറ്റം കുട്ടികള്‍ക്ക് മാനസികവും ശാരീരികവുമായ പ്രശന്ങ്ങളുണ്ടാക്കും. ആര്‍ക്ക് വേണ്ടിയാണ് അല്‍പ്പദൃഷ്ടികളായവര്‍ തുഗ്ലക്ക് പരിഷ്‌കാരങ്ങള്‍ നടത്തുന്നതെന്നും വി എസ് ചോദിച്ചു.

 

 

Latest