കൊച്ചിയിലെ തീന്‍മേശകളിലേക്ക് ‘സുനാമി’ ഇറച്ചി വ്യാപകമായി എത്തുന്നു

Posted on: July 10, 2014 6:00 am | Last updated: July 10, 2014 at 2:21 am

കൊച്ചി: നഗരത്തിലെ ഹോട്ടലുകളിലെ തീന്‍മേളകളിലെത്തുന്നത് മാസങ്ങളോളം പഴകിയ ഇറച്ചിയും മീനും. അന്യസംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നു പോലും ഉപയോഗശൂന്യമായ ഇറച്ചി കൊച്ചിയില്‍ എത്തിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ഇത് നിയന്ത്രിക്കാനുള്ള ഒരു സംവിധാനവും കൊച്ചിയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. പോലീസ് പ്രത്യേക സ്‌ക്വാഡുണ്ടാക്കി അന്വേഷിച്ചാല്‍ മാത്രം കണ്ടെത്താന്‍ കഴിയുന്ന വലിയൊരു മാഫിയ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് ഇറച്ചി വിപണിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.
ആന്ധ്ര, കര്‍ണാടക അതിര്‍ത്തിയിലെ മീറ്റ് പ്രോസസിംഗ് കമ്പനികളില്‍ ബാക്കി വരുന്ന ഉപയോഗ ശൂന്യമായ ഇറച്ചി വന്‍തോതിലാണ് കൊച്ചിയിലേക്ക് എത്തുന്നത്. ഇത്തരം കമ്പനികളില്‍ നിന്ന് ചുളുവിലക്ക് വാങ്ങുന്ന ഏജന്റുമാര്‍ കൊച്ചിയടക്കമുള്ള പ്രധാന നഗരങ്ങളില്‍ എത്തിച്ച് മറിച്ചു വില്‍ക്കുകയാണ് ചെയ്യുന്നത്. വലിയ ലാഭം കിട്ടുന്ന ഇടപാടായതിനാല്‍ ഇറച്ചി വില്‍പ്പന നടത്തുന്ന പലരും ഇത്തരം സുനാമി ഇറച്ചി വാങ്ങി വില്‍ക്കുന്നത് പതിവാക്കി. നല്ല ഇറച്ചിയും പഴകിയ ഇറച്ചിയും കൂട്ടിക്കലര്‍ത്തിയാണ് പലരും ഹോട്ടലുകളില്‍ വില്‍പ്പനക്കെത്തിക്കുന്നത്. ഇതാണ് നഗരത്തിലെ ഹോട്ടലുകളിലെ തീന്‍മേശകളില്‍ ആവശ്യത്തിലധികം മസാലയും രുചി കൂട്ടാനുള്ള ഹാനികരമായ ചേരുവകളും ചേര്‍ത്ത് ഫ്രൈയായും ചില്ലിയായും റോസ്റ്റായും വിളമ്പുന്നത്
വിദേശത്തു നിന്ന് കണ്ടെയ്‌നറുകളിലാണ് കോഴിയിറച്ചിയും താറാവിറച്ചിയും എത്തുന്നത്. ഇന്തോനേഷ്യ പോലുള്ള രാജ്യങ്ങളില്‍ നിന്ന് ഡ്രസ് ചെയ്ത് ഫ്രീസ് ചെയ്ത് പാക്കറ്റുകളില്‍ എത്തിക്കുന്ന ഇറച്ചിക്ക് ആറ് മാസത്തിലധികം പഴക്കമുണ്ടാകും. ഹോട്ടലുകളില്‍ തുടയിറച്ചിക്കായി കാല് എടുത്ത ശേഷം വരുന്ന ഭാഗവും കാലാവധി കഴിഞ്ഞ് ഉപേക്ഷിക്കുന്ന ഇറച്ചിയുമാണ് വിദേശത്ത് നിന്ന് ഇടനിലക്കാര്‍ വാങ്ങി കൊച്ചിയിലെത്തിക്കുന്നത്. ഇത് പ്രാദേശിക ഇറച്ചി വില്‍പ്പന കേന്ദ്രങ്ങളില്‍ വരെ എത്തുന്നുണ്ട്.
അടുത്തിടെ ആരോഗ്യവകുപ്പും നഗരസഭയിലെ ആരോഗ്യവിഭാഗവും നടത്തിയ പരിശോധനകളില്‍ സുനാമി ഇറച്ചിയുടെ ഉറവിടം തേടി കാര്യമായി മുന്നോട്ടുപോകാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ കേടു കൂടാതെ ഇരിക്കുന്നതിനായി ഉപയോഗിക്കുന്ന ഫോര്‍മലിന്‍ വരെ മാംസം കേടുകൂടാതെ സൂക്ഷിക്കാനായി ഉപയോഗിക്കുന്നുവെന്നാണ് പരിശോധനകളില്‍ ലഭിച്ച വിവരം.
പ്രതിദിനം മൂന്ന് ടണ്ണോളം ഇറച്ചിയാണ് കൊച്ചിയിലെ തീന്‍മേശകളില്‍ എത്തുന്നത്. ഇറച്ചി വ്യാപാര രംഗത്തുള്ളവരുടെ കണക്കാണിത്. എന്നാല്‍ ഒരു ആധുനിക അറവുശാല പോലും കൊച്ചിയിലില്ല എന്നത് നഗരവാസികളുടെ ദുര്യോഗമാണ്.