Connect with us

Wayanad

വയനാടിനോടുള്ള അവഗണനക്കെതിരെ ജനരോഷം ഉയരണം: നാഷണല്‍ ഹൈവേ ആന്‍ഡ് റയില്‍വേ ആക്ഷന്‍ കമ്മിറ്റി

Published

|

Last Updated

കല്‍പ്പറ്റ: നിലവില്‍ അനുവദിച്ചിട്ടുള്ള പാതകള്‍ പൂര്‍ത്തിയാക്കിയശേഷമേ പുതിയ പാതകള്‍ അനുവദിക്കേണ്ടതുള്ളൂ എന്ന നയപരമായ തീരുമാനം സര്‍ക്കാര്‍ എടുത്തതിനാലാണ് റയില്‍വേ ബജറ്റില്‍ നഞ്ചന്‍ഗോഡ് – നിലമ്പൂര്‍ റയില്‍പാത അനുവദിക്കാതിരുന്നത്. ഈ ബജറ്റില്‍ ഇന്ത്യയില്‍ എവിടേയും പുതിയ പാതകള്‍ അനുവദിച്ചിട്ടില്ല. പുതിയ പാതകള്‍ അനുവദിക്കുമ്പോള്‍ നഞ്ചന്‍ഗോഡ് – നിലമ്പൂര്‍ പാതയും പരിഗണിക്കുന്നതിനാവശ്യമായ സുസജ്ജമായ പ്രവര്‍ത്തനങ്ങളുമായി ആക്ഷന്‍ കമ്മറ്റി മുമ്പൊട്ടുപോകും.
റയില്‍വേ യാഥാര്‍ഥ്യമാകണമെങ്കില്‍ വയനാട്ടിലെ ജനപ്രതിനിധികളുടെ ആത്മാര്‍ഥതയും ക്രിയാത്മകവുമായ ഇടപെടലുകള്‍ ഉണ്ടാകണം. 2004 ല്‍ സര്‍വ്വേ കഴിഞ്ഞ റയില്‍പാത 2010 ല്‍ പ്ലാനിംഗ് കമ്മീഷന്‍ നഷ്ടമാണെന്ന് വിലയിരുത്തി ഉപേക്ഷിക്കുന്നതുവരെ വയനാട്ടിലെ ജനപ്രതിനിധികളുടെ സജീവമായ ഇടപെടല്‍ ഇല്ലാതെപോയതാണ് നഞ്ചന്‍ഗോഡ് – നിലമ്പൂര്‍ പാതക്ക് അനുമതി വൈകിയതിന്റെ പ്രധാന കാരണം. 2004 ലെ സര്‍വ്വേയില്‍ ബത്തേരിക്കും നിലമ്പൂരിനുമിടയില്‍ നിശ്ചയിച്ച ദീര്‍ഘവും ദുര്‍ഘടവുമായ അലൈന്‍മെന്റില്‍ മാറ്റം വരുത്തി പാത ലാഭകരമാക്കാന്‍ ജനപ്രതിനിധികള്‍ യാതൊന്നും ചെയ്തില്ല. പ്രസ്താവനകളിലൂടെ ടറയില്‍പാത വരില്ല എന്ന തിരിച്ചറിവോടെയുള്ള നീലഗിരി – വയനാട് എന്‍.എച്ആന്‍ഡ് റയില്‍വേ ആക്ഷന്‍ കമ്മറ്റിയുടെ പ്രവര്‍ത്തനഫലമായാണ് പാതക്കുവേണ്ടി ഗതാഗത ട്രാഫിക് സര്‍വ്വേ നടത്തിയതും പാത ലാഭകരമാക്കാമെന്ന് കണ്ടെത്തിയതും. ആക്ഷന്‍ കമ്മറ്റിയുടെ ശ്രമഫലമായാണ് സംസ്ഥാനങ്ങള്‍ പാതയുടെ പകുതി ചെലവ് നല്‍കിയാല്‍ പകുതി കേന്ദ്രം വഹിച്ച് പാത അനുവദിക്കാമെന്ന് മുന്‍ കേന്ദ്ര റയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സ്വാലും ഇപ്പോഴത്തെ റയില്‍വേ മന്ത്രി സദാനന്ദ ഗൗഡയും ഉറപ്പു