ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ ഏഴ് ഫലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു

Posted on: July 8, 2014 8:38 am | Last updated: July 8, 2014 at 8:38 am

israelഗാസ: ഗാസയില്‍ ഇസ്‌റാഈല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഏഴ് ഫലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. മൂന്ന് ഇസ്‌റാഈല്‍ യുവാക്കളെ കാണാതായ സംഭവത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഫലസ്തീന്‍ യുവാവിനെ ഇസ്‌റാഈല്‍ സൈന്യം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ പ്രതിഷേധങ്ങള്‍ക്കിടെയാണ് കഴിഞ്ഞ ദിവസം അര്‍ധരാത്രി ഇസ്‌റാഈല്‍ സൈന്യം ആക്രമണം നടത്തിയത്. രണ്ട് ഫലസ്തീന്‍കാരെ കാണാതായതായി സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. ഇരുവിഭാഗങ്ങള്‍ തമ്മില്‍ കഴിഞ്ഞ മാസം 12 മുതല്‍ ആരംഭിച്ച സംഘര്‍ഷത്തിലെ ഏറ്റവും വലിയ സംഭവമാണ് ഇസ്‌റാഈലിന്റെ ഭാഗത്തു നിന്ന് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഹമാസിന്റെ സായുധ വിഭാഗമായ അല്‍ഖസ്സമിന്റെ പോരാളികളുമുണ്ട്. ഗാസയില്‍ പതിനാല് സ്ഥലങ്ങളില്‍ ആക്രമണം നടത്തിയതായി ഇസ്‌റാഈല്‍ സ്ഥിരീകരിച്ചു. മധ്യ ഗാസയിലെ ബുറെയ്ജ് അഭയാര്‍ഥി ക്യാമ്പിന് സമീപമുണ്ടായ ആക്രമണത്തിലാണ് രണ്ട് പേര്‍ കൊല്ലപ്പെട്ടത്. ദക്ഷിണ നഗരമായ റഫക്ക് സമീപമുണ്ടായ വ്യോമാക്രമണത്തില്‍ നാല് പേരും കൊല്ലപ്പെട്ടു. ഇവിടെയടുത്ത് മറ്റൊരു സ്ഥലത്തുണ്ടായ ഡ്രോണ്‍ ആക്രമണത്തിലാണ് മറ്റൊരാള്‍ കൊല്ലപ്പെട്ടത്. തകര്‍ന്നുവീണ അതേസമയം 14 റോക്കറ്റുകള്‍ ഗാസയുടെ ഭാഗത്തു നിന്ന് ഇസ്‌റാഈലില്‍ പതിച്ചതായി ഇസ്‌റാഈല്‍ അവകാശപ്പെട്ടു. അതേസമയം ഫലസ്തീന്‍ ബാലനെ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് പ്രതിഷേധം പടരുകയാണ്. കിഴക്കന്‍ ജറുസലമിലും അറബ് ഇസ്‌റാഈലി നഗരങ്ങളിലും വന്‍ പ്രതിഷേധമാണ് അരങ്ങേറുന്നത്. വിവിധ സംഭവങ്ങളുമായി ബന്ധപ്പെട്ട് 110 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇസ്‌റാഈലിന്റെ ഏറ്റവും വലിയ അറബ് നഗരമായ നസ്‌റത്തില്‍ കനത്ത ഏറ്റുമുട്ടലാണ് നടക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. അതേസമയം ഗാസയില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തിന് പകരം വീട്ടുമെന്ന് ഹമാസ് മുന്നറിയിപ്പ് നല്‍കി. ആക്രമണത്തിന് ഇസ്‌റാഈല്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് ഹമാസ് വക്താവ് സമി അബു സുഹ്‌രി വ്യക്തമാക്കി. ‘ഞങ്ങളുടെ ആളുകളുടെ രക്തം ഞങ്ങള്‍ക്ക് വിലപ്പെട്ടതാണെ’ന്ന് അല്‍മസ്‌രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഇസ്‌റാഈല്‍ എല്ലാ രേഖകളും ലംഘിച്ചിരിക്കുകയാണെന്ന് ഹമാസ് നേതാവ് മുശീര്‍ അല്‍മസ്‌രി പറഞ്ഞു.