പാചക വാതക ബോട്ട്‌ലിംഗ് അവശ്യ സര്‍വീസാക്കുന്നു

Posted on: July 12, 2014 12:10 am | Last updated: July 12, 2014 at 12:10 am

തിരുവനന്തപുരം: നിരന്തരം സമരങ്ങളെ തുടര്‍ന്ന് പാചകവാതക വിതരണം തടസ്സപ്പെടുന്ന സാഹചര്യത്തില്‍ പാചകവാതക ബോട്ട്‌ലിംഗ് പ്ലാന്റുകളുടെ പ്രവര്‍ത്തനം അവശ്യ സര്‍വീസായി പ്രഖ്യാപിക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നു. പാചകവാതക വിതരണം അവശ്യ സര്‍വീസായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കെ എന്‍ എ ഖാദറിന്റെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി നല്‍കവെ മന്ത്രി അനൂപ് ജേക്കബാണ് ഇക്കാര്യം അറിയിച്ചത്. ബോട്ട്‌ലിംഗ് പ്ലാന്റുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സേവന വേതന വിതരണ വ്യവസ്ഥകള്‍ പരിഷ്്കരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

തൊഴിലാളികളുടെ സമരം കാരണം ബോട്ട്‌ലിംഗ് പ്ലാന്റുകളുടെ പ്രവര്‍ത്തനം മുടങ്ങുന്നതിന് ശാശ്വത പരിഹാരം കാണാന്‍ മുഖ്യമന്ത്രി ഈ മാസം 23ന് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂണ്‍ പന്ത്രണ്ടിന് വിളിച്ചു ചേര്‍ത്ത മലപ്പുറം ചേളാരി ഇന്ത്യന്‍ ഓയില്‍ പ്ലാന്റിലെ അധികൃതരുടെയും കരാറുകാരുടെയും യോഗത്തില്‍ പാചകവാതക വിതരണം സ്തംഭിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സര്‍ക്കാര്‍ എണ്ണക്കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു.
മലപ്പുറം കോഴിക്കോട്, കണ്ണൂര്‍ വയനാട്, കാസര്‍കോട് ഉള്‍പ്പെടെയുള്ള ജില്ലകളിലേക്കുള്ള പാചകവാതക വിതരണം ചേളാരി ഇന്ത്യന്‍ ഓയില്‍ കമ്പനി പ്ലാന്റില്‍ നിന്നാണ്. ഈ ജില്ലകളില്‍ വിതരണം ചെയ്യാവുന്നതിനേക്കാള്‍ പാചകവാതക സിലിന്‍ഡറുകള്‍ ഉത്പാദിപ്പിക്കാനുള്ള ശേഷി ഈ പ്ലാന്‍ിനുണ്ട്. പ്ലാന്റിലെ തൊഴിലാളികളുടെ ഇടക്കിടെയുള്ള സമരം കാരണം പാചകവാത വിതരണം സ്തംഭിക്കുന്ന കാര്യം സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ബോട്ട്‌ലിംഗിന് കരാറെടുത്തിട്ടുള്ളവരാണ് തൊഴിലാളികളെ നിയമിക്കുന്നത്. വേതന വര്‍ധന ആവശ്യപ്പെട്ടാണ് ഇവര്‍ പലപ്പോഴും സമരം നടത്തുന്നത്.
വേതനവുമായി ബന്ധപ്പെട്ട് കരാര്‍ ഉണ്ടെങ്കിലും കരാറിന്റെ കാലാവധി മൂന്ന് വര്‍ഷം മാത്രമാണ്. ചേളാരി പ്ലാന്റിലെ പ്രശ്‌നം പരിഹരിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തത്കാലം ഇവിടുത്തെ പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞെങ്കിലും സ്ഥിരമായ പരിഹാരമുണ്ടാക്കാനായിട്ടില്ല. കഴിഞ്ഞ മാസം 11 മുതല്‍ ഇക്കഴിഞ്ഞ മൂന്ന് വരെയുളള തീയതികളില്‍ രണ്ട് തവണയായി ഇരുപത് ദിവസത്തോളം ചേളാരി പ്ലാന്റിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടിരുന്നു.