Connect with us

Editorial

മന്ത്രിസഭാ പുനഃസംഘടന

Published

|

Last Updated

സംസ്ഥാന മന്ത്രിസഭ പുനസംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസിലും യു ഡി എഫിലും കൂടുതല്‍ ഐക്യം രൂപപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ഇതിനുള്ള ചര്‍ച്ചകള്‍ തുടങ്ങിയതെങ്കിലും വേണ്ടത്ര പുരോഗതി ഇല്ലാതെ വന്നതോടെ പുതിയ ഫോര്‍മുലകളാണ് ഉപശാലകളില്‍ രൂപപ്പെടുന്നത്. ഒരു എം എല്‍ എ മാത്രമുള്ള കക്ഷിക്ക് മന്ത്രിപദവി എന്തിനെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയര്‍ത്തുന്നത്. ഒരു എം എല്‍ എ മാത്രമാണെങ്കില്‍ അവര്‍ക്ക് മന്ത്രി സ്ഥാനം നല്‍കരുതെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പണ്ട് മുതലേയുള്ള നിലപാട്.
എ കെ ആന്റണിയുടെ രാജിയെ തുടര്‍ന്ന് ആദ്യമായി മുഖ്യമന്ത്രിയായപ്പോള്‍ തന്നെ അദ്ദേഹം ഇത് നടപ്പാക്കിയതാണ്. ആര്‍ ബാലകൃഷ്ണ പിള്ള, ടി എം ജേക്കബ് തുടങ്ങിയ പ്രമുഖരെയാണ് അന്ന് ഉമ്മന്‍ ചാണ്ടി പടിക്കു പുറത്ത് നിര്‍ത്തിയത്. യു ഡി എഫിന് ലഭിച്ച നേരിയ ഭൂരിപക്ഷം രണ്ടാമത് മുഖ്യമന്ത്രിയായപ്പോള്‍ ഈ നയം നടപ്പാക്കുന്നതിന് അദ്ദേഹത്തിന് തടസ്സമായി. ടി എം ജേക്കബും കെ ബി ഗണേഷ് കുമാറും ഷിബു ബേബി ജോണും മന്ത്രിമാരായതിന് പിന്നിലെ സമ്മര്‍ദം ഇതായിരുന്നു. ഇപ്പോള്‍ സ്ഥിതി മാറി. ആര്‍ സെല്‍വരാജ് കൂറ് മാറിയതും ആര്‍ എസ് പി മുന്നണി മാറിയതും ഭൂരിപക്ഷ പ്രതിസന്ധി ഇല്ലാതാക്കി. ഒരു എം എല്‍ എയുള്ളവര്‍ക്ക് മന്ത്രി പദവി വേണ്ടെന്നാണ് തീരുമാനമെങ്കില്‍ ടി എം ജേക്കബിന് പകരക്കാരനായി മന്ത്രിസഭയിലെത്തിയ മകന്‍ അനൂപ് ജേക്കബിന് പുറത്തു പോകേണ്ടി വരും. ഗണേഷ് കുമാറിനെ തിരിച്ചെടുക്കണമെന്ന ആവശ്യത്തിന് തടയിടാനുമാകും. ആര്‍ എസ് പികള്‍ ലയിച്ചതോടെ ഷിബു ബേബി ജോണിന് നിലവില്‍ ഭീഷണിയില്ല. തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ഒപ്പിക്കാന്‍ സഹായിച്ച ചെറുകക്ഷികളെ അവഗണിക്കരുതെന്ന വികാരവും ചിലര്‍ ഉയര്‍ത്തുന്നു. ഇതിനാണ് മുന്‍തൂക്കം ലഭിക്കുന്നതെങ്കില്‍ അനൂപ് ജേക്കബിന്റെ വകുപ്പ് മാറ്റത്തില്‍ ഇത് അവസാനിക്കും.
ഇതിനിടയിലാണ് സ്പീക്കര്‍ സ്ഥാനത്ത് നിന്നുള്ള ജി കാര്‍ത്തികേയന്റെ രാജിസന്നദ്ധത. ഭരണഘടനാപദവിയിലെത്തിയതോടെ രാഷ്ട്രീയത്തില്‍ സജീവമാകാന്‍ കഴിയുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി. മണ്ഡലത്തില്‍ പോലും രാഷ്ട്രീയ പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയുന്നില്ല. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ സ്വന്തം മണ്ഡലമായ അരുവിക്കരയില്‍ കോണ്‍ഗ്രസിന് മേധാവിത്വം നഷ്ടപ്പെട്ടതും അദ്ദേഹത്തിന്റെ രാജിസന്നദ്ധതക്ക് ആക്കം കൂട്ടി. അതിനാല്‍, പുതിയ സ്പീക്കര്‍ തിരഞ്ഞെടുപ്പ് കൂടി പുനഃസംഘടനാ തീരുമാനത്തെ സ്വാധീനിക്കും.
ഗണേഷ്‌കുമാറിനെ തിരികെ കൊണ്ടുവരണമെന്ന പക്ഷത്താണ് ഉമ്മന്‍ ചാണ്ടിയുടെ മനസ്സെങ്കിലും പാര്‍ട്ടിയിലെ പ്രബലരുടെ ഒരു നിര ഇതിനെ എതിര്‍ക്കുന്നു. മന്ത്രിസഭാപുനഃസംഘടന തന്നെ വേണ്ടെന്ന വാദം ഉയര്‍ത്തുന്നവരുമുണ്ട്. മന്ത്രിസഭയിലെ അപ്രമാദിത്വം നഷ്ടപ്പെടുമെന്ന ഭീതിയുള്ളതിനാല്‍ ഐ ഗ്രൂപ്പിന് തന്നെയാണ് കാര്യമായ എതിര്‍പ്പ്. മന്ത്രിസഭാരൂപവത്കരണ വേളയില്‍ എ ഗ്രൂപ്പ് കൈവശം വെച്ചിരുന്ന ആഭ്യന്തരം, വിജിലന്‍സ്, റവന്യൂ തുടങ്ങി സുപ്രധാന വകുപ്പുകള്‍ ഇന്ന് ഐ ഗ്രൂപ്പിന്റെ കൈവശമാണ്. റവന്യൂ വകുപ്പെങ്കിലും തിരികെ ലഭിക്കണമെന്ന വികാരം എ ഗ്രൂപ്പില്‍ ശക്തമായുണ്ട്.
പുനഃസംഘടിപ്പിക്കണമെന്ന നിലപാട് മുഖ്യമന്ത്രിയുടെതായതിനാല്‍ എതിര്‍പ്പുകള്‍ തീരുമാനങ്ങളെ സ്വാധീനിക്കുന്നതിനപ്പുറം തടയാന്‍ കഴിയില്ല. പാര്‍ട്ടിയിലും മുന്നണിയിലും ഉമ്മന്‍ ചാണ്ടി അത്രമേല്‍ ശക്തനായി കഴിഞ്ഞു. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ രാജ്യം കോണ്‍ഗ്രസിനെതിരെ വിധിയെഴുതിയപ്പോഴും കേരളത്തിലുണ്ടായ മുന്നേറ്റത്തിന്റെ ക്രെഡിറ്റ് ഉമ്മന്‍ ചാണ്ടിക്ക് അവകാശപ്പെട്ടതാണ്. ഭരണവിരുദ്ധവികാരമില്ലെന്നതിന്റെ തെളിവായി ഈ വിജയം വിലയിരുത്തപ്പെടുന്നു. മന്ത്രിസഭയില്‍ ചെറിയ മുഖംമിനുക്കല്‍ കൂടി നടത്തിയാല്‍ അടുത്ത വര്‍ഷം തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിലും തൊട്ടടുത്ത വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിലും ജയിക്കാമെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ കണക്കുകൂട്ടല്‍. വി എം സുധീരന്‍ കെ പി സി സി പ്രസിഡന്റായതോടെ പാര്‍ട്ടിയുടെ പിടിമുറുക്കം സര്‍ക്കാറില്‍ ശക്തമായ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ പിന്തുണ കൂടി ഇതിന് ലഭിക്കേണ്ടതുണ്ട്. എന്തായാലും ഒന്നുറപ്പാണ്. പുനഃസംഘടന മന്ത്രിസഭയില്‍ നിന്ന് ഒഴിയുന്നവരെ അസംതൃപ്തരാക്കും. മറ്റൊരു വലിയ വിഭാഗത്തെ തൃപതരും. ഇതിനിടയിലെ ബാലന്‍സിംഗ് അനുകൂലമാക്കാന്‍ നല്ല മെയ്‌വഴക്കം വേണ്ടിവരും.

Latest