യു എ ഇ കുടിവെള്ള പദ്ധതി; എസ് എം എസിലൂടെ 88 ലക്ഷം ദിര്‍ഹം ലഭിച്ചു

Posted on: July 8, 2014 9:31 pm | Last updated: July 9, 2014 at 10:08 am

smsദുബൈ: യു എ ഇ പ്രഖ്യാപിച്ച ആഗോളതലത്തിലെ കുടിവെള്ള പദ്ധതിയിലേക്ക് രാജത്തെ സ്വദേശി വിദേശി വ്യക്തികളും വ്യാപാര സ്ഥാപനങ്ങളും വന്‍തുക സംഭാവന നല്‍കിയതായി അധികൃതര്‍.
മൊത്തം സഹായം 10 കോടി പിന്നിട്ടതായും അധികൃതര്‍ വെളിപ്പെടുത്തി. ലോകത്തിലെ വിവിധ രാജ്യങ്ങളിലെ ശുദ്ധജലം നിഷേധിക്കപ്പെട്ട അമ്പതുലക്ഷം ആളുകള്‍ക്ക് യു എ ഇയുടെ വക സ്ഥായിയായി കുടിവെള്ളം എത്തിക്കുക എന്നതാണ് പദ്ധതി.
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ആണ് പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതി പ്രഖ്യാപനം മുതല്‍ വന്‍ ബഹുജന പിന്തുണയാണ് പദ്ധതിക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. വിവിധ മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, വ്യക്തികള്‍ തുടങ്ങിയവരില്‍ നിന്ന് വിശുദ്ധ മാസത്തില്‍ വന്‍ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
സംഭാവനയില്‍ 88 ലക്ഷം എസ് എം എസ് വഴിയാണ് ലഭിച്ചത്. 3.52 ലക്ഷം പേര്‍ക്ക് ശുദ്ധജലമെത്തിക്കാന്‍ എസ് എം എസ് വഴിലഭിച്ച സംഖ്യകൊണ്ട് സാധിക്കും. പ്രഖ്യാപിച്ച പദ്ധതിസംഖ്യയുടെ 83 ശതമാനവും പൂര്‍ത്തിയായതായും ബന്ധപ്പെട്ടവര്‍ അറിയിച്ചു. 10.32 കോടി ദിര്‍ഹം സംഭാവനയായി ലഭിച്ചു കഴിഞ്ഞു. ഇന്നലെ വരെയുള്ള കണക്കാണിത്.
ഓരോ 21 സെക്കന്‍ഡിലും ശുദ്ധ ജലം ലഭിക്കാത്തത് കാരണം ലോകത്ത് മരിച്ചുകൊണ്ടിരിക്കുന്നു എന്ന ലോകാരോഗ്യ സംഘടനയുടെ വെളിപ്പെടുത്തലാണ് കാരുണ്യത്തിന്റെ മാസത്തില്‍ ഇത്തരമൊരു കുടിവെള്ള പദ്ധതിയെക്കുറിച്ച് രാജ്യത്തെ ഭരണാധികാരികളെ ചിന്തിപ്പിച്ചത്.