നല്‍കിയതും. ഇതിന്റെ അടിസ്ഥാനത്തില്‍ ആക്ഷന്‍ കമ്മറ്റി മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്നാണ് പാത കേരളത്തില്‍ കടന്നുപോകുന്ന ഭാഗത്തെ ചെലവിന്റെ പകുതി വഹിക്കാന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചതും, സംസ്ഥാന ബഡ്ജറ്റില്‍ പ്രാരംഭ വിഹിതമായി 5 കോടി രൂപ അനുവദിച്ചതും.
എന്നാല്‍ നിരവധി ശ്രമങ്ങള്‍ നടത്തിയിട്ടും പാതക്ക് കര്‍ണ്ണാടകയുടെ വിഹിതം അനുവദിക്കാന്‍ ആയില്ല. നിലവില്‍ 18000 കോടി രൂപയുടെ പദ്ധതികള്‍ ഏറ്റെടുത്തതുനാല്‍ അവ പൂര്‍ത്തിയായശേഷം മാത്രമേ പുതിയ പദ്ധതികള്‍ക്ക് പണം അനുവദിക്കൂ എന്ന പുതിയ കര്‍ണ്ണാടക സര്‍ക്കാറിന്റെ നയം മൂലമാണ് പാതക്ക് ഫണ്ട് ലഭിക്കാതെ പോയത്. 200 കോടി രൂപ മാത്രമാണ് കര്‍ണ്ണാടകയില്‍നിന്ന് ലഭിക്കേണ്ടത്. ഈ തുകകൂടി കേരളം നല്‍കിയാല്‍ പാത ഈ ബജറ്റില്‍തന്നെ അനുവദിക്കുമായിരുന്നു. കേരളത്തില്‍ കടന്നുപോകാത്ത കൊങ്കണ്‍ റയില്‍വേക്ക് കേരളം മുമ്പ് വിഹിതം നല്‍കിയിട്ടുണ്ട്. നഞ്ചന്‍ഗോഡ് – നിലമ്പൂര്‍ പാതയുടെ പൂര്‍ണ്ണ പ്രയോജനം കേരളത്തിനാണ് എന്ന് സംസ്ഥാനസര്‍ക്കാര്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. സംസ്ഥാനസര്‍ക്കാറിന് ബാധ്യത വതാതെ കമ്പനി രൂപീകരിച്ച് നഞ്ചന്‍ഗോഡ് – നിലമ്പൂര്‍ പാത നടപ്പാക്കാനുള്ള പ്രോജക്ട് റിപ്പോര്‍ട്ട് ആക്ഷന്‍ കമ്മറ്റി സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നെങ്കിലും അത് പരിഗണിക്കാതിരുന്നത് നിര്‍ഭാഗ്യകരമാണ്. കണ്ണൂര്‍ വിമാനത്താവളം, കൊച്ചി മെട്രോ, കോഴിക്കോട്, തിരുവനന്തപുരം മോണോ റയില്‍ തുടങ്ങി ശതകോടികളുടെ നിരവധി പദ്ധതികള്‍ സംസ്ഥാനം കമ്പനി രൂപീകരിച്ച് നടപ്പാക്കുമ്പോള്‍ 200 കോടി രൂപകൂടി അനുവദിച്ചോ, കമ്പനി രൂപീകരിച്ചോ നഞ്ചന്‍ഗോഡ് – നിലമ്പൂര്‍ റയില്‍പാത അനുവദിക്കാനുള്ള സാഹചര്യമൊരുക്കാതിരിന്നത് വയനാടിനോടുള്ള അവഗണനയാണ്. വയനാടിന്റെ അര്‍ഹതപ്പെട്ട ആവശ്യങ്ങള്‍ നേടിയെടുക്കുന്നനിന് ജനപ്രതിനിധികള്‍ ജാഗ്രതയായിരിക്കണം.