ഫലസ്തീന്‍ ബാലനെ ജീവനോടെ ചുട്ടുകൊന്നു

Posted on: July 6, 2014 12:26 am | Last updated: July 6, 2014 at 12:26 am

palasthineജറൂസലം: ജറൂസലമില്‍ ഫലസ്തീന്‍കാരനായ കൗമാരക്കാരനെ ജീവനോടെ ചുട്ടുകൊന്നതായി ഫലസ്തീന്‍ അറ്റോര്‍ണി ജനറല്‍. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാണെന്ന് അദ്ദേഹം വ്യക്തമാക്കി. മരണത്തിന് കാരണം തീപ്പൊള്ളലേറ്റതാണെന്ന് മുഹമ്മദ് അല്‍ അവേവി പറഞ്ഞു. എന്നാല്‍ 16കാരനായ മുഹമ്മദ് അബു ഖാദിര്‍ മരിക്കാനിടയായ സാഹചര്യം വ്യക്തമല്ലെന്നാണ് ഇസ്‌റാഈല്‍ അധികൃതര്‍ പറയുന്നത്. മൂന്ന് ഇസ്‌റാഈല്‍ യുവാക്കളെ കാണാതാകുകയും പിന്നീട് ഇവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയും ചെയ്ത സംഭവത്തിന് പിറകെയാണ് ഖാദിറിന്റെ മരണം. ഇസ്‌റാഈല്‍ ഡോക്ടര്‍മാരാണ് ഖാദിറിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ ഖാദിര്‍ ജീവനോടെ തീകത്തി മരിച്ചതാണെന്ന് കണ്ടെത്തിയതായി അറ്റോര്‍ണി ജനറലിനെ ഉദ്ധരിച്ച് ഫലസ്തീന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. 90 ശതമാനം പൊള്ളലേറ്റ ഖാദിറിന്റെ തലക്ക് പരുക്കേറ്റതായും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലുണ്ട്. മൂന്ന് ഇസ്‌റാഈല്‍ സെമിനാരി വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതിന് പ്രതികാരമായാണ് ഖാദിറിന്റെ കൊലപാതകമെന്നാണ് ഇയാളുടെ ബന്ധുക്കള്‍ വിശ്വസിക്കുന്നത്. ഖാദിറിന്റെ ഖബറടക്കത്തിന് മുമ്പും ശേഷവും നൂറ്കണക്കിന് ഫലസ്തീന്‍ യുവാക്കള്‍ പോലീസുമായി ഏറ്റുമുട്ടി. സംഘര്‍ഷം വെസ്റ്റ് ബാങ്കില്‍ അര്‍ധരാത്രിയിലും തുടര്‍ന്നു.