ബജറ്റ് ഒരു തുടക്കം മാത്രം: അരുണ്‍ ജയ്റ്റ്‌ലി

Posted on: July 14, 2014 9:20 am | Last updated: July 14, 2014 at 9:21 am

JAITLYന്യൂഡല്‍ഹി: ബജറ്റ് ഒരു തുടക്കം മാത്രമാണെന്നും സാഹചര്യങ്ങള്‍ക്കുള്ളില്‍ നിന്നു കൊണ്ട് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. അടുത്തിടെ അവതരിപ്പിച്ച ബജറ്റില്‍ വേണ്ടത്ര പരിഷ്‌കാരങ്ങളൊന്നും ഉള്‍പ്പെടുത്തിയില്ല എന്ന ആരോപണം നേരിടുന്നതിനിടെയാണ് തന്റെ ഭാഗം ന്യായീകരിച്ചുകൊണ്ട് അദ്ദേഹം രംഗത്തെത്തിയത്.
ഇത് യാത്രയുടെ തുടക്കമാണ്, അവസാനമല്ല. തനിക്ക് ഇപ്പോള്‍ ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി താന്‍ ചെയ്തു. എല്ലാ തീരുമാനങ്ങളും ഒറ്റ ദിവസം കൊണ്ടു നടപ്പിലാക്കാന്‍ കഴിയില്ല- അദ്ദേഹം പറഞ്ഞു.
ഈ മാസം പത്തിന് അവതരിപ്പിച്ച തന്റെ ആദ്യ ബജറ്റിന്റെ പേരില്‍ വ്യാപകമായ വിമര്‍ശമാണ് ജയ്റ്റ്‌ലി നേരിട്ടിരുന്നത്. വ്യവസായ മേഖലക്ക് വേണ്ട കാര്യങ്ങളൊന്നും നല്‍കിയില്ലെന്നായിരുന്നു പ്രധാന വിമര്‍ശം. എന്നാല്‍ ഇതിനുള്ള മറുപടിയില്‍, പത്ത് വര്‍ഷമായി കൈക്കോള്ളാത്ത പ്രധാനപ്പെട്ട ചുവടുവെപ്പുകളാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്നും ഇതില്‍ ഓരോന്നും വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇന്‍ഷ്വറന്‍സ്, റിയല്‍ എസ്റ്റേറ്റ്, പ്രതിരോധം, നികുതി, നികുതി ഭരണം ലളിതമാക്കല്‍, പണം കൈമാറ്റം തുടങ്ങിയ പ്രധാനപ്പെട്ട നിരവധി വിഷയങ്ങളില്‍ സര്‍ക്കാര്‍ നിര്‍ണായകമായ തീരുമാനമാണ് നിലവില്‍ കൈക്കൊണ്ടിരിക്കുന്നത്. ചുരുങ്ങിയ 45 ദിവസമേ അധികാരത്തില്‍ എത്തിയിട്ട് ആകുന്നുള്ളൂ. ഈ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് എല്ലാവരെയും ഉള്‍ക്കൊള്ളിക്കുന്ന ബജറ്റിനാണ് തങ്ങള്‍ ശ്രമം നടത്തിയിരിക്കുന്നത്. വ്യക്തിഗത നികുതി കൂടുതല്‍ യുക്തിപരമായാണ് ബജറ്റില്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ ബജറ്റായിരുന്നു ഈ മാസം പാര്‍ലിമെന്റില്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ചത്. എന്നാല്‍ വ്യാപകമായ പ്രതിഷേധം ബജറ്റിനെതിരെയും അരുണ്‍ ജെയറ്റ്‌ലിക്കെതിരെയും ഇതിന്റെ പേരില്‍ ഉയര്‍ന്നിരുന്നു. ഇതിനുള്ള മറുപടിയായാണ് ഇപ്പോള്‍ ധനമന്ത്രി മൗനം ഭഞ്ജിച്ചിരിക്കുന്നത്.