സന്ദര്‍ശന വിസയില്‍ എത്തി വീടുകളില്‍ മോഷണം: നാലു പേര്‍ അറസ്റ്റില്‍

Posted on: July 11, 2014 9:41 pm | Last updated: July 11, 2014 at 9:41 pm

ദുബൈ: വീടുകളില്‍ മോഷണം നടത്തിയ നാലംഗ സംഘത്തെ ദുബൈ പോലീസ് പിടികൂടി. വിവിധ മേഖലകളിലെ വീടുകളില്‍ നിന്നായി 30 ലക്ഷം ദിര്‍ഹത്തോളം വില വരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കിഴക്കന്‍ യൂറോപ്പില്‍ നിന്നുള്ള നാലു പേരാണ് അറസ്റ്റിലായതെന്ന് ദുബൈ പോലീസ് മേധാവി മേജര്‍ ജനറല്‍ ഖമിസ് മത്തര്‍ അല്‍ മസീനി വ്യക്തമാക്കി. മോഷണം നടത്തുന്നതില്‍ വൈദഗ്ധ്യം നേടിയവരാണ് അറസ്റ്റിലായവരെന്ന് ദുബൈ പോലീസിന്റെ കുറ്റകൃത്യ വിഭാഗവും വ്യക്തമാക്കി. വീട്ടുലുള്ളവര്‍ ജോലിക്ക് പോകുന്ന പകല്‍ സമയങ്ങളിലായിരുന്നു ഇവര്‍ മോഷണം നടത്തിയിരുന്നത്. മോഷണം നടത്താന്‍ പദ്ധതിയിട്ടാല്‍ ആ വീടും പരിസരവും കര്‍ശനമായി നിരീക്ഷിച്ചായിരുന്നു ഇവരുടെ ഓപറേഷന്‍ അരങ്ങേറിയിരുന്നതെന്നത്.
ദുബൈയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് അടിക്കടി മോഷണം നടക്കുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് സംഘത്തെ പിടികൂടുന്നതില്‍ കലാശിച്ചതെന്ന് കുറ്റാന്വേഷണ വിഭാഗം ഉപമേധാവി മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹീം അല്‍ മസ്‌റൂഇ വെളിപ്പെടുത്തി. വീട്ടില്‍ ആളില്ലാത്ത സമയത്ത് എത്തുന്ന മോഷ്ടാക്കള്‍ വീട് കുത്തിതുറന്നാണ് മോഷണം നടത്തിയിരുന്നതെന്നും പോലീസിന് നല്‍കിയ പരാതികളില്‍ സൂചിപ്പിച്ചിരുന്നു. മോഷണം ലക്ഷ്യമാക്കി സന്ദര്‍ശന വിസയില്‍ എത്തിയവരാണ് ഇവര്‍. നൈഫിലെ ഒരു ഹോട്ടലിലായിരുന്നു ഇവരുടെ താമസം. കുറ്റാന്വേഷണ വിഭാഗത്തിന്റെ പട്രോള്‍സ് വിഭാഗം മോഷണം നടന്ന സ്ഥലങ്ങളില്‍ നടത്തിയ പരിശോധനകളിലാണ് പല മോഷണ രീതികളിലും സമാനത ദൃശ്യമായത്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം മോഷ്ടാക്കളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനത്തിന് രൂപം നല്‍കുകയായിരുന്നു.
സംഘത്തെ നിരീക്ഷണത്തിലാക്കിയ പോലീസ് മോഷ്ടിച്ച ആഭരണങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നത് തടയുന്നതിലും വിജയിക്കുകയും ഒടുവില്‍ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഓരോ മോഷണത്തിനും ശേഷം സംഘം ഉല്ലാസത്തിനെന്ന വ്യാജേന കടല്‍ക്കരയില്‍ എത്തി പ്രത്യേക സ്ഥലത്ത് മോഷണ മുതല്‍ കുഴിച്ചിടുകയായിരുന്നു. മോഷ്ടിച്ച വസ്തുക്കള്‍ കുഴിച്ചിടുന്നതിനിടയിലാണ് സംഘത്തെ തൊണ്ടി സഹിതം പിടികൂടിയത്.
പ്രതികളെ പ്രോസിക്യൂഷന് കൈമാറിയിരിക്കയാണ്. പോലീസില്‍ എത്തിയ ഉടമകള്‍ ആഭരണങ്ങള്‍ തിരിച്ചറിഞ്ഞ് തിരിച്ചുകൊണ്ടുപോകുന്നതായും അല്‍ മസ്‌റൂയി വെളിപ്പെടുത്തി. മോഷ്ടാക്കളില്‍ നിന്നു ലഭിച്ച വസ്തുക്കളെക്കുറിച്ച് എമിറേറ്റിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളിലും അറിയിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ഉടമകള്‍ തെളിവ് സഹിതം എത്തി അവ തിരികേ വാങ്ങണം. കെട്ടിടങ്ങളുടെ പരിസരത്ത് സംശയകരമായ സാഹചര്യത്തില്‍ കാണുന്നവരെക്കുറിച്ച് അറിയിക്കണമെന്ന് കാവല്‍ക്കാരോട് മേജര്‍ ജനറല്‍ ഖലീല്‍ അഭ്യര്‍ഥിച്ചു.