Connect with us

Kozhikode

കക്ഷിരാഷ്ട്രീയം മറന്ന് ഉപവാസ സമരം

Published

|

Last Updated

കോഴിക്കോട്:കക്ഷിരാഷ്ട്രീയങ്ങളും അഭിപ്രായ വ്യത്യസങ്ങളും മറന്ന് മാനാഞ്ചിറ – വെള്ളിമാടുകുന്ന് റോഡിനായി ജനങ്ങള്‍ ഒരുമിച്ച് സമരത്തിനണിനിരന്നു. ചരിത്രകാരന്‍ എം ജി എസ് നാരായണന്റെ നേതൃത്വത്തില്‍ മാനാഞ്ചിറ – വെള്ളിമാടുകുന്ന് റോഡ് ആക്ഷന്‍ കമ്മിറ്റി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് സംഘടിപ്പിച്ച കൂട്ട ഉപവാസമാണ് ജനകീയ കൂട്ടായ്മയില്‍ ശ്രദ്ധേയമായത്. റോഡ് വികസനത്തിന് സ്ഥലമേറ്റെടുക്കുന്നതിന് അടിയന്തര നടപടി ആവശ്യപ്പെട്ടായിരുന്നു ഉപവാസ സമരം. മന്ത്രിമാരും ജനപ്രതിനിധികളുമുള്‍പ്പെടെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സമരപ്പന്തലിലെത്തി പിന്തുണ അറിയിച്ചു. സമരം തുടങ്ങി മണിക്കൂറുകള്‍ക്കകം തന്നെ ചര്‍ച്ച വാഗ്ദാനവുമായി സര്‍ക്കാര്‍ രംഗത്തെത്തി. തിരുവനന്തപുരത്ത് വെച്ച് പ്രത്യേക യോഗം ചേര്‍ന്ന് പ്രശ്‌നം ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എം ജി എസ് നാരായണനെ ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. ഈ മാസം പതിനൊന്നിന് രാവിലെ 11.30നാണ് യോഗം.
മാനാഞ്ചിറ – വെള്ളിമാടുകുന്ന് റോഡ് വീതികൂട്ടാനായി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ശ്രമിച്ചപ്പോള്‍ ചില തത്പര കക്ഷികള്‍ അതിന് തുരങ്കം വെച്ചതായി ഉപവാസ സമരം ഉദ്ഘാടനം ചെയ്ത എം കെ രാഘവന്‍ എം പി പറഞ്ഞു. നാടിന്റെ വികസനം എന്തുവില കൊടുത്തും നടപ്പാക്കുമെന്നും മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ നൂറ് കോടി രൂപ നേടിയെടുക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി എം കെ മുനീര്‍ പറഞ്ഞു.
ആക്ഷന്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. മാത്യു കട്ടിക്കാന അധ്യക്ഷനായിരുന്നു. എ പ്രദീപ്കുമാര്‍ എം എല്‍ എ, കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി ടി അബ്ദുല്‍ ലത്വീഫ്, പ്രതിപക്ഷ നേതാവ് എം ടി പത്മ, ഡി സി സി പ്രസിഡന്റ് കെ സി അബു, അഡ്വ. പി ശങ്കരന്‍, മുന്‍ മേയര്‍മാരായ സി ജെ റോബിന്‍, ടി പി ദാസന്‍, സംവിധായകന്‍ വി എം വിനു, കെ പി സുധീര, പി കെ ഗോപി, പി വി ഗംഗാധരന്‍, തായാട്ട് ബാലന്‍, യു കെ കുമാരന്‍, ടി വി ബാലന്‍, പ്രൊഫ. ടി ശോഭീന്ദ്രന്‍, കെ പി വിജയകുമാര്‍, ജാനമ്മ കുഞ്ഞുണ്ണി, കെ മുഹമ്മദലി, പി കിഷന്‍ചന്ദ്, ഒ എം ഭരദ്വാജ്, ഗ്രോ വാസു, കെ എഫ് ജോര്‍ജ്, കെ വി കുഞ്ഞമ്മദ്, കെ സത്യനാഥന്‍, ഇമാം അബ്ദുല്‍ റഷീദ് കാസിമി, കോഴിക്കോട് രൂപത വികാരി മോണ്‍. തോമസ് പനയ്ക്കല്‍ സംസാരിച്ചു. ആക്ഷന്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി എം പി വാസുദേവന്‍ സ്വാഗതം പറഞ്ഞു. വൈകുന്നേരം അഞ്ചിന് നടന്ന ചടങ്ങില്‍ സ്വാതന്ത്ര്യ സമര സേനാനി തായാട്ട് ബാലന്‍ എം ജി എസിന് നാരങ്ങാനീരു നല്‍കി ഉപവാസം അവസാനിപ്പിച്ചു.
സംസ്ഥാന സര്‍ക്കാറിന്റെ നഗരപാത വികസന പദ്ധതിയില്‍പ്പെട്ട കോഴിക്കോട്ടെ പ്രധാനപ്പെട്ട റോഡാണ് മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ്. 8.4 കിലോമീറ്റര്‍ ദൂരം 24 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കാനായിരുന്നു പദ്ധതി. പദ്ധതിസമര്‍പ്പണത്തിന്റെ ഉദ്ഘാടനം നടത്തിയ വേളയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആദ്യ ഗഡുവായി നൂറ് കോടി രൂപ പ്രഖ്യാപിച്ചിരുന്നു.