Connect with us

Articles

നോട്ടിന്റെ സകാത്ത് എങ്ങനെ?

Published

|

Last Updated

സ്വര്‍ണത്തിനും വെള്ളിക്കും സകാത്ത് നല്‍കാന്‍ ഖുര്‍ആനും സുന്നത്തും നിര്‍ദേശിക്കുന്നുണ്ട്. എന്നാല്‍ അതിനേക്കാള്‍ വില പിടിപ്പുള്ള പല ലോഹങ്ങളും രത്‌നങ്ങളും ലോകത്തുണ്ട്. അവക്കൊന്നുമില്ലാതെ സ്വര്‍ണത്തിനും വെള്ളിക്കും സകാത്ത് ഉണ്ടാകാന്‍ കാരണം, സ്വര്‍ണവും വെള്ളിയും ആഗോളതലത്തില്‍ പ്രാചീന കാലം മുതല്‍ക്കേ വിലയായി ഉപയോഗിക്കുന്ന വസ്തുക്കളായതുകൊണ്ടാണ്. ഏത് സാധനവും ഇത് ഉപയോഗിച്ച് വാങ്ങാന്‍ സാധിക്കും. ഇത് പണക്കാരുടെ കൈയില്‍ മാത്രം കെട്ടിക്കിടന്നാല്‍ പാവപ്പെട്ടവന്‍ പ്രയാസപ്പെടും. നിശ്ചിത വിഹിതം അവരിലേക്ക് ഒഴുകണം. അതാണ് സകാത്ത്. എന്നാല്‍ ഇന്ന് പലപ്പോഴും വെള്ളിയും സ്വര്‍ണവും നേരിട്ട് വിനിമയോപാധികളായി രംഗത്തില്ല. എങ്കിലും അവ ആസ്തിയായി സ്വീകരിച്ച് ഉപയോഗസൗകര്യത്തിനായി കറന്‍സി നോട്ടുകള്‍ ഇറക്കിയിരിക്കയാണ്. അതുപയോഗിച്ച് എന്തും നമുക്ക് വാങ്ങാന്‍ സാധിക്കും. അതിനാല്‍ കറന്‍സികള്‍ക്കും സകാത്ത് നല്‍കണം.
20 മിസ്‌കാല്‍ (85 ഗ്രാം) സ്വര്‍ണം ഒരാളുടെ അധീനതയില്‍ ഒരു വര്‍ഷം കെട്ടിക്കിടന്നാല്‍ അതിന്റെ രണ്ടര ശതമാനം സകാത്തായി വിതരണം ചെയ്യണം. സൂക്ഷിക്കാന്‍ വേണ്ടി ഉണ്ടാക്കിയ ആഭരണങ്ങള്‍ക്കും സകാത്ത് നല്‍കണം. എന്നാല്‍ സ്ത്രീകള്‍ക്ക് ഉപയോഗിക്കാന്‍ നിര്‍മിച്ചതാണെങ്കില്‍, അത് പതിവില്‍ കവിഞ്ഞതല്ലെങ്കില്‍ സകാത്ത് നല്‍കേണ്ടതില്ല. 200 ദിര്‍ഹം (595 ഗ്രാം) വെള്ളിയുണ്ടായാല്‍ അതും സകാത്ത് നിര്‍ബന്ധമാകാന്‍ മാത്രമുള്ള ധനമായി. ഒരു കൊല്ലം പൂര്‍ത്തിയായാല്‍ ഇതിനും രണ്ടര ശതമാനം സകാത്ത് കൊടുക്കണം. ഇടക്ക് ഉടമാവകാശം നഷ്ടപ്പെടുകയോ തൂക്കം കുറയുകയോ ചെയ്താല്‍ സകാത്ത് വേണ്ട. 595 ഗ്രാം വെള്ളിയുടെ വില (ഏകദേശം 27,000 രൂപ) കൈവശം വെക്കുമ്പോഴാണ് കറന്‍സി നോട്ടിന് സകാത്ത് നിര്‍ബന്ധമാകുക.
ഇന്ന് വെള്ളി, സ്വര്‍ണങ്ങളേക്കാള്‍ ആളുകള്‍ കൈവശം വെക്കുന്നത് കറന്‍സിയാണ്. പ്രൊവിഡന്റ് ഫണ്ട്, ആഴ്ചക്കുറി, ദിവസ നിക്ഷേപം…ഇങ്ങനെ പല തരത്തിലും ആളുകള്‍ക്ക് സമ്പാദ്യമുണ്ട്. ഇവ സകാത്ത് നല്‍കാനുള്ള തുകയായ (ഏകദേശം 27,000 രൂപ) എത്തിക്കഴിഞ്ഞാല്‍ സകാത്തിന് വേണ്ടി കണക്ക് സൂക്ഷിക്കണം. ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് എടുത്തു ഉപയോഗിച്ചുപോയില്ലെങ്കില്‍ അതിന് സകാത്ത് കൊടുക്കണം. ഒന്നും രണ്ടും ലക്ഷത്തിന്റെ കുറിയിടപാടുകള്‍ ഇന്ന് നാട്ടിന്‍പുറത്ത് പോലും സര്‍വസാധാരണമാണ്. ആദ്യം ലഭിച്ച് ഉപയോഗിച്ചുപോയാല്‍ സകാത്തില്ല. സകാത്തിന്റെ കണക്കായ 595 ഗ്രാം വെള്ളിയുടെ വില അടച്ചുകഴിഞ്ഞ് പിന്നെ ഒരു കൊല്ലം പൂര്‍ത്തിയായാല്‍ കുറിയിടപാടുകാരനും സകാത്ത് കൊടുക്കണം.
കടമായി കൊടുത്ത പണത്തിനും സകാത്ത് നിര്‍ബന്ധമാണ്. വാങ്ങിയത് അടച്ചുതീര്‍ക്കാന്‍ പ്രയാസമില്ലാത്ത മുതലാളിയാണെങ്കില്‍ കൊല്ലം തികഞ്ഞാല്‍ അയാള്‍ തന്നില്ലെങ്കിലും ഉടമ സകാത്ത് കൊടുക്കണം. പാവപ്പെട്ടവന്റെ കൈയിലാണ് കുടുങ്ങിപ്പോയതെങ്കില്‍ തിരിച്ചു ലഭിച്ചതിനു ശേഷം സകാത്ത് നല്‍കിയാലും മതി. (തുടരും)

Latest