ചീഫ് സെക്രട്ടറിയുടെ ഭാര്യക്കും തൃശൂര്‍ കലക്ടര്‍ക്കുമെതിരെ അന്വേഷണം വേണം: വിജിലന്‍സ് കോടതി

Posted on: July 10, 2014 2:23 am | Last updated: July 10, 2014 at 2:23 am

തൃശൂര്‍: വില കുറച്ച് വസ്തു വിറ്റ പരാതിയില്‍ ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷന്റെ ഭാര്യക്കും തൃശൂര്‍ ജില്ലാ കലക്ടര്‍ക്കുമെതിരെ അന്വേഷണം നടത്താന്‍ തൃശ്ശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ്. ഭരത്ഭൂഷന്റെ ഭാര്യ രഞ്ജന, തൃശൂര്‍ ജില്ലാ കലക്ടര്‍ എം എസ് ജയ എന്നിവര്‍ക്കെതിരെയാണ് വിധി.
കലക്ടര്‍ ഒന്നാം പ്രതിയും ഭരത്ഭൂഷന്റെ ഭാര്യ നാലാം പ്രതിയുമാണ്. തൃശൂര്‍ ജില്ലാ പഞ്ചായത്തംഗം അഡ്വ. വിദ്യ സംഗീത് നല്‍കിയ പരാതിയിലാണ് ജഡ്ജി കെ ഹരിപാലിന്റെ ഉത്തരവ്. ന്യായവില കുറച്ച് വസ്തു വിറ്റതിലൂടെ സര്‍ക്കാറിന് സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ ലഭിക്കേണ്ട ലക്ഷങ്ങള്‍ നഷ്ടപ്പെടുത്തിയെന്നാണ് ആക്ഷേപം.
ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷന്റെ ഭാര്യ രഞ്ജനയുടെ പേരില്‍ തൃശ്ശൂര്‍ നഗരത്തിലെ പാട്ടുരായ്ക്കലിലുള്ള ഭൂമി വില്‍ക്കുന്നതിന് ന്യായവിലയില്‍ 50 ശതമാനം ഇളവ് നല്‍കിയെന്നായിരുന്നു പരാതി.
ഇവിടെ സര്‍ക്കാര്‍ നിശ്ചയിച്ച ന്യായവിലയായ 24,70,000 രൂപ എന്നത് 12,35,000 എന്ന നേര്‍ പകുതി വിലയാക്കി ന്യായവിലക്ക് കലക്ടര്‍ പ്രത്യേക ഉത്തരവ് നല്‍കി. ഇതിന് ചീഫ് സെക്രട്ടറിയുടെ ഔദ്യോഗിക പദവി ഭരത്ഭൂഷണ്‍ ദുരുപയോഗം ചെയ്ത് കലക്ടറെ സ്വാധീനിച്ചുവെന്ന് ഹരജിയില്‍ ആരോപിക്കുന്നു. ന്യായവില നിശ്ചയിച്ചു നല്‍കാനായി രഞ്ജന 2011ല്‍ നല്‍കിയ അപേക്ഷയില്‍ ഈ വര്‍ഷം ജൂണ്‍ ഒന്നിനാണ് ന്യായവില കുറച്ചുള്ള പ്രത്യേക ഉത്തരവിറക്കിയത്. ഉത്തരവിറങ്ങി ജൂണ്‍ 30ന് ഭൂമിയുടെ രജിസ്‌ട്രേഷനും നടന്നു. എന്നാല്‍ രഞ്ജന നല്‍കിയ അപേക്ഷയുടെ കാലാവധി 2011 മാര്‍ച്ച് 31ന് കഴിഞ്ഞതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കലക്ടര്‍ ന്യായ വിലകുറച്ച് നല്‍കാന്‍ അനുമതി നല്‍കിയെന്നതും ശ്രദ്ധേയം. മാത്രവുമല്ല, ഉത്തരവ് പ്രകാരമുള്ള ന്യായവില രഞ്ജനയുടെ ഭൂമിക്ക് മാത്രമേ ബാധകമായിരിക്കൂ എന്നും സമീപ ഭൂമിക്ക് ബാധകമല്ലെന്നും കലക്ടര്‍ ഉത്തരവില്‍ പറയുന്നു.
ഭൂമിയുടെ ന്യായവില കുറക്കണമെന്നാവശ്യപ്പെട്ടുള്ള നിരവധി അപേക്ഷകള്‍ കെട്ടിക്കിടക്കവെയാണ് പ്രത്യേക ഉത്തരവിലൂടെ രഞ്ജനയുടെ അപേക്ഷയില്‍ കലക്ടര്‍ പ്രത്യേക ഉത്തരവിറക്കിയതെന്ന് വിദ്യ ആരോപിച്ചു. കലക്ടര്‍ എം എസ് ജയയും എ ഡി എം ശെല്‍വരാജ്, തൃശൂര്‍ വില്ലേജ് ഓഫീസര്‍ രഘുനന്ദനന്‍ എന്നിവരും ഗൂഢാലോചന നടത്തി ചീഫ് സെക്രട്ടറിയുടെ ഭാര്യക്ക് ധനസമ്പാദനത്തിനുള്ള അവസരമൊരുക്കിയെന്നും ഇതിലൂടെ സര്‍ക്കാറിന് ലഭിക്കേണ്ട നികുതി തുക നഷ്ടപ്പെടുത്തിയെന്നും ഹരജിയിലുണ്ട്. എ ഡി എമ്മിനെ രണ്ടാം പ്രതിയാക്കിയും തൃശ്ശൂര്‍ വില്ലേജ് ഓഫീസറെ മൂന്നാം പ്രതിയാക്കിയുമാണ് അന്വേഷണത്തിന് നിര്‍ദേശിച്ചിരിക്കുന്നത്. കേസ് ഒക്ടോബര്‍ ഒമ്പതിന് വീണ്ടും പരിഗണിക്കും.