Connect with us

Palakkad

നെല്ലറയുടെ പ്രതീക്ഷ തകര്‍ന്നു; കോച്ച് ഫാക്ടറി ശിലയിലൊതുങ്ങി

Published

|

Last Updated

പാലക്കാട്: യു പി എ സര്‍ക്കാറിന്റെ അവഗണന ഏറ്റു വാങ്ങിയ നെല്ലറക്ക് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ എന്തെങ്കിലും നല്‍കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഫലം നിരാശമാത്രം.
കഞ്ചിക്കോട്ടെ കോച്ച് ഫാക്ടറി, പാലക്കാട്-പൊള്ളാച്ചി ഗേജ് മാറ്റം, ഷൊര്‍ണൂര്‍-മംഗലാപുരം പാത ഇരട്ടിപ്പിക്കല്‍, ഇന്റര്‍ സിറ്റി എക്‌സ്പ്രസ്, ഷൊര്‍ണ്ണൂര്‍ സ്റ്റേഷന്‍ നവീകരണം, പ്രത്യേക സോണ്‍ തുടങ്ങിയ വിഷയങ്ങളില്‍ തുടര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് യാതൊരു പരാമര്‍ശവും നടത്താതെയാണ് റെയില്‍വേ മന്ത്രി മോദി സര്‍ക്കാറിന്റെ കന്നി റെയില്‍വേ ബജറ്റ് മന്ത്രി സദാനന്ദ ഗൗഡയുടെ അവതരിപ്പിച്ചത്.
അതേ സമയം വനിതാ യാത്രക്കാരുടെ സുരക്ഷക്ക് 4000 വനിതാ പോലിസുകാരെ നിയമിക്കുമെന്നുള്ള പ്രഖ്യാപനം സൗമ്യ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലക്ക് നേരിയൊരു ആശ്വാസം നല്‍കുന്നുണ്ട്. 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച കോച്ച് ഫാക്ടറി യാഥാര്‍ഥ്യമാക്കാന്‍ ഇനിയും റെയില്‍വേയില്‍ നിന്ന് നടപടിയുണ്ടാകില്ല എന്നതാണ് ബജറ്റ് പ്രഖ്യാപനത്തോടെ ബോധ്യമാകുന്നത്. പാലക്കാടിന്റേയും അതുവഴി സംസ്ഥാനത്തിന്റേയും വികസനത്തിന് വഴിതുറക്കുന്ന കഞ്ചിക്കോട്ടെ കോച്ച് ഫാക്ടറി ജില്ലയുടെ സ്വപ്‌നപദ്ധതിയാണ്.
കഴിഞ്ഞ യു പി എ സര്‍ക്കാരിന്റെ കാലത്ത് കൊട്ടിഘോഷിച്ച് പാലക്കാട് കോച്ച് ഫാക്ടറിക്ക് തറക്കല്ലിടല്‍ നടത്തിയെങ്കിലും നിര്‍മാണകാര്യങ്ങളെക്കുറിച്ച് ഈ ബജറ്റ് മൗനം പാലിക്കുന്നു. യു പി എ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഇതിനൊപ്പം പ്രഖ്യാപിക്കപ്പെട്ട റായ്ബറേലിയിലെ കോച്ച് ഫാക്ടറി ഉദ്ഘാടനം കഴിഞ്ഞ് കോച്ച് നിര്‍മാണം പുരോഗമിക്കുമ്പോഴും കേരളത്തില്‍ പ്രഖ്യാപിക്കപ്പെട്ട പാലക്കാട്ടെ കോച്ച് ഫാക്ടറി പ്രവര്‍ത്തനംപോലും തുടങ്ങിയിട്ടില്ല. മാറി മാറി വരുന്ന കേന്ദ്രസര്‍ക്കാരുകള്‍ പാലക്കാടിനോട് വെച്ചുപുലര്‍ത്തുന്ന അവഗണനയാണ് ഇതിലൂടെ വ്യക്തമാകുന്നത്.
