സമ്പത്തും സകാത്തും

Posted on: July 7, 2014 8:39 am | Last updated: July 7, 2014 at 8:39 am

zakathമനുഷ്യന്റെ നിലനില്‍പ്പും ജീവിത പുരോഗതിയും സമ്പത്തിനെ ആശ്രയിച്ചു നില്‍ക്കുന്നു. ലോകത്ത് നടക്കുന്ന ഏത് ചലനത്തിനു പിന്നിലും സാമ്പത്തിക താത്പര്യം നമുക്ക് കാണാം. പഠനം, തൊഴില്‍, നിര്‍മാണം, യാത്ര, യുദ്ധം… എല്ലാം സമ്പത്തിന് വേണ്ടിയാണ്. ലോകത്ത് ഏറ്റവുമധികം ചര്‍ച്ച നടക്കുന്നതും സാമ്പത്തിക ശാസ്ത്രത്തെപ്പറ്റിയായിരിക്കും.
ഒരു സമഗ്ര ജീവിത പദ്ധതി എന്ന നിലയില്‍ ഇസ്‌ലാമിന് സാമ്പത്തിക വിഷയത്തില്‍ വ്യക്തമായ കാഴ്ചപ്പാടുണ്ട്. മനുഷ്യരുള്‍പ്പെടെയുള്ള ജൈവലോകത്തിന്റെ താത്കാലിക സങ്കേതമാണ് ഭൂമി. നിശ്ചിത കാലം വരെ ജീവിക്കാന്‍ ആവശ്യമായ എല്ലാ വിഭവങ്ങളും അല്ലാഹു ഇവിടെ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഈ വിഭവങ്ങളുടെ യഥാര്‍ഥ ഉടമസ്ഥന്‍ അല്ലാഹു തന്നെയാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. അതേസമയം താത്കാലികമായി ഇതിന്റെ ഉടമാവകാശം പല അളവില്‍ പലര്‍ക്കും അവന്‍ നല്‍കിയിരിക്കയാണ്. ധനികന് സമ്പത്ത് നല്‍കിയതും ദരിദ്രന് നല്‍കാതിരുന്നതും ഒരു പരീക്ഷണമാണ്. ധനികന്‍ എല്ലാം മറന്ന് അഹങ്കരിച്ചും പാവപ്പെട്ടവരെ വിസ്മരിച്ചും ജീവിക്കാതെ അല്ലാഹുവിനോട് കൂടുതല്‍ നന്ദി കാണിച്ചും ദരിദ്രന്റെ അവകാശങ്ങള്‍ വകവെച്ചുകൊടുത്തും ജീവിതം നയിക്കണം. ദരിദ്രന്‍ കളവും കവര്‍ച്ചയും നടത്താതെ അല്ലാഹു അനുവദിച്ച മാര്‍ഗത്തിലൂടെ സമ്പത്ത് സ്വരൂപിക്കാന്‍ ശ്രമിക്കുകയും ലഭ്യമായതുകൊണ്ട് തൃപ്തിപ്പെട്ട് ജീവിക്കുകയും വേണം. എന്നാല്‍ രണ്ട് വിഭാഗത്തിനും സാമ്പത്തിക പ്രതിസന്ധിയില്ലാത്ത സ്വര്‍ഗം സമ്മാനമായി ലഭിക്കും.
ഭൗതിക ലോകത്ത് എല്ലാവരും സമ്പന്നരായാല്‍ ഒരടി മുന്നോട്ടു പോകാന്‍ ഈ ലോകത്തിനാകില്ല. തൊഴിലാളികളില്ലാത്ത ഒരവസ്ഥയെക്കുറിച്ച് ആലോചിച്ചുനോക്കൂ. അപ്പോള്‍ തൊഴിലാളികളും പാവപ്പെട്ടവരും ഉണ്ടാകുമ്പോള്‍ മാത്രമേ പണത്തിനും സമ്പത്തിനും പ്രസക്തിയുള്ളൂ. എന്നാല്‍ ഒരു പ്രത്യേക വിഭാഗം എന്നും മുതലാളിമാരായി നിലനില്‍ക്കണമെന്നോ തൊഴിലാളികള്‍ എന്നും തൊഴിലാളികളായി തന്നെ തുടരണമെന്നോ അല്ലാഹുവിന് നിര്‍ബന്ധമില്ല. ആര്‍ക്കും സമ്പാദിക്കാം. എത്രയും സമ്പാദിക്കാം. അങ്ങനെ വരുമ്പോള്‍ പണമെറിഞ്ഞ് കൂടുതല്‍ പണക്കാരനാകാന്‍ കഴിയുമ്പോള്‍, പാവപ്പെട്ടവന്‍ പാര്‍ശ്വത്കരിക്കപ്പെടും. ഇതിനും അല്ലാഹു പരിഹാരമുണ്ടാക്കിയിട്ടുണ്ട്. അതാണ് സക്കാത്ത്. തൊഴിലാളികള്‍ക്ക് മാത്രമല്ല, തൊഴിലെടുക്കാന്‍ കഴിയാത്തവര്‍ക്കു കൂടി ധനികന്റെ സമ്പത്തില്‍ അവകാശമുണ്ട്. ഇതുവഴി ദരിദ്രനും ധനികനും തമ്മിലുള്ള അന്തരം കുറക്കാന്‍ സാധിക്കുന്നു.
എല്ലാ തരം സമ്പത്തിലും ഇസ്‌ലാം സകാത്ത് ആവശ്യപ്പെടുന്നില്ല. നബി(സ) പറയുന്നു: ”ഒരു വിശ്വാസിക്ക് തന്റെ കുതിരകളിലോ അടിമകളിലോ സകാത്തില്ല.”(ബുഖാരി). തിരുനബിയുടെ കാലത്തെ ഏറ്റവും വില പിടിപ്പുള്ള സമ്പത്തായിരുന്നു കുതിരകളും അടിമകളും. (അടിമ സമ്പ്രദായത്തെ ഇസ്‌ലാം ഘട്ടം ഘട്ടമായി നിര്‍മാര്‍ജനം ചെയ്യുകയായിരുന്നു). ഇവയില്‍ സകാത്തില്ല എന്ന് വ്യക്തമായതിലൂടെ എല്ലാ സമ്പത്തിനും സകാത്ത് വാങ്ങുക എന്നതല്ല, ഇസ്‌ലാമിന്റെ ലക്ഷ്യമെന്നും മറിച്ച് പാവപ്പെട്ടവന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ട ചില പ്രത്യേക മുതലുകള്‍ക്കാണ് സകാത്ത് ഈടാക്കുന്നതെന്നും സ്പഷ്ടമായി. നാല് തരം സമ്പത്തുകളില്‍ മാത്രമാണ് ഇസ്‌ലാം സകാത്ത് ആവശ്യപ്പെടുന്നത്.
1. വിലയായി സാര്‍വത്രികമായി ഉപയോഗിക്കപ്പെടുന്നവ(വെള്ളി, സ്വര്‍ണം, കറന്‍സി)
2. കച്ചവടച്ചരക്കുകള്‍
3. പഴങ്ങളിലും ധാന്യങ്ങളിലും മുഖ്യാഹാരമായി ഉപയോഗിക്കുന്നതും സൂക്ഷിച്ചുവെക്കാന്‍ പറ്റുന്നതുമായവ.
4. കന്നുകാലികള്‍