ഈത്തപ്പഴ മാഹാത്മ്യം

  Posted on: July 6, 2014 12:34 am | Last updated: July 6, 2014 at 12:35 am

  ramasan nilavനോമ്പുതുറക്കാന്‍ ഏറ്റവും ഉത്തമം ഈത്തപ്പഴമാണ്. അതില്ലെങ്കില്‍ കാരക്ക. അതുമില്ലെങ്കില്‍ വെള്ളം. മൂന്ന് എണ്ണം/റുക്ക് ആകുന്നതാണ് പൂര്‍ണം. അസ്തമയം ആയ ഉടനെ തുറക്കുന്നതും തുറ നിസ്‌കാരത്തിനേക്കാള്‍ മുന്തിക്കുന്നതും സുന്നത്താണ്. നോമ്പ് തുറന്ന ഉടനെ അല്ലാഹുമ്മ ലക ……..ഇന്‍ശാഅല്ലാഹ് ( അല്ലാഹുവേ, നിനക്കു വേണ്ടി ഞാന്‍ നോമ്പ് അനുഷ്ഠിച്ചു. നിന്റെ ഭക്ഷണം കൊണ്ട് നോമ്പു തുറന്നു. ദാഹം ശമിച്ചു. ഞരമ്പുകള്‍ നനഞ്ഞു. അല്ലാഹു ഉദ്ദേശിച്ചാല്‍ കൂലി സ്ഥിരപ്പെട്ടു.) എന്ന ദിക്ര്‍ ചൊല്ലല്‍ സുന്നത്താണ്. അത്താഴവും ഈത്തപ്പഴം കൊണ്ടാകല്‍ സുന്നത്താണ്

  എന്താണ് ഈത്തപ്പഴത്തിനിത്ര സവിശേഷത? ധാരാളം പോഷകങ്ങളടങ്ങിയ ഒരു ഭക്ഷണമാണ് ഈത്തപ്പഴം. പ്രോട്ടീന്‍, കാര്‍ബോ ഹൈഡ്രൈറ്റ്, ടാനിന്‍, സെല്ലുലോസ്, അന്നജം, കൊഴുപ്പ് വ്യത്യസ്ത അനുപാതങ്ങളില്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ഇരുമ്പ്, സോഡിയം, കാത്സ്യം, സള്‍ഫര്‍, ക്ലോറിന്‍, ഫോസ്ഫറസ് എന്നീ ധാതു ലവണങ്ങളുമുണ്ട്. കൂടാതെ ജീവകം എ,ബി,സി എന്നിവയും നല്ല തോതിലുണ്ട്. 60% വിശ്ലേഷിത പഞ്ചസാരയും കുറഞ്ഞ അളവില്‍ കരിമ്പിന്‍ പഞ്ചസാരയും ഇതിലുണ്ട്. പ്രഭാതത്തിലും നിര്‍ദേശിച്ചിരിക്കുന്നു. വെണ്ണയും കാരക്കയും തിരുനബിക്ക് സമ്മാനിക്കപ്പെട്ടിരുന്നു. അവിടുന്ന് അവ ഒരുമിച്ചു കഴിച്ചിരുന്നു. ഉണക്കമുന്തിരിയും കാരക്കയും ഒരുമിച്ചു കഴിക്കരുതെന്ന് അവിടുന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
  ഭക്ഷണം, പഴം എന്നതിനു പുറമെ ഔഷധം കൂടിയാണ് ഈത്തപ്പഴം. ശ്വാസതടസ്സങ്ങള്‍ക്ക് പൊതുവെയും ആസ്തമക്ക് പ്രത്യേകിച്ചും ഫലപ്രദമാണ് ഈത്തപ്പഴം. ആമാശയത്തില്‍ കോശങ്ങള്‍ സൃഷ്ടിക്കുന്ന അണുക്കളെ നശിപ്പിക്കാന്‍ ഇതിനു ശക്തിയുണ്ട്. ആമാശയരോഗത്തിനു കാര്യമായ പ്രതിവിധി ഉണ്ടായതുകൊണ്ടായിരിക്കാം വ്രതവിരാമം ഈത്തപ്പഴം കൊണ്ടാകണമെന്ന് തിരുനബി(സ)നിര്‍ദ്ദേശിച്ചത്. ഗര്‍ഭിണികള്‍ക്കു ഫലപ്രദമാണ് ഈത്തപ്പഴം. ഗര്‍ഭിണിയായ മര്‍യം (റ) നോട് ഈത്തപ്പഴം കഴിക്കാന്‍ ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്നുണ്ടല്ലോ. എരിച്ചിലിനും ചൊറിച്ചിലിനും ആശ്വാസം പകരുന്ന ഈ പഴം ഓര്‍മക്കുറവ് ഇല്ലാതാക്കുകയും ഹൃദയത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ലൈംഗിക ഉത്തേജനത്തിനും മൂത്രതടസ്സം നീങ്ങുന്നതിനും ഈത്തപ്പഴം ഫലപ്രദമാണ്. കാരക്ക പൊടിച്ചുണ്ടാക്കുന്ന കുഴമ്പ് നേത്രപടല വീക്കത്തിനു മരുന്നായി ഉപയോഗിക്കാറുണ്ട്.
  വിശ്വാസിയെ തിരുനബി ഈത്തപ്പനയോട് ഉപമിച്ചിട്ടുണ്ട്. ഈത്തുപ്പനയില്‍ ഒഴിവാക്കേണ്ടതായി ഒന്നുമില്ലെന്നതും അതിനു ബഹുമുഖ ഉപയോഗങ്ങള്‍ ഉണ്ട് എന്നതും അതിന്റെ കാരണങ്ങളാകാം. വിശ്വാസിയുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഉപകാരപ്രദമാണ്. ഫലശൂന്യമോ, ഉപദ്രവകരമോ അല്ല. ബഹുമുഖമായ സേവനപ്രവര്‍ത്തനങ്ങള്‍ അവന്‍ ചെയ്തുകൊണ്ടിരിക്കുന്നു.
  ഈത്തപ്പനയുടെ ഉപയോഗങ്ങള്‍ വര്‍ഷത്തിലെ ദിനങ്ങള്‍ക്ക് തുല്യമാണെന്ന് അറബി പഴമൊഴിയുണ്ട്. തടിയും, ഓലയും, വേരും, പഴവും, നീരും, കുരുവും എല്ലാമെല്ലാം വിവിധങ്ങളായ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുന്നു. ഈത്തപ്പനയുടെ ഈ ബഹുമുഖമായ ഉപകാരങ്ങള്‍ പരിഗണിച്ചതുകൊണ്ടാണ് മുന്തിരി (അഅ്‌നാബ്) എന്നതിനൊപ്പം ഈത്തപ്പഴം (തംറ്/റുത്വബ്) എന്ന് പ്രയോഗിക്കാതെ നഖീല്‍ (ഈത്തപ്പന) എന്ന് യാസീന്‍(34) പരാമര്‍ശിച്ചതെന്ന് ധാരാളം വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇരുപതു തവണ ഖുര്‍ആനില്‍ ഈത്തപ്പന കടന്നു വരുന്നു. മനുഷ്യജീവിതവുമായും അത്യധികം ബന്ധപ്പെട്ട ഏറെ ഉപകാരപ്രദമായ ഫലവൃക്ഷമായതുകൊണ്ടു തന്നെയാണ് ഭൂമിയെ സജീവമാക്കിയ ഹരിതസൗന്ദര്യം ആഖ്യാനിച്ച ഖുര്‍ആന്‍ ഈത്തപ്പനയെ പ്രത്യേകം പേരെടുത്ത് പറഞ്ഞത്.