കഴിഞ്ഞ യു പി എ സര്‍ക്കാരിന്റെ കാലത്ത് കോച്ച് ഫാക്ടറി ഗവ. മേഖലയില്‍ വേണമോ വേണ്ടയോ എന്നുള്ള തര്‍ക്കത്തെത്തുടര്‍ന്ന് നീണ്ടുപോവുകയാണുണ്ടായത്. ഒടുവില്‍ പൊതു-സ്വകാര്യ പങ്കാളിത്ത അടിസ്ഥാനത്തില്‍ കോച്ച് ഫാക്ടറി നിര്‍മ്മിക്കാമെന്ന് ധാരണയാവുകയും അതിനുള്ള നടപടി ക്രമങ്ങള്‍ തുടങ്ങുകയും ചെയ്തതിനിടയിലാണ് ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്.
കോച്ച് ഫാക്ടറി നിര്‍മാണത്തിനായി രണ്ട് കമ്പനികള്‍ മുന്നോട്ട് വന്നെങ്കിലും മോദി സര്‍ക്കാര്‍ വിഷയത്തില്‍ നിസംഗ സമീപനം തുടരുകയാണ്. കോച്ച് ഫാക്ടറി എന്ന് പൂര്‍ത്തിയാക്കുമെന്ന പ്രഖ്യാപനം ഈ റെയില്‍വേ ബജറ്റില്‍ ഉണ്ടാകുമെന്നായിരുന്നു പാലക്കാട്ടെ ജനപ്രതിനിധികള്‍ പ്രതീക്ഷിച്ചത്.
മുമ്പ് ഒ രാജഗോപാല്‍ കേന്ദ്ര റെയില്‍വേ സഹമന്ത്രിയായിരുന്നപ്പോള്‍ നടത്തിയ കാര്യങ്ങളുടെ ശുഷ്‌കാന്തിയുടെ പകുതിപോലും ബി ജെ പി സര്‍ക്കാര്‍ ചെയ്തില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് പാതയിരട്ടിപ്പിക്കാന്‍ തുടങ്ങിയ പൊള്ളാച്ചി-പാലക്കാട് ഗേജ് മാറ്റപ്രവര്‍ത്തനങ്ങള്‍ക്ക് തുക നീക്കിവെക്കുകയോ പാതയിരട്ടിപ്പിക്കല്‍ എന്ന് പൂര്‍ത്തിയാകും എന്നുള്ള കാര്യങ്ങളോ ബജറ്റില്‍ പരാമര്‍ശിച്ചതേയില്ല. പാലക്കാട് നിന്ന് പൊള്ളിച്ചിയിലേക്ക് റെയില്‍മാര്‍ഗം എളുപ്പമെത്തിച്ചേരാവുന്ന ഗേജ് ഇരട്ടിപ്പിക്കല്‍ ജോലി തമിഴ്‌നാട് ഭാഗങ്ങളില്‍ പൂര്‍ത്തിയായിട്ടും കേരളത്തിന്റെ ഭാഗങ്ങളില്‍ ഇപ്പോഴും പ്രവര്‍ത്തനം ഇഴഞ്ഞു നീങ്ങുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പേ തുടങ്ങിയ ഷൊര്‍ണൂര്‍-മംഗലാപുരം പാതയിരട്ടിപ്പിക്കല്‍ ജോലികള്‍ തീര്‍ക്കാന്‍ കൂടുതല്‍ തുക ബജറ്റില്‍ വകയിരുത്തിയിട്ടില്ല.
പാലക്കാട് റെയില്‍വേ ഡിവിഷനെ വീണ്ടും വെട്ടിമുറിച്ച് മംഗലാപുരം ഡിവിഷന്‍ രൂപവത്കരിക്കാനുള്ള നീക്കത്തെപ്പറ്റി ബജറ്റില്‍ പരാമര്‍ശമേയില്ല.അതേസമയം മുന്‍കാല പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം കേരളത്തിന് തുണയാകുമോ എന്ന് കണ്ടറിയണം. ഏതായാലും റെയില്‍വേ ബജറ്റ് നെല്ലറക്ക് ഒന്നുമില്ലെന്നാണ് സൂചന.

 

Latest