ലീഗ് മന്ത്രിമാരുടെ വകുപ്പുമാറ്റം: വാര്‍ത്ത അടിസ്ഥാനരഹിതം – മന്ത്രി എം കെ മുനീര്‍

Posted on: July 11, 2014 12:59 am | Last updated: July 11, 2014 at 12:59 am

mk-muneer3തിരുവനന്തപുരം: ലീഗ് മന്ത്രിമാര്‍ വകുപ്പുകള്‍ വെച്ചു മാറുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് എം കെ മുനീര്‍. വകുപ്പുമാറ്റം പാര്‍ട്ടി ആലോചിച്ചിട്ടില്ല. ലീഗിന്റെ കാര്യങ്ങള്‍ ലീഗാണ് തീരുമാനിക്കുക. ഇത്തരം വിഷയങ്ങള്‍ പാര്‍ട്ടി ഇതുവരെ ചര്‍ച്ചചെയ്തിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
കേരളത്തോട് പ്രതികാരത്തോടെ പെരുമാറുന്നതുപോലെയാണ് കേന്ദ്ര ബജറ്റിന്റെ ആകെത്തുകയെ വിലയിരുത്തുന്നതെന്ന് മന്ത്രി ഡോ. എം കെ മുനീര്‍. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. റെയില്‍വെ ബജറ്റ് വന്നപ്പോള്‍ തന്നെ നടുവൊടിഞ്ഞ സ്ഥിതിയിലായിരുന്നു. ഇപ്പോള്‍ സംസ്ഥാനത്തെ പാടേ അവഗണിച്ചു. കഴിഞ്ഞ സര്‍ക്കാറിന്റെ പരാധീനതകള്‍ പറഞ്ഞ് അധികാരത്തിലെത്തിയവര്‍ സാധാരണ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടികളാണ് സ്വീകരിച്ചുവരുന്നത്. കോര്‍പറേറ്റുകളെ സഹായിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കുടുംബശ്രീ പ്രവര്‍ത്തകര്‍ ആരോഗ്യവകുപ്പിലെ നിയമനവുമായി ബന്ധപ്പെട്ട് നടത്തി വരുന്ന സമരത്തെ കുറിച്ച് മാധ്യമങ്ങളില്‍ കണ്ട അറിവ് മാത്രമാണുള്ളതെന്നും അവര്‍ പരാതി നല്‍കിയാല്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. കുടുംബശ്രീ പ്രവര്‍ത്തകരുടെ പരാതി കേട്ട ശേഷം അവരെ പുനരധിവസിപ്പിക്കേണ്ടതുണ്ടെങ്കില്‍ അതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.