വീണ്ടും ആകാശച്ചതി; അബുദാബി-കോഴിക്കോട് എക്‌സ്പ്രസ് വൈകിയത് 11 മണിക്കൂര്‍

Posted on: July 7, 2014 8:12 pm | Last updated: July 7, 2014 at 8:12 pm

അബുദാബി: വീണ്ടും ആകാശച്ചതി. അബുദാബി- കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകിയത് 11 മണിക്കൂര്‍. ശനിയാഴ്ച രാത്രി 9.55ന് അബുദാബിയില്‍ നിന്നും കോഴിക്കോട്ടേക്ക് പോകേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് 11 മണിക്കൂര്‍ വൈകി ഞായറാഴ്ച രാവിലെ 11 മണിക്ക് പറന്നത്. ഒരു ഇടേവളക്ക് ശേഷം എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ആകാശച്ചതി വീണ്ടും പുനരാരംഭിച്ചിരിക്കുകയാണ്. 150 ഓളം യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം ഷാര്‍ജയിലും എക്‌സ്പ്രസ് വൈകി. ഇന്റര്‍നാഷനല്‍ തലത്തില്‍ വിമാനങ്ങള്‍ സ്വീകരിക്കേണ്ടിയിരുന്ന നിയമങ്ങള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് കാറ്റില്‍ പറത്തുന്നതായും പരാതിയുണ്ട്. വിമാനം സര്‍വീസ് റദ്ദ് ചെയ്യുകയോ വൈകി സര്‍വീസ് നടത്തുകയോ ചെയ്യുന്നുവെങ്കില്‍ ടിക്കറ്റ് എടുത്ത യാത്രക്കാരെ ഉടന്‍ തന്നെ വിമാനകമ്പനി വിവരം അറിയിക്കണം. എന്നാല്‍ കഴിഞ്ഞ ദിവസം പലരും വിമാനത്താവളത്തില്‍ എത്തിയതിന് ശേഷമാണ് വിമാനം വൈകി സര്‍വീസ് നടത്തുന്ന വിവരം അറിയുന്നത്.
ടിക്കറ്റ് എടുത്തവരില്‍ അബുദാബിയില്‍ നിന്നും വളരെ ദൂരെയുള്ള ലിവയില്‍ നിന്നും വന്നവരുള്‍പ്പെടെയുണ്ടായിരുന്നു. ലിവയില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന കോഴിക്കോട് കല്ലാച്ചി സ്വദേശി ശനിയാഴ്ച രാവിലെ തന്നെ അബുദാബിയില്‍ എത്തിയിരുന്നു. കുടുംബ സുഹൃത്തിന്റെ മുറിയില്‍ താമസിച്ച ഇദ്ദേഹം യാത്ര പറഞ്ഞ് വിമാനത്താവളത്തില്‍ എത്തിയിട്ട് മണിക്കൂറിന് ശേഷമാണ് വിമാനം വൈകി സര്‍വീസ് നടത്തുന്ന വിവരമറിയുന്നത്. റമസാന്‍ മാസമായത് കൊണ്ട് തന്നെ ഇനി എവിടേക്ക് പോകുമെന്നറിയാതെ മണിക്കൂറുകളോളം ബുദ്ധിമുട്ടി. ഇങ്ങനെ നിരവധിയാത്രക്കാര്‍ വിമാനം വൈകിയത് കൊണ്ട് ദുരിതത്തിലായി.
വിമാനത്താവളത്തിലെ എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ ഓഫീസില്‍ കാരണമന്വേഷിക്കുമ്പോള്‍ ജീവനക്കാര്‍ കൈമലര്‍ത്തുകയാണെന്ന് യാത്രക്കാര്‍ കുറ്റപ്പെടുത്തി. വിമാനം ഇന്ത്യയില്‍ നിന്നും എത്തിയില്ല എന്നാണ് ജീവനക്കാര്‍ പറയുന്നത്. എന്ത് കൊണ്ട് മുന്‍കൂട്ടി വിവരമറിയിച്ചില്ല എന്ന് ചോദിക്കുമ്പോള്‍ ജീവനക്കാര്‍ യാത്രക്കാരോട് തട്ടിക്കയറുകയാണെന്നും യാത്രക്കാര്‍ പറഞ്ഞു.
ഇന്ത്യയില്‍ നിന്നും വിമാനം എത്താതിരുന്നതാണ് വൈകിയതെന്നും മുഴുവന്‍ യാത്രക്കാര്‍ക്കും മുന്‍കൂട്ടി വിവരമറിയിച്ചിരുന്നെന്നും എയര്‍ ഇന്ത്യ അബുദാബി ഏരിയ മാനേജര്‍ ഹര്‍ജിത്ത് സഹനി സിറാജിനോട് പറഞ്ഞു.