ഈ വര്‍ഷം 9.36 ലക്ഷം വിസ അനുവദിച്ചെന്ന് താമസ-കുടിയേറ്റ വകുപ്പ്

Posted on: July 9, 2014 9:03 pm | Last updated: July 9, 2014 at 9:03 pm
New Image
മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി

ദുബൈ: ഈ വര്‍ഷം ആദ്യ ആറു മാസം പുതാതായി 9.36 ലക്ഷം വിസ അനുവദിച്ചുവെന്ന് ദുബൈ താമസ-കുടിയേറ്റ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി അറിയിച്ചു. 6.14 ലക്ഷം പേര്‍ വിസ പുതുക്കി. സ്‌പോണ്‍സര്‍ഷിപ്പ് റദ്ദുചെയ്തവര്‍ 3.79 ലക്ഷം വരും. പുതുതായി വിസ അനുവദിക്കുന്ന കാര്യത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 30.65 ശതമാനം വര്‍ധനവുണ്ട്.
ദുബൈയെ എല്ലാ മേഖലകളിലും അത്യാധുനിക സൗകര്യങ്ങളോടെ വികസിപ്പിക്കുകയെന്ന ഭരണാധികാരികളുടെ ലക്ഷ്യം സാക്ഷാത്കരിച്ചു കൊണ്ടിരിക്കുകയാണ്. യു എ ഇയെ സമാധാനവും സുരക്ഷിതത്വവും ഉറപ്പു നല്‍കുന്ന ഏറ്റവും മികച്ച രാജ്യമാക്കുകയെന്നതാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ലക്ഷ്യം. ദുബൈയിലെ താമസ-കുടിയേറ്റ വകുപ്പിന് കീഴില്‍ ഈ വര്‍ഷം ആദ്യ പകുതിയില്‍ തന്നെ മികച്ച നേട്ടങ്ങളാണ് ഈ രംഗത്ത് ഉണ്ടാക്കിയത്. പുതിയ നിരവധി പദ്ധതികള്‍ നടപ്പിലാക്കിയതിന് പുറമെ യാത്രക്കാരുടെയും വ്യാപാരികളുടെയും വലിയ അളവിലുള്ള ഇടപാടുകള്‍ പൂര്‍ത്തിയാക്കി. യു എ ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ദീര്‍ഘവീക്ഷണ പ്രകാരമുള്ള പദ്ധതികളുടെ വിജയമാണ് ഈ നേട്ടങ്ങളെന്ന് മുഹമ്മദ് അല്‍ മര്‍റി ദുബൈയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും സ്വീകരിച്ച ഉത്തരവാദിത്വപരമായ സമീപനം പദ്ധതിയുടെ വിജയത്തില്‍ കാര്യമായ പങ്കാണ് വഹിച്ചത്. ഈ വര്‍ഷം ആദ്യ പകുതിയില്‍ താമസ-കുടിയേറ്റ വകുപ്പിന് കീഴില്‍ മൂന്ന് കോടി പത്ത് ലക്ഷത്തിലധികം ഇടപാടുകളാണ് നടന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 8.88 ശതമാനം വളര്‍ച്ച ഇതിലുണ്ടായി. അതേസമയം ഇക്കാലയളവില്‍ ദുബൈയിലെക്കെത്തിയ യാത്രക്കാരുടെ കണക്കിലും കാര്യമായ വര്‍ധനയുണ്ടായി. 8.14 ശതമാനം വര്‍ധനവില്‍ രണ്ട് കോടി പതിനെട്ട് ലക്ഷത്തോളം പേരാണ് എത്തിയത്.
സാമ്പത്തിക രംഗത്തും ടൂറിസം രംഗത്തും ദുബൈ കൈവരിക്കുന്ന മികച്ച വളര്‍ച്ചയുടെ ഭാഗമാണ് സന്ദര്‍ശകരുടെ എണ്ണത്തിലുള്ള വര്‍ധനവെന്നും മുഹമ്മദ് അല്‍ മര്‍റി കൂട്ടിച്ചേര്‍ത്തു. പാസ്‌പോര്‍ട്ട്, താമസ വിസ തുടങ്ങിയവയുടെ കാലാവധി, പുതുക്കല്‍, എന്നീ വിവരങ്ങള്‍ ഓര്‍മിപ്പിക്കുന്നതിന് വേണ്ടി ഈ ആറ് മാസത്തില്‍ ആറ് ലക്ഷത്തി പതിനാറായിരത്തിലധികം ടെക്സ്റ്റ് മെസേജുകള്‍ അയച്ചു. ദുബൈയില്‍ കാര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പുതിയ ഇന്റേണല്‍ ഓഡിറ്റ് ഡിപാര്‍ട്‌മെന്റ് സ്ഥാപിച്ചിട്ടുണ്ട്. ഭരണ രംഗത്തെ കാര്യക്ഷമത ഉറപ്പുവരുത്താനുതകുന്ന ഈ സംവിധാനം സര്‍ക്കാറിന്റെ ലക്ഷ്യസാധൂകരണത്തെ കൂടുതല്‍ എളുപ്പമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. താമസ-കുടിയേറ്റ വകുപ്പ് കേന്ദ്രവും എല്ലാ ഓഫീസുകളും റമദാനില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണിവരെ പ്രവര്‍ത്തിക്കും. അതേസമയം ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റമര്‍ സര്‍വീസുകള്‍ ഇരുപത്തിനാല് മണിക്കൂറും ലഭ്യമായിരിക്കുമെന്നും അല്‍ മര്‍റി അറിയിച്ചു.