ചെക്കുപോസ്റ്റില്‍ വാഹനങ്ങള്‍ കുടുങ്ങിയത് മണിക്കൂറുകളോളം

Posted on: July 10, 2014 12:13 am | Last updated: July 9, 2014 at 10:13 pm

കാസര്‍കോട്: സംസ്ഥാനത്തെ എല്ലാ ചെക്ക് പോസ്റ്റുകളിലും ഓണ്‍ലൈന്‍ ഡിക്ലറേഷന്‍ നിയമം ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നതോടെ ചെക്ക് പോസ്റ്റുകളില്‍ വാഹനക്കുരുക്കും തുടങ്ങി. ജില്ലയിലെ പ്രധാന ചെക്ക് പോസ്റ്റായ മഞ്ചേശ്വരം വാമഞ്ചൂരില്‍ ഇതുമൂലം വാഹനങ്ങളുടെ നീണ്ട നിരയാണ് ഇന്നലെ രാവിലെ മുതല്‍ ദൃശ്യമായത്.
ചരക്ക് ലോറികളുടെ പരിശോധന മണിക്കൂറുകളോളം തുടരുന്നതിനാല്‍ മഞ്ചേശ്വരം വാമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ ചരക്ക് ലോറികള്‍ കെട്ടിക്കിടന്നു. ഇതേ തുടര്‍ന്ന് മറ്റു വാഹനങ്ങളും യാത്രക്കാരും പെരുവഴിയിലായി. ഏറെ തിരക്കുള്ള മംഗലാപുരം-കാസര്‍കോട് ദേശീയപാതയില്‍ കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടതോടെ ഇരുഭാഗങ്ങളിലേക്കുമുള്ള കെ എസ് ആര്‍ ടി സി ബസുകളും സ്വകാര്യ ബസുകളും മറ്റു വാഹനങ്ങളും ഗതാഗതകുരുക്കില്‍നിന്ന് രക്ഷപ്പെടാന്‍ ഏറെ പ്രയാസപ്പെട്ടു.
ചെക്ക് പോസ്റ്റുകളില്‍ എത്തുന്ന ചരക്ക് ലോറികള്‍ക്ക് ഡിക്ലറേഷന്‍ വേണമെങ്കില്‍ ലോറി ഉടമയുടെ പാസ്‌വേഡ് ഉപയോഗിക്കണമെന്ന നിയമമാണ് പലരേയും വെട്ടിലാക്കിയത്. ഇതറിയാതെ ചെക്ക് പോസ്റ്റുകളില്‍ എത്തിയ ചരക്ക് ലോറികളാണ് പുറത്ത് കടക്കാനാവാതെ കുടുങ്ങിയത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന് മുതല്‍ ഇന്നലെ വൈകുന്നേരം മൂന്ന് മണിവരെ ലോറികള്‍ ചെക്ക് പോസ്റ്റില്‍ കുടുങ്ങി. ഇതിനുശേഷം ക്രമേണ ഡിക്ലറേഷന്‍ നടപടികള്‍ വേഗതത്തിലായതോടെ ഗതാഗതകുരുക്ക് കുറഞ്ഞ് ഗതാഗതം താരതമ്യേന സാധാരണ നിലയിലായി.
രാവിലെ മുതല്‍ വാഹനങ്ങള്‍ ദേശീയപാതയില്‍ കുടുങ്ങിയത് മംഗലാപുരത്ത വിവിധ കോളജുകളില്‍ പോകുന്ന വിദ്യാര്‍ഥികള്‍ക്കും മംഗലാപുരത്തേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ക്കും കാസര്‍കോട് ഭാഗത്തേക്ക് വരുന്നവര്‍ക്കും ഏറെ പ്രയാസമാണ് ഉണ്ടാക്കിയത്. ഈ ഭാഗത്ത് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളില്‍ ചിലത് പാതിവഴിയില്‍ സര്‍വീസ് നിര്‍ത്തുകയും ചെയ്തു. ചില ബസുകള്‍ ട്രിപ്പ് മുടക്കിയത് വിദ്യാര്‍ഥികളേയും യാത്രക്കാരേയും ദുരിതത്തിലാക്കി. സ്വകാര്യ വാഹനങ്ങളും കുടുങ്ങി ചെക്ക് പോസ്റ്റില്‍നിന്ന് മഞ്ചേശ്വരം വരെ നീണ്ട നിരയാണ് കാണപ്പെട്ടത്. വാഹനങ്ങള്‍ കുരുക്കില്‍ പെട്ടതോടെ ഗതാഗതം നിയന്ത്രിക്കാന്‍ ട്രാഫിക് പോലീസും മഞ്ചേശ്വരം പോലീസും എത്തിയിരുന്നു. ഇതോടെയാണ് ദേശീയപാതയിലൂടെ വാഹനങ്ങള്‍ ക്രമേണ നീങ്ങിത്തുടങ്ങിയത്.