Kozhikode
മലബാര്‍ ഇത്തവണയും ട്രാക്കിന് പുറത്ത്

കോഴിക്കോട്:റെയില്‍വേ ബജറ്റില്‍ പ്രതീക്ഷിച്ച പോലെ മലബാറും പ്രത്യേകിച്ച് കോഴിക്കോടും ട്രാക്കിന് പുറത്ത്. കോഴിക്കോട് ഉള്‍പ്പെടെയുള്ള മികച്ച റെയില്‍ വരുമാനമുള്ള മലബാറില്‍ റെയില്‍വേ രംഗത്ത് മുമ്പും വികസനം പേരിന് മാത്രമായിരുന്നു. ബജറ്റിന് തൊട്ട്മുമ്പ് വിവിധ ആവശ്യങ്ങള്‍ എം പിമാര്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരും. എന്നാല്‍ കേന്ദ്രം ഇത് അവഗണിക്കും. അത് പുതിയ ബി ജെ പി സര്‍ക്കാറും ആവര്‍ത്തിച്ചു. മലബാര്‍ മേഖല വര്‍ഷങ്ങളായി ഉന്നയിക്കുന്ന ഒന്നില്‍ പോലും കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ അവതരിപ്പിച്ച ബജറ്റില്‍ ശ്രദ്ധേയമായ പ്രഖ്യാപനം ഉണ്ടായില്ല. സംസ്ഥാനത്ത് ആകെ അനുവദിച്ച ഒരു പാസഞ്ചര്‍ മലബാറിലൂടെ പോകുമെന്നതും കാഞ്ഞങ്ങാട്-പാണത്തൂര്‍ റെയില്‍ ലൈന്‍ സര്‍വേ നടത്തുമെന്നതുമാണ് ശ്രദ്ധേയ പ്രഖ്യാപനം. എന്നാല്‍ സര്‍വേ പൂര്‍ത്തിയാക്കി കഴിഞ്ഞ 11 വര്‍ഷമായി കാത്തിരിക്കുന്ന നിലമ്പൂര്‍ – നഞ്ചന്‍കോട് പാത സംബന്ധിച്ച് ഒരു പ്രഖ്യാപനവും ഉണ്ടായില്ല.
കഴിഞ്ഞ അഞ്ച് ബജറ്റുകള്‍ അവതരിപ്പിച്ചപ്പോഴും മലബാര്‍ ജനത കേള്‍ക്കാന്‍ ആഗ്രഹിച്ച ഒന്നായിരുന്നു കഞ്ചിക്കോട്ടെ കോച്ച് ഫാക്ടറി നിര്‍മാണം സംബന്ധിച്ച പ്രഖ്യാപനങ്ങള്‍. കോടിക്കണക്കിന് രൂപയുടെ വികസനപ്രവൃത്തികള്‍ നടക്കേണ്ട പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറിക്കായി വെറും 25 ലക്ഷം രൂപയാണ് മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് നീക്കിവെച്ചിരിക്കുന്നത്. മലബാര്‍ മേഖലയിലെ വിവിധ റെയില്‍വേ സ്റ്റേഷനുകള്‍ക്കും മേല്‍പ്പാലങ്ങള്‍ക്കുമായി നീക്കിവെച്ചത് നാമമാത്രമായ തുകകളാണ്. ഏറെ പ്രാധാന്യമുള്ള കോഴിക്കോട് – മംഗലാപുരം പാത ഇരട്ടിപ്പിക്കലിന് വെറും അഞ്ച് കോടി രൂപ മാത്രമാണ് ബജറ്റില്‍ നീക്കിവെച്ചത്. സതേണ്‍ റെയില്‍വേക്ക് കീഴില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള രണ്ടാമത്തെ ഡിവിഷനായ പാലക്കാട് ഡിവിഷന്റെ വികസനത്തിനായി അനുവദിച്ചത് വെറും മുപ്പത് ലക്ഷം രൂപയാണ്.
പാത ഇരട്ടിപ്പിക്കലിനായും രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ക്കും നീക്കിവെച്ച താരതമ്യേന അപര്യാപ്തമായ തുകയാണ് കോഴിക്കോടിന് ഇത്തവണത്തെ ബജറ്റില്‍ നിന്ന് ലഭിച്ചത്. കോഴിക്കോട് വെസ്റ്റ്ഹില്ലിനും എലത്തൂരിനും 50 ലക്ഷം വീതം മാത്രമാണ് അനുവദിച്ചത്. ഇവയുടെ പ്രാരംഭ പ്രവൃത്തികള്‍ക്ക് തന്നെ കോടികള്‍ ആവശ്യമുള്ളപ്പോഴാണിത്.
തിരുവനന്തപുരം – വേണാട് എക്‌സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടുക, കോഴിക്കോട് – ഷൊര്‍ണൂര്‍ റൂട്ടില്‍ മെമു സര്‍വീസ് ഏര്‍പ്പെടുത്തുക, യശ്വന്ത്പൂര്‍ – കണ്ണൂര്‍ എക്‌സ്പ്രസ് കോഴിക്കോട് വരെ ദീര്‍ഘിപ്പിക്കുക, കോഴിക്കോട് റെയില്‍വേ സ്റ്റേഷനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി കിറ്റ്‌കോ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കുക , വെസ്റ്റ്ഹില്‍ സ്റ്റേഷന്‍ സെക്കന്റ് ടെര്‍മിനലായി മാറ്റുക, ഫാറൂഖ് റെയില്‍വേ സ്റ്റേഷന്‍ അപ്‌ഗ്രേഡ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഒന്നും അംഗീകരിച്ചില്ല. കോഴിക്കോട്ട് പിറ്റ്‌ലൈന്‍ സ്ഥാപിക്കണമെന്ന ആവശ്യവും കേന്ദ്രം ചെവിക്കൊണ്ടില്ല.