Connect with us

Articles

കെട്ടിടം, വാഹനം, റിയല്‍ എസ്റ്റേറ്റ്...

Published

|

Last Updated

പറമ്പ്, കെട്ടിടം, വാഹനം പോലുള്ളവ “വില കെട്ടി” സകാത്ത് നല്‍കേണ്ട മുതലുകളല്ല. ഇതിലൂടെ ലഭിക്കുന്ന ആദായങ്ങള്‍ സകാത്ത് നിര്‍ബന്ധമാകാനുള്ള തുകയുണ്ടാകുകയും ഒരു വര്‍ഷം ആ തുക കൈവശം വെക്കുകയും ചെയ്താല്‍ അവക്ക് സകാത്ത് നല്‍കണം. എന്നാല്‍ ഇവ കച്ചവടച്ചരക്കായി മാറുമ്പോള്‍ വില കണക്കാക്കി സകാത്ത് നല്‍കണം. റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാര്‍ വില്‍പ്പന ഉദ്ദേശിച്ച് വാങ്ങിയിടുന്ന പറമ്പുകളും കെട്ടിടങ്ങളും വാഹനങ്ങളും ഒരു വര്‍ഷം കഴിഞ്ഞാല്‍ ലഭിക്കാന്‍ സാധ്യതയുള്ള വില കൂട്ടി സകാത്ത് നല്‍കണം. ഇത് മുഖേന വന്‍ തുക സാധുക്കളിലേക്ക് ഒഴുകാന്‍ അവസരമുണ്ടാകും.
ഇതുപോലെ തേങ്ങ, അടയ്ക്ക, കുരുമുളക്, കശുവണ്ടി എന്നിവ കൃഷി ചെയ്യുന്ന കര്‍ഷകന്‍ അവക്ക് സകാത്ത് കൊടുക്കേണ്ടതില്ല. പച്ചക്കറികളിലും സകാത്ത് നിര്‍ബന്ധമാക്കുന്ന സ്വഹീഹായ ഒരു ഹദീസും പ്രവാചകനില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടില്ലെന്ന് ഇമാം തിര്‍മുദി (റ) രേഖപ്പെടുത്തിയിട്ടുണ്ട്. കാരണം ഇവയൊന്നും മുഖ്യ ആഹാരമോ ജനങ്ങള്‍ സൂക്ഷിച്ചുവെക്കുന്ന വസ്തുക്കളോ അല്ല. എത്ര ഉത്പാദിപ്പിച്ചാലും ഉടന്‍ വിപണിയിലെത്തുകയും ആളുകള്‍ക്ക് വാങ്ങി ഉപയോഗിക്കാന്‍ സൗകര്യപ്പെടുകയും ചെയ്യും. എന്നാല്‍ ഈ കര്‍ഷകര്‍ അവരുടെ ഉത്പന്നം വിറ്റാല്‍ ലഭിക്കുന്ന പണം ഒരു വര്‍ഷം സൂക്ഷിച്ചാല്‍ അതിന് സകാത്ത് നല്‍കണം. ഈ പറഞ്ഞ ഉത്പന്നങ്ങളും കച്ചവടച്ചരക്കുകളായി മാറുമ്പോള്‍ അവക്ക് സകാത്ത് വേണം. റബ്ബര്‍, തേങ്ങ, കൊപ്ര തുടങ്ങിയ സാധനങ്ങള്‍ വാങ്ങി ബിസിനസ് നടത്തുന്നവര്‍ അതിന് കച്ചവടത്തിന്റെ സകാത്ത് നല്‍കണം.
അരി, ഗോതമ്പ്, മുത്താറി, കടല തുടങ്ങി മുഖ്യാഹാരമായി ഉപയോഗിക്കുന്നതും സൂക്ഷിച്ചുവെക്കാന്‍ പറ്റുന്നതുമായ ധാന്യങ്ങളിലും കാരക്ക, മുന്തിരി എന്നീ പഴവര്‍ഗങ്ങളിലും മാത്രമാണ് കൃഷിയിനത്തില്‍ സകാത്തുള്ളത്. ഒരു വര്‍ഷത്തെ മൊത്തം വിളകളെ ഒന്നായാണ് പരിഗണിക്കേണ്ടത്. മകരം, കന്നി, പുഞ്ച എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളില്‍ നെല്‍ കൃഷി ചെയ്യുന്ന പതിവ് കേരളത്തിലുണ്ട്. ഇതില്‍ കൂലിയായി നെല്ല് കൊടുത്തിട്ടുണ്ടെങ്കില്‍ അതും കൂടി മൊത്തം 600 സ്വാഅ്(1920 ലിറ്റര്‍) ഉണ്ടെങ്കില്‍ ഇത് കൃഷി ചെയ്യുന്നതിന് നനക്കാന്‍ ചെലവ് വന്നിട്ടില്ലെങ്കില്‍ 10 ശതമാനവും ചെലവ് വന്നിട്ടുണ്ടെങ്കില്‍ അഞ്ച് ശതമാനവും പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യണം. ചെറുകിട കര്‍ഷകര്‍ നല്‍കേണ്ടതില്ല. ഗ്രാമങ്ങളിലെ പട്ടിണി മാറ്റാനും ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും ഇതുപകരിക്കുന്നു.
മനുഷ്യന്‍ സസ്യമാംസാഹാരങ്ങള്‍ കഴിക്കുന്നവരാണ്. മാംസത്തിന് ലോകത്ത് കൂടുതലായും ഉപയോഗിക്കുന്നത് ആട്, മാട്, ഒട്ടകം എന്നിവയാണ്. ക്ഷീരോത്പാദനവും ഇവയില്‍ നിന്നാണ്. അതുകൊണ്ടു തന്നെ, ഇത് ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട ഒരു സുപ്രധാന ധനമായാണ് ഇസ്‌ലാം കണക്കാക്കുന്നത്. ചെറിയ തോതില്‍ കന്നുകാലികളെ വളര്‍ത്തുന്നവരോട് സകാത് ചോദിക്കുന്നില്ല. 40 ആടുകളെ ഒരു ഒരു വര്‍ഷം ഉടമസ്ഥതയില്‍ വെച്ചാല്‍ ഒരാടിനെ സകാത്തായി നല്‍കണം. 30 പശുക്കളുണ്ടായാല്‍ ഒരു പശുവിനെയും കൊടുക്കണം. കുറവാണെങ്കില്‍ വേണ്ട. അഞ്ച് ഒട്ടകങ്ങളുള്ളവര്‍ ഒരു ആടിനെ നല്‍കിയാല്‍ മതി. ഇപ്രകാരം ഇവ വര്‍ധിക്കുന്നതിനനുസരിച്ച് ചില മാറ്റങ്ങളോടെ സകാത്തും വര്‍ധിക്കും. മേല്‍പ്പറഞ്ഞ കാരണങ്ങള്‍ കൊണ്ട് ആനക്കും കുതിരക്കും മുയലുകള്‍ക്കുമൊന്നും സകാത്തില്ല. (തുടരും)