ഖുര്‍ആന്‍ ശാശ്വത വിജയത്തിന് വെളിച്ചം നല്‍കിയ വേദഗ്രന്ഥം: കാന്തപുരം

Posted on: July 12, 2014 12:28 am | Last updated: July 12, 2014 at 12:36 am

kanthapuramദുബൈ: മാനവ സമൂഹത്തിന് ശാശ്വത വിജയത്തിനുള്ള വെളിച്ചം നല്‍കിയ വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആനെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. ദുബൈ ഇന്റര്‍നാഷനല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ അതിഥിയായെത്തിയ കാന്തപുരം ദുബൈ ഖിസൈസ് ജംഇയ്യത്തുല്‍ ഇസ്‌ലാഹ് ഓഡിറ്റോറിയത്തില്‍ ‘വിശുദ്ധ ഖുര്‍ആന്‍ പ്രകാശം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു. പ്രഭാഷണം ശ്രവിക്കാന്‍ ദുബൈയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങള്‍ എത്തിയിരുന്നു.
ഖുര്‍ആനിലെ മാനവിക സന്ദേശത്തില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടാണ് ലോകത്തുടനീളം ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നേതൃത്വത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്. സൗജന്യ വിദ്യാഭ്യാസം നല്‍കുന്ന ദുബൈ കെയര്‍ പദ്ധതി, കണ്ണിന് ശസ്ത്രക്രിയക്ക് സൗജന്യമായി അവസരമൊരുക്കിയ നൂര്‍ ദുബൈ എന്നിവ എടുത്തുപറയേണ്ടതാണ്. ഇന്ത്യയടക്കം ഒരുപാടു രാജ്യങ്ങളിലെ ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് പുത്തനുടയാട നല്‍കി ലോകത്തിനു മുന്നില്‍ ശൈഖ് മുഹമ്മദ് മാതൃകയായത് ഖുര്‍ആനിന്റെ സന്ദേശങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ്. പദ്ധതിയുടെ ഭാഗമായി അറുപതിനായിരം കുട്ടികള്‍ക്ക് കോഴിക്കോട് ആസ്ഥാനമായ മര്‍കസ് മുഖേനെ പുതുവസ്ത്രം വിതരണം ചെയ്തിരുന്നു. കുടിവെള്ള ദൗര്‍ലഭ്യത ഭീഷണിയായി നിലനിന്ന സാഹചര്യത്തിലാണ് ഖുര്‍ആന്‍ വെളിച്ചം വീശിയ ഏറ്റവും വലിയ പുണ്യകര്‍മമായ കുടിവെള്ളമെത്തിക്കുന്ന പദ്ധതിയുമായി ശൈഖ് മുഹമ്മദ് കടന്നുചെല്ലുന്നത്. കാന്തപുരം പറഞ്ഞു.
ദുബൈ മര്‍കസ് പ്രസിഡന്റ് എ കെ അബൂബക്കര്‍ മൗലവി കട്ടിപ്പാറ അധ്യക്ഷം വഹിച്ചു. ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഡോ. ആരിഫ് അബ്ദുല്‍ കരീം ജുല്‍ഫാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, ജമ്മു കാശ് മീര്‍ എം എല്‍ എമാരായ ഡോ. ബശാറത് അഹ്മദ് ബുഖാരി, ശഫീഅ് അഹ്മദ് വാണി പ്രസംഗിച്ചു.