തോട്ടം തൊഴിലാളികളുടെ വേതന വര്‍ധന നടപ്പാക്കണം: സി ഐ ടി യു

Posted on: July 13, 2014 6:00 am | Last updated: July 12, 2014 at 10:55 pm

വൈത്തിരി: തോട്ടംതൊഴിലാളികളുടെ വേതനവര്‍ധനവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് വയനാട് എസ്‌റ്റേറ്റ് ലേബര്‍ യൂണിയന്‍ (സിഐടിയു) ജില്ലാ എക്‌സിക്യൂട്ടിവ് യോഗം ആവശ്യപ്പെട്ടു. തൊഴിലാളികളുടെ അടിസ്ഥാനകൂലി 500 രൂപയാക്കണം. പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റിയാണ് (പിഎല്‍സി) മൂന്ന് വര്‍ഷത്തില്‍ ഒരിക്കല്‍ തൊഴിലാളികളുടെ കൂലി പുതുക്കി നിശ്ചയിക്കുന്നത്. എന്നാല്‍ ജൂണില്‍ നടന്ന പിഎല്‍സി യോഗത്തില്‍ തൊഴിലാളികളുടെ അധ്വാനഭാരം വര്‍ധിപ്പിച്ചാല്‍ മാത്രം വേതനവര്‍ധനവ് ചര്‍ച്ചചെയ്താല്‍ മതിയെന്ന നിലപാടാണ് തൊഴില്‍ വകുപ്പ് മന്ത്രി സ്വീകരിച്ചത്.
തൊഴിലാളികളെ സംരക്ഷിക്കുന്നതിന് പകരം തൊഴിലുടമകളെ സഹായിക്കുന്ന നിലപാടാണ് മന്ത്രി സ്വീകരിക്കുന്നത്. എല്ലാ വര്‍ഷവും കൂലി പുതുക്കി നല്‍കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണം. നിലവിലെ എഗ്രിമെന്റ് കാലവധി അവസാനിക്കാറായിട്ടും ചര്‍ച്ച ആരംഭിക്കാനുള്ള ശ്രമം തൊഴില്‍വകുപ്പിന്റെ ഭാഗത്ത് നിന്നുമില്ല. കൂലിവര്‍ധനവ് നടപ്പാക്കാതെ തോട്ടങ്ങളില്‍ പ്രതിസന്ധിയുണ്ടെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമമാണ് മനേജ്‌മെന്റുകളുടേത്. ഭൂരിപക്ഷവും സ്ത്രിതൊഴിലാളികളാണ് തോട്ടങ്ങളില്‍ തൊഴിലെടുക്കുന്നത്. ഇവര്‍ക്ക് കൂലിക്ക്പുറമേ പറിക്കുന്ന തേയിലക്ക് നല്‍കുന്ന തുക ഇന്നത്തെ കാലഘട്ടത്തില്‍ അപരാപ്ത്യമാണ്. ഇതിനും കാലനുസൃതമായി മാറ്റം വരുത്തണം. വിലക്കയറ്റം കൊണ്ട് ജുവിതം ദു:സഹമാകുമ്പോഴും തൊഴിലാളികള്‍ക്ക് ലഭിക്കുന്ന കൂലി 216 രൂപയാണ്.
തൊഴിലാളികള്‍ക്ക് നല്‍കുന്ന ക്ഷാമബത്തയുടെ കാര്യത്തിലും പൊളിച്ചെഴുത്ത് അനിവാര്യമാണ്. തൊഴിലാളികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാതെ പിഎല്‍സിയെ നോക്കുകുത്തിയാക്കി മാറ്റുന്ന സര്‍ക്കാര്‍ സമീപനം പ്രതിഷേധാര്‍ഹമാണ്.
ഇത്തരം നിലപാടുകള്‍ക്കെതിരെ യൂണിയന്‍ പ്രക്ഷോഭം ആരംഭിക്കും. യോഗത്തില്‍ എന്‍ സി പ്രസാദ് അധ്യക്ഷനായി. യൂണിയന്‍ ജനറല്‍ സെക്രട്ടറി പി ഗഗാറിന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി എച്ച് മമ്മി, കെ ടി ബാലകൃഷ്ണന്‍, വി വി ബേബി, യു കരുണന്‍, എം ജനാര്‍ദനന്‍ എന്നിവര്‍ സംസാരിച്ചു.