Connect with us

Ongoing News

അബ്ദുന്നാസര്‍ മഅദനി ജയില്‍ മോചിതനായി

Published

|

Last Updated

ബാംഗ്ലൂര്‍: ബംഗളൂരു സ്‌ഫോടനക്കേസ് ചുമത്തപ്പെട്ട് കഴിഞ്ഞ നാല് വര്‍ഷമായി പരപ്പാന അഗ്രഹാര ജയിലില്‍ കഴിയുന്ന അബ്ദുന്നാസര്‍ മഅദനി ജയില്‍ മോചിതനായി. ഇന്ന് വൈകീട്ട് ഏഴരയോടെയാണ് അദ്ദേഹം പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. തുടര്‍ന്ന് മഅദനിയെ ബംഗളൂരുവിലെ സൗഖ്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുമ്പോഴും നീതിയുടെ വെളിച്ചം തനിക്ക് കിട്ടുന്നുവെന്ന് ജയില്‍ മോചനത്തിന് ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഈ പുണ്യമാസത്തില്‍ കിട്ടിയ ഏറ്റവും വലിയ പുണ്യമായാണ് താന്‍ ഇതിനെ കാണുന്നത്. ഇത് പ്രതീക്ഷിച്ചിരുന്നില്ല. കേരളത്തിലേക്കും അന്‍വാര്‍ശ്ശേരിയിലേക്കും വരിക എന്നുള്ളതാണ് തന്റെ സ്വപ്നം. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും കോടതിയുടെ ഉത്തരവ് പാലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബംഗളൂരു സ്‌ഫോടനക്കേസില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സുപ്രീം കോടതി മഅദനിക്ക് ഒരു മാസത്തെ സോപാധിക ജാമ്യം അനുവദിച്ചത്. എന്നാല്‍ നാല് കോടതികളില്‍ മഅദനിക്കെതിരെ പ്രൊഡക്ഷന്‍ വാറണ്ട് ഉണ്ടായിരുന്നതിനാല്‍ അന്ന് മോചനം സാധ്യമായില്ല. ഈ നിയമക്കുരുക്ക് മൂലം ഇന്നും മോചനം സാധ്യമാകില്ലെന്ന് കരുതിയിരുന്നുവെങ്കിലും കോഴിക്കോട് കോടതിയിലും എറണാകുളം കോടതിയിലും കോയമ്പത്തൂര്‍ കോടതിയിലുമുള്ള പ്രൊഡക്ഷന്‍ വാറണ്ടുകള്‍ നീങ്ങിയതോടെ മോചനത്തിന് വഴി ഒരുങ്ങുകയായിരുന്നു. ജാമ്യ വ്യവസ്ഥയില്‍ ബംഗളൂരുവില്‍ നിന്ന് പുറത്ത് പോവാന്‍ പാടില്ല എന്ന് പറഞ്ഞിട്ടുള്ളതിനാല്‍ പ്രൊഡക്ഷന്‍ വാറണ്ട് പിന്‍വലിക്കണമെന്ന അഭിഭാഷകന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് കോഴിക്കോട് സെഷന്‍സ് കോടതി പ്രൊഡക്ഷന്‍ വാറണ്ട് നീക്കിയത്.

2010 ആഗസ്റ്റ് 17നാണ് സ്‌ഫോടന കേസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അന്‍വാര്‍ശ്ശേരിയില്‍ നിന്ന് കര്‍ണാടക പൊലീസ് മഅ്ദനിയെ അറസ്റ്റ് ചെയ്തത്. നേരത്തെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സുപ്രീം കോടതി മഅദനിക്ക് ജാമ്യം അനുവദിച്ചിരുന്നു.

---- facebook comment plugin here -----

Latest