Connect with us

Kerala

ആറ് നദികള്‍ കൂടി മാലിന്യമയം; മത്സ്യസമ്പത്ത് കുറയും

Published

|

Last Updated

കണ്ണൂര്‍: സംസ്ഥാനത്ത് ആറ് നദികള്‍ കൂടി മാലിന്യവാഹിനികളാണെന്നും ഇവയില്‍ മത്സ്യസമ്പത്ത് തീര്‍ത്തുമില്ലാതാകുമെന്നും കണ്ടെത്തല്‍. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ നടത്തിവരുന്ന നദീജല ഗുണമേന്മാ പഠനത്തിന്റെ പുതിയ റിപോര്‍ട്ടിലാണ് മഴക്കാലത്തും വേനല്‍ക്കാലത്തുമെല്ലാം നദികളില്‍ കലരുന്ന മാലിന്യത്തിന്റെ വലിയ തോതിലുള്ള അളവ് രേഖപ്പെടുത്തിയിട്ടുള്ളത്.
മലിനീകരണം മൂലം ജലത്തിന്റെ ഗുണമേന്മ പൂര്‍ണമായും നഷ്ടപ്പെടുന്ന സാഹചര്യം മത്സ്യലഭ്യതയെ കാര്യമായി ബാധിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. പരിസ്ഥിതി വകുപ്പിന് കീഴിലുള്ള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിലെ എട്ടംഗ ശാസ്ത്രജ്ഞന്മാര്‍ വിവിധ ഘട്ടങ്ങളിലായി നടത്തിവരുന്ന ഗവേഷണത്തിന്റെ ഭാഗമായാണ് ആറ് പുഴകളില്‍ക്കൂടി പഠനം നടത്തിയത്. കണ്ണൂര്‍ ജില്ലയിലെ കുപ്പം, കവ്വായി, രാമപുരം പുഴകളിലും നീലേശ്വരം, കരുവണ്ണൂര്‍, മണിമലയാര്‍ എന്നിവിടങ്ങളിലുമാണ് ഗവേഷക സംഘത്തിന്റെ ആറാം ഘട്ട പഠനം നടന്നത്. വേനലിലും മഴക്കാലത്തും ഓരോ പുഴയിലെയും വിവിധ പ്രദേശങ്ങളില്‍ നിന്ന് ജലസാമ്പിളുകളും ഭൂഗര്‍ഭജലവും ശേഖരിച്ചും നദീതടങ്ങള്‍ സന്ദര്‍ശിച്ചും ഒരു വര്‍ഷം നീണ്ട പഠനങ്ങളാണ് ഓരോ ഘട്ടത്തിലും നടത്തുന്നത്.
രാസവളാവശിഷ്ടങ്ങളായ നൈട്രേറ്റും ഫോസ്‌ഫേറ്റുമുള്‍പ്പെടെ അപകടകരമായ രാസകീടനാശിനികളെല്ലാമടങ്ങിയ നദികള്‍ വലിയ തോതില്‍ മലിനീകരിക്കപ്പെട്ടുവെന്ന് കണ്ടെത്തിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ പ്രധാന ജലസ്രോതസ്സായ കുപ്പം പുഴയിലാണ് മാലിന്യത്തിന്റെ അളവ് കൂടുതലായി കണ്ടെത്തിയിട്ടുള്ളത്. കര്‍ണാടകത്തില്‍പ്പെട്ട പശ്ചിമഘട്ട മലനിരയിലെ പാടെനെല്‍ക്കാഡു ഭാഗത്ത് നിന്നുത്ഭവിച്ച് വളപട്ടണം പുഴക്ക് സമാന്തരമായി 82 കിലോ മീറ്റര്‍ നീളത്തില്‍ ഒഴുകി അറബിക്കടലില്‍ ചേരുന്ന കുപ്പം പുഴയില്‍ വലിയ തോതില്‍ മാലിന്യം തള്ളുന്നതായി കണ്ടെത്തിയിട്ടുണ്ട്.
