Connect with us

Wayanad

കാലാവസ്ഥാ വ്യതിയാനം: മൈസൂരില്‍ 25,000 ഏക്കറോളം പരുത്തി കൃഷി നശിക്കുന്നു

Published

|

Last Updated

കല്‍പ്പറ്റ : കര്‍ണാടകയിലെ മൈസൂര്‍ ജില്ലയില്‍ ഹെഗ്‌ഡെദേവന്‍കോട്ടയിലും മറ്റ് താലൂക്കുകളിലുമായി മഴക്കുറവിനെതുടര്‍ന്ന് 25000 ഏക്കറിലധികം പരുത്തികൃഷി നശിക്കുന്നു. മെയ്, ജൂണ്‍ മാസങ്ങളില്‍ ലഭിക്കേണ്ട മഴ കിട്ടാതെപോയതാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. സെപ്തംബര്‍ മാസത്തിലാണ് മൈസൂര്‍ ജില്ലയില്‍ പരുത്തിവിളവെടുപ്പ് നടക്കുക.
നിലവില്‍ ക്വിന്റലിന് 6000 രൂപയാണ് പരുത്തിവില. കൃത്യമായ മഴ ലഭിച്ചാല്‍ മാത്രമേ പരുത്തിചെടിക്ക് കരുത്ത് വര്‍ദ്ധിച്ച് പൂക്കള്‍ വിരിഞ്ഞ് പരാഗണം നടക്കുകയുള്ളൂ. മഴ കുറഞ്ഞതോടെ ചെടികളെല്ലാം മുരടിച്ച നിലയിലാണ്. ഇത് പുഷ്പ്പിച്ചാല്‍തന്നെ നാമമാത്രമായ കായ്കള്‍ മാത്രമേ ചെടിയിലുണ്ടാകൂ. ഇത് പരുത്തികര്‍ഷകരെ പ്രതിസന്ധിയിലാക്കും. വിളനാശമുണ്ടാകുമെന്നുറപ്പിച്ചതോടെ കര്‍ഷകരാകെ ഭീതിയിലാണ്. ബാങ്കുകളില്‍ നിന്നും സൊസൈറ്റിയില്‍ നിന്നും വായ്പ്പയെടുത്തും സ്വര്‍ണ്ണം പണയംവെച്ചുമാണ് പലരും കൃഷിക്കുള്ള തുക കണ്ടെത്തിയത്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വേനല്‍മഴ നന്നായി ലഭിച്ചതിനാല്‍ കര്‍ഷകര്‍ പ്രതീക്ഷയിലായിരുന്നു. മണ്‍സൂണ്‍ ചതിച്ചതോടെ സ്വാഭാവിക ജലസ്രോതസ്സുകളിലും വെള്ളമില്ലാതെയായിട്ടുണ്ട്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ കരകവിഞ്ഞൊഴുകുന്ന കബനിയിലെ ജലനിരപ്പും പത്തിലൊന്നായി കുറഞ്ഞിട്ടുണ്ട്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ ജലനിരപ്പാണ് ബീച്ചനഹള്ളി അണകെട്ടിലും രേഖപെടുത്തിയിട്ടുള്ളത്. ഇക്കാരണത്താല്‍തന്നെ അണകെട്ടില്‍ നിന്നുള്ള ജലം ലഭിക്കുമെന്ന പ്രതീക്ഷയും കര്‍ഷകര്‍ക്കില്ല.