മാവിലാംതോട് ടൂറിസം പ്രോജക്ടിന്റെ നിര്‍മാണം പുരോഗമിക്കുന്നു

Posted on: July 14, 2014 10:05 am | Last updated: July 14, 2014 at 10:05 am

കല്‍പ്പറ്റ: മാവിലാംതോട്ടിലെ പഴശി സ്മാരക വിനോദസഞ്ചാര പദ്ധതിയുടെ നിര്‍മാണം പുരോഗമിക്കുന്നു.
സംസ്ഥാന വിനോദസഞ്ചാര വികസന വകുപ്പും ജില്ലാ ടൂറിസം പ്രോമോഷന്‍ കൗണ്‍സിലും വയനാട് ജില്ലാ പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതി പുല്‍പ്പള്ളിക്കടുത്ത് പത്ത് കിലോമീറ്റര്‍ അകലെ പഴശി വീരമൃത്യു വരിച്ച മാവിലാംതോട്ടിലാണ് നിര്‍മാണം നടക്കുന്നത്. ഒരുകോടി എണ്‍പത്തൊമ്പത് ലക്ഷത്തിമുപ്പത്തി രണ്ടായിരം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിനുവേണ്ടി വയനാട് ജില്ലാ പഞ്ചായത്ത് മാവിലാം തോട്ടില്‍ രണ്ടരയേക്കര്‍ സ്ഥലം വിലക്കെടുത്തിരുന്നു. ആ സ്ഥലത്താണ് ഇപ്പോള്‍ ടൂറിസം പ്രോജക്ട് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ബ്രിട്ടീഷ് സൈന്യവുമായിട്ടുള്ള ഒളിപ്പോര്‍ യുദ്ധത്തിനൊടുവില്‍ കന്നാരംപുഴയുടെ തീരത്തുവച്ചാണ് പഴശി വീരമൃത്യു വരിച്ചത്. കഴിഞ്ഞ വര്‍ഷം വരെ ഇവിടെ പഴശിയുടെ ഓര്‍മയ്ക്കുവേണ്ടി ചെറിയ ഒരു തറ മാത്രമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷമാണ് ടൂറിസം പ്രോജക്ടിന്റെ ശിലാസ്ഥാപനം നടത്തിയത്.
മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍. പൗലോസിന്റെ പ്രത്യേക താത്പര്യ പ്രകാരമായിരുന്നു ഇവിടം വിനോദ സഞ്ചാര വികസന കേന്ദ്രമായി ഉയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.
പദ്ധതിയോടനുബന്ധിച്ച് നിരവധി സ്ഥാപനങ്ങളും സൗകര്യങ്ങളുമാണ് അധികൃതര്‍ ഇവിടെ ഒരുക്കുന്നത്.
ടൂറിസ്റ്റ് കേന്ദ്രത്തിന്റെ ഓഫീസ്, ടിക്കറ്റ് കൗണ്ടര്‍, ടോയ്‌ലറ്റ് ബ്ലോക്ക്, ഡിസ്‌പ്ലേ പവലിയന്‍, ലൈബ്രറി, റിസേര്‍ച്ച് സെന്റര്‍, റസ്റ്റോറന്റ്, പൂന്തോട്ടം, ആംഫി തീയേറ്റര്‍, ഇരിപ്പിടങ്ങള്‍, ലാന്‍ഡ് സ്‌കേപ്പ് ഇരിപ്പിടങ്ങള്‍, ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ, ചുറ്റുമതില്‍, വേലി നിര്‍മാണം, പ്രവേശനകവാടം, ചില്‍ഡ്രന്‍സ് പാര്‍ക്ക്, പഴശി പ്രതിമ നിര്‍മാണം, പഴശി സ്മാരക നിര്‍മാണം എന്നിവയാണ് ടൂറിസ്റ്റ് കേന്ദത്തില്‍ നിര്‍മിക്കുന്നത്.
പഴശി പ്രതിമ നിര്‍മാണം, ചുറ്റുമതില്‍ നിര്‍മാണം, ലൈബ്രറി കെട്ടിടം, ഗവേഷണ കേന്ദ്രത്തിനുള്ള കെട്ടിടം, ഓഫീസ് കെട്ടിടം, ടിക്കറ്റ് കൗണ്ടര്‍ എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞു. പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ ബിആര്‍ജിഎഫ് ഫണ്ട് ഉപയോഗിച്ചാണ് പ്രതിമാ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഈ മഴക്കാലം കഴിയുന്നതോടെ വിനോദ സഞ്ചാര കേന്ദ്രത്തിന്റെ ഉദ്ഘാടനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പഴശി സ്മാരക വിനോദ സഞ്ചാര കേന്ദ്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ജില്ലയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായി മാറും മാവിലാംതോട്. അതോടെ പുല്‍പള്ളിക്ക് സമീപം ജില്ലയിലെ പ്രധാനപ്പെട്ട രണ്ട് ടൂറിസ്റ്റ് കേന്ദ്രങ്ങളാകും ഉണ്ടാകുന്നത്. മലബാറിലെ ഏറ്റവും വലിയ ശുദ്ധ ജലജീവി സമ്പത്തായ കുറുവാ ദ്വീപാണ് മറ്റൊരു വിനോദ സഞ്ചാര വികസന കേന്ദ്രം.