വനവിഭവത്തിലൂടെ ആദിവാസികള്‍ക്ക് ലഭിച്ചത് 25 ലക്ഷം രൂപ

Posted on: July 13, 2014 6:00 am | Last updated: July 12, 2014 at 10:56 pm

മാനന്തവാടി: വനവിഭവങ്ങള്‍ ശേഖരിച്ച് വില്‍പന നടത്തിയതിലൂടെ ആദിവാസികള്‍ക്ക് ലഭിച്ചത് 25 ലക്ഷം. തിരുനെല്ലി അപ്പപ്പാറ പ്രദേശങ്ങളിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ് ഈ വര്‍ഷം വനവിഭവ സമാഹരണത്തിലൂടെ 25 ലക്ഷം വരുമാനം നേടിയെടുത്തത്. ബേഗൂര്‍ റെയ്ഞ്ചിന് കീഴിലുള്ള വന പ്രദേശത്ത് നിന്നും സമാഹരിച്ച വനവിഭവങ്ങള്‍ തിരുനെല്ലി പട്ടിക വര്‍ഗ സഹകരണ സംഘത്തിന് നല്‍കിയാണ് വരുമാനം നേടിയത്. വനത്തില്‍ ലഭിക്കുന്ന തേന്‍, കുറുന്തോട്ടി, ചുണ്ട വേര്, ചീനിക്ക, കല്‍പ്പാശം തുടങ്ങിയവ സമാഹരിച്ച് സംഭരണ കേന്ദ്രമായ തിരുനെല്ലി പട്ടിക വര്‍ഗ സംഘത്തിന് നല്‍കിയത് മൂലം 25 ലക്ഷം രൂപയാണ് ആദിവാസി കുടുംബങ്ങളിലെത്തിയത്. കഴിഞ്ഞ വര്‍ഷം 150 രൂപക്ക് സമാഹരിച്ച തേന്‍ ഇപ്പോള്‍ 200 രൂപ നിരക്കിലാണ് സഹകരണ സംഘം സമാഹരിക്കുന്നത്. കൂടുതല്‍ തേനും മറ്റു കാട്ട് വിഭവങ്ങളും കൂടുതലായി ഈ വര്‍ഷം ലഭിച്ചതാണ് ആദിവാസികള്‍ക്ക് വരുമാനം കൂടാന്‍ കാരണം. ഈ വര്‍ഷം 3,600 ലിറ്റര്‍ തേനാണ് സംഘം ആദിവാസികളില്‍ നിന്ന് ശേഖരിച്ചത്. പ്രദേശത്തെ കുറുമ, പണിയ, കാട്ടുനായ്ക്ക വിഭാഗങ്ങളില്‍പ്പെട്ട 1300 ഓളം പേരാണ് സംഘത്തിലെ അംഗങ്ങള്‍. ഇവരില്‍ നിന്നാണ് സംഘം വനവിഭവങ്ങള്‍ ശേഖരിക്കുന്നത്. കേരളാ സംസ്ഥാന പട്ടിക വര്‍ഗ പട്ടിക ജാതി വികസന കോര്‍പ്പറേഷന്‍ വഴി ആയൂര്‍വേദ മരുന്ന് കമ്പനികള്‍ക്കായി തേന്‍ അടക്കമുള്ളവ ലേലം ചെയ്ത് വില്‍ക്കുകയാണ് ചെയ്യുന്നത്. ഇതിന് പുറമെ ലിറ്ററിന് 250 രൂപ നിരക്കില്‍ സംഘത്തില്‍ വെച്ചും ശുദ്ധമായ തേന്‍ വില്‍ക്കുന്നുണ്ട്. വില്‍പനയിലൂടെ ലഭിക്കുന്ന ലാഭ വിഹിതം സംഘം അംഗങ്ങളായ ആദിവാസികള്‍്ക് വിതരണം ചെയ്യുകയാണ് പതിവ്. 1982ല്‍ ആരംഭിച്ച സംഘത്തിന് ഈ വര്‍ഷം തേന്‍ സംഭരണത്തിലൂടെ മികച്ച വരുമാനമാണ് ലഭിച്ചത്.