Connect with us

Ongoing News

നികുതി പിഴക്ക് ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ സ്റ്റേ നല്‍കുന്നതിനെതിരെ നിയമ ഭേദഗതി

Published

|

Last Updated

തിരുവനന്തപുരം: നികുതി പിഴ ചുമത്തിയതിന് ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ സ്റ്റേ നല്‍കുന്നത് തടയാന്‍ വാറ്റ് നിയമത്തില്‍ ഭേദഗതി കൊണ്ടുവരികയാണെന്ന് ധനമന്ത്രി കെ എം മാണി. സര്‍ക്കാറിന് ലഭിക്കേണ്ട ഒരു ചില്ലിക്കാശ് പോലും നഷ്ടപ്പെടുത്തില്ലെന്നും ധന കാര്യബില്‍ ചര്‍ച്ചക്ക് മറുപടി പറയവെ മന്ത്രി വ്യക്തമാക്കി.
കോഴി വ്യാപാരിയായ തൃശൂരിലെ തോംസണ്‍ ഗ്രൂപ്പിന് ചുമത്തിയ 65 കോടി രൂപയുടെ നികുതി പിഴ പിരിച്ചെടുക്കുന്നത് അട്ടിമറിച്ചെന്ന മുന്‍ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
നികുതി പിഴ പിരിക്കുന്നത് ഡെപ്യൂട്ടി കമ്മീഷണര്‍ സ്റ്റേ ചെയ്തതാണ്. ഇതിനെതിരെ ആറ് അപ്പീലുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. തോമസ് ഐസക്ക് മന്ത്രിയായപ്പോഴും ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ സ്റ്റേ അനുവദിച്ചിട്ടുണ്ട്. ഭാവിയില്‍ ഇത് ആവര്‍ത്തിക്കാതിരിക്കാനാണ് നിയമ ഭേദഗതിയെന്നും മന്ത്രി അറിയിച്ചു.
നികുതി പിഴ പിരിക്കുന്നത് അട്ടിമറിച്ചതിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും ഐസക്ക് ആവശ്യപ്പെട്ടു. അന്വേഷണത്തിന് തയാറായില്ലെങ്കില്‍ മന്ത്രിക്കും ഇതില്‍ പങ്കുണ്ടെന്ന് സംശയിക്കേണ്ടി വരും. ഇതില്‍ അഞ്ച് കോടി രൂപയുടെ കോഴ ഇടപാട് നടന്നുവെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്.
നികുതി വെട്ടിപ്പ് അന്വേഷിച്ച മൂന്നംഗ സമിതിയെ നികുതി കമ്മീഷണര്‍ പോലും അറിയാതെ മൂന്ന് തവണ സ്ഥലം മാറ്റി. കമ്മീഷണര്‍ ഇടപെട്ടാണ് സമിതിയെ പുനഃസ്ഥാപിച്ചത്. സമ്മര്‍ദങ്ങളും തടസ്സങ്ങളും അതിജീവിച്ച് സമര്‍പ്പിച്ച അന്വേഷണ റിപോര്‍ട്ടിനെതിരെ നികുതി വെട്ടിപ്പുകാര്‍ പല കോടതികളെയും സമീപിച്ചെങ്കിലും അനുകൂല വിധി ലഭിച്ചില്ല. കോടതി നിര്‍ദേശിച്ച ആറ് കോടി രൂപ കെട്ടിവെക്കേണ്ടിയും വന്നു. പിഴ ചുമത്തിയതിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ച ഉദ്യോഗസ്ഥനെയും സ്വാധീനിക്കാന്‍ ശ്രമം നടന്നു. ഇതിന് വഴങ്ങാതിരുന്ന ഉദ്യോഗസ്ഥനെ രണ്ട് തവണ സ്ഥലം മാറ്റി. പറഞ്ഞാല്‍ കേള്‍ക്കുന്നയാളെയാണ് പിന്നീട് നിയമിച്ചത്. ഇയാള്‍ പരാതിയില്‍ വാദം കേട്ട് തൊട്ടടുത്ത ദിവസം നടപടി നീട്ടിവെക്കാന്‍ നിര്‍ദേശിക്കുന്ന നൂറ് പേജുള്ള ഉത്തരവ് ഇറക്കി. പരാതിക്കാരുടെ അഭിഭാഷകന്റെ ഓഫീസിലാണ് ഉത്തരവ് തയാറാക്കിയത്. ഈ വിധി സ്റ്റേ ചെയ്യാന്‍ വകുപ്പ് തയാറായില്ല. ഒരു വര്‍ഷമായി അപ്പീലിന് നടപടികളും സ്വീകരിക്കാതിരുന്നതോടെ കെട്ടിവെച്ച പണം തിരികെ കിട്ടാന്‍ കോടതിയെ സമീപിച്ചിരിക്കുകയാണെന്നും ഐസക്ക് ആരോപിച്ചു. എം എല്‍ എമാരുടെ ആസ്തി വികസന ഫണ്ടിലെ പ്രവൃത്തിയുടെ പരിധി പത്ത് ലക്ഷമാക്കി കുറക്കാന്‍ നടപടി സ്വീകരിക്കുമെന്നും കരാറുകാരുടെ കുടിശ്ശികയില്‍ ഒരു വിഹിതം ഉടന്‍ കൊടുക്കുമെന്നും മന്ത്രി അറിയിച്ചു.