മഴക്കാലത്ത് പുഴയില്‍ വിസര്‍ജ്യങ്ങള്‍ മൂലമുള്ള കോളിഫോം ബാക്ടീരിയകളുടെയും അപകടകാരിയായ സ്‌ട്രെപ്‌റ്റോകോക്കി ബാക്ടീരിയകളുടെയും അളവ് കൂടിയതായി കണ്ടെത്തി. കോളറ ഉള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ പടര്‍ത്താന്‍ കഴിയുന്ന കോളിഫോം ബാക്ടീരിയ വര്‍ധിച്ചത് ആശങ്കക്കിടയാക്കുന്നുവെന്ന് റിപോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കുപ്പം പുഴയുടെ മുട്ടില്‍, മടക്കര ഭാഗത്ത് സള്‍ഫേറ്റിന്റെ അംശം കൂടിയതായി കണ്ടെത്തിയിട്ടുണ്ട്. ഒരു ലിറ്ററില്‍ 3368 മി. ഗ്രാം എന്ന തോതിലാണ് സള്‍ഫേറ്റ് അടങ്ങിയിട്ടുള്ളത്. മടക്കര, തെക്കുമ്പാട്, പഴയങ്ങാടിപ്പാലം, കുറ്റ്യേരിക്കടവ്, തേറണ്ടിക്കടവ്, കോട്ടക്കീല്‍, കൂത്താട്, വെള്ളിക്കീല്‍ എന്നിവിടങ്ങളില്‍ മഴക്കാലത്തിന് മുമ്പും ശേഷവും വര്‍ധിച്ച തോതില്‍ ഉപ്പിന്റെ അംശം കാണുന്നത് മുമ്പ് കാലത്തുണ്ടായിരുന്ന ചില ശുദ്ധജലമത്സ്യങ്ങളുടെ നിലനില്‍പ്പ് പൂര്‍ണമായും ഇല്ലാതാക്കി. ജലോപരിതലത്തിന്റെ 50 സെ. മീ താഴെ തെളിച്ചമില്ലാത്തതും വേനല്‍ക്കാലത്ത് കലക്ക് കൂടിയതും ഇവിടെ മത്സ്യസമ്പത്തിനെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു. കുപ്പം പുഴയിലെ രയരോം ഭാഗത്ത് വിഷമയമായ കീടനാശിനികളുടെ അംശവും കണ്ടെത്തിയിട്ടുണ്ട്. സമീപ പ്രദേശത്ത് കൃഷിയുള്ളതിനാല്‍ ഇതിനുപയോഗിക്കുന്ന കീടനാശിനികള്‍ അപകടകരമായ തോതില്‍ ജലത്തില്‍ കലര്‍ന്നതാകാമെന്ന് കരുതുന്നുണ്ട്. കുപ്പം പുഴയിലെ മാട്ടൂല്‍, മാടായി ഭാഗത്തെ ഭൂഗര്‍ഭജലത്തിന് ദൃഢത കൂടുതലാണെന്നും പഠനത്തില്‍ പറയുന്നു. അഞ്ച് തരം കീടനാശിനികളുടെ അംശവും പുഴയിലെ ചപ്പാരപ്പടവ് ഭാഗത്ത് കണ്ടെത്തിയിട്ടുണ്ട്.
പാലക്കാട്, തൃശൂര്‍ ജില്ലകളിലൂടെ ഒഴുകുന്ന കരുവണ്ണൂര്‍ പുഴയും മാലിന്യനിക്ഷേപ കേന്ദ്രമായി മാറിയെന്ന് ഗവേഷക സംഘം വിലയിരുത്തുന്നു. ഇക്കോളി ബാക്ടീരിയയുടെ സാന്നിധ്യം (69.24%) വേനല്‍ക്കാലത്ത് നദിയില്‍ കാര്യമായി കണ്ടെത്തിയിട്ടുണ്ട്. വെള്ളത്തില്‍ വലിയ അളവില്‍ സോഡിയം, കാത്സ്യം, മെഗ്നീഷ്യം, പൊട്ടാസ്യം (79%) എന്നിവയുടെ സാന്നിധ്യമുണ്ടെന്ന് റിപോര്‍ട്ടില്‍ പറയുന്നു. കോട്ടയം, പത്തനംതിട്ട ജില്ലകളിലൂടെ ഒഴുകി പമ്പാ നദിയില്‍ ചേരുന്ന മണിമലയാറില്‍ രാസവളാവശിഷ്ടങ്ങളായ നൈട്രേറ്റും ഫോസ്‌ഫേറ്റും കണ്ടെത്തിയിട്ടുണ്ട്. ഇക്കോളി ബാക്ടീരിയയുടെ അംശം ഇവിടെയും കൂടുതലായി കണ്ടെത്തി. വെള്ളത്തിന്റെ നിറം, ഗന്ധം എന്നിവ പലയിടത്തും മാറിയിട്ടുണ്ട്. വേനല്‍ക്കാലത്ത് 72 ശതമാനം, മഴക്കാലത്തിന് ശേഷം 83 ശതമാനം എന്ന തോതിലാണ് ജലത്തിലെ ഇക്കോളി ബാക്ടീരിയയുടെ അളവ്. എലംകാട് പാലത്തിന് സമീപം വെള്ളത്തില്‍ ഇരുമ്പിന്റെ അംശം എത്രയോ ഇരട്ടിയിലധികം അളവ് കണ്ടെത്തിയതായി റിപോര്‍ട്ടില്‍ പറയുന്നു.
കവ്വായി, നീലേശ്വരം, രാമപുരം പുഴകളിലും മാലിന്യത്തിന്റെ തോത് കൂടിയതായി കണ്ടെത്തി. കവ്വായി പുഴയിലാണ് മത്സ്യസമ്പത്തിനെ മാലിന്യം കാര്യമായി ബാധിച്ചിട്ടുള്ളത്. ഏറ്റവുമധികം കണ്ടല്‍ക്കാടുകളുള്ള പുഴയായ ഇവിടം കടലിലും പുഴയിലുമുള്ള മത്സ്യങ്ങളുടെ പ്രധാന പ്രജനന കേന്ദ്രം കൂടിയാണ്. വ്യത്യസ്തമായ നിരവധി ഇനം മത്സ്യങ്ങള്‍ ജലത്തിന്റെ ഗുണമേന്മയിലുള്ള വ്യത്യാസം കാരണം നാശോന്മുഖമായിട്ടുണ്ട്. നഗരവത്കൃത ജീവിതത്തിന്റെ അനിവാര്യതയായ ഗൃഹമാലിന്യങ്ങളും ഹോട്ടല്‍ മാലിന്യങ്ങളും സെപ്റ്റിക് ടാങ്ക് മാലിന്യങ്ങളും അറവ് അവശിഷ്ടങ്ങളും കൊണ്ടു തള്ളുന്നത് നദികളിലേക്കായതിനാല്‍ ജലത്തിലെ ഓക്‌സിജന്റെ അളവ് ക്രമാതീതമായി കുറയുകയും വിഷവായുക്കള്‍ ജലത്തില്‍ കലരുകയും ചെയ്തതോടെ ഉള്‍നാടന്‍ മത്സ്യസമ്പത്തിലെ അംഗങ്ങള്‍ ഒന്നൊന്നായി നശിച്ചുകൊണ്ടിരിക്കുന്നുവെന്നും റിപോര്‍ട്ടില്‍ പറയുന്നു.
ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ 2009 ലാണ് നദീജല ഗുണമേന്മാ പഠനം ആരംഭിച്ചത്. സംസ്ഥാനത്തെ 24 നദികളെക്കുറിച്ചുള്ള പഠന റിപോര്‍ട്ടുകള്‍ ഇതിനകം സര്‍ക്കാറിന് നല്‍കി. ആറാം ഘട്ടത്തില്‍ പഠനം പൂര്‍ത്തീകരിച്ച ആറ് നദികളുടെ റിപോര്‍ട്ട് അടുത്ത ദിവസം തന്നെ സര്‍ക്കാറിന് കൈമാറും.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി