മഹാരാഷ്ട്രയില്‍ ശിവസേനയുമായി ബന്ധം അവസാനിപ്പിക്കാന്‍ ബി ജെ പി ആലോചിക്കുന്നു

Posted on: July 5, 2014 12:00 am | Last updated: July 5, 2014 at 12:01 am

shivasena

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയുമായി രണ്ട് ദശാബ്ദം നീണ്ട ബാന്ധവം അവസാനിപ്പിക്കാന്‍ ബി ജെ പി ഒരുങ്ങുന്നു. ഒക്‌ടോബറില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാനാണ് ബി ജെ പി ആലോചിക്കുന്നത്. കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തിന്റെ തീരുമാനത്തിനോട് യോജിപ്പ് പ്രകടിപ്പിക്കുന്നുണ്ട്. തീരുമാനം നിര്‍ണായകമാണെന്നും ശിവസേനക്കെതിരെ മത്സരിക്കുകയെന്നത് വെല്ലുവിളിയുയര്‍ത്തുന്നതാണെന്നും ഒരു ബി ജെ പി വക്താവ് പറഞ്ഞു. മഹാരാഷ്ട്ര ബി ജെ പിയിലെ തല മുതിര്‍ന്ന നേതാവായ മധു ചവാനാണ് ദിവസങ്ങള്‍ക്ക് മുമ്പ് ശിവസേനയുമായുള്ള ബന്ധം ചോദ്യം ചെയ്തത്. ബോണ്‍സായി പോലെ സേനക്കൊപ്പം തുടരുന്നതില്‍ അര്‍ഥമില്ലെന്ന് അദ്ദേഹം തുറന്നടിച്ചിരുന്നു. സ്വയം വളരുന്നതിനെക്കുറിച്ച് പാര്‍ട്ടി ആഴത്തില്‍ ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ചവാനൊപ്പം പാര്‍ട്ടിയിലെ രണ്ട് പ്രധാന നേതാക്കളായ വര്‍ഷ ഭോസ്‌ലെ, സുജിത് സിംഗ് ഠാക്കൂര്‍ എന്നിവരും സേനക്കെതിരെ തിരിഞ്ഞിരുന്നു.
ഭാവിയില്‍ ‘മഹായുതി’ സംഘത്തില്‍ നിന്ന് പാര്‍ട്ടി പുറത്ത് കടക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ദേവേന്ദ്ര ഫദ്‌നവിസ് പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ബി ജെ പി, ശിവസേന, ആര്‍ പി ഐ, സ്വാഭിമാനി ഷേട്കാരി സംഘടന, രാഷ്ട്രീയ സമാജ് പാര്‍ട്ടി എന്നിവരാണ് മഹായുതി സംഘത്തിലുള്ള പാര്‍ട്ടികള്‍. അതേസമയം ബി ജെ പിയുടെ പുതിയ തീരുമാനത്തോട് ശിവസേന വലിയ വേവലാതിയൊന്നും പ്രകടിപ്പിച്ചിട്ടില്ല. മഹായുതി ശക്തമായി നിലനില്‍ക്കുന്നു. ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടും. ഭാവി പരിപാടികളെക്കുറിച്ച് മഹായുതി നേതാക്കള്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും സേനയുടെ മുതിര്‍ന്ന നേതാവായ സഞ്ജയ് റൗത്ത് പറഞ്ഞു.
കൂടുതല്‍ നിയമസഭാ സീറ്റുകള്‍ നേടിയെടുക്കാന്‍ ബി ജെ പി സമ്മര്‍ദം ചെലുത്തുകയാണെന്ന് ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ പറയുന്നു. (288 നിയമസഭാ സീറ്റില്‍ 171എണ്ണം ശിവസേനയും 117 ബി ജെ പിയുമാണ് പങ്കിടുന്നത്) രണ്ട് ദശാബ്ദമായി തുടരുന്ന സീറ്റ് വിഭജനം മാറ്റാനുള്ള സമ്മര്‍ദമാണ് ഇപ്പോള്‍ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 117 സീറ്റുകള്‍ മാത്രമാണ് ബി ജെ പിക്ക് മത്സരിക്കാന്‍ ലഭിക്കുന്നത്. ഇത് പാര്‍ട്ടിയുടെ സാന്നിധ്യം 40 ശതമാനം ഇടങ്ങളിലായി പരിമിതപ്പെടുത്തുകയാണെന്ന് ബി ജെ പി വക്താവ് മാധവ് ഭണ്ടാരി പറയന്നു.