Connect with us

National

ഇന്ത്യയില്‍ ഓരോ വര്‍ഷവം ആത്മഹത്യ ചെയ്യുന്നത് ഒരു ലക്ഷത്തിലേറെ പേര്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഓരോ വര്‍ഷവും ശരാശരി ഒരു ലക്ഷത്തിലേറെ പേര്‍ ആത്മഹത്യ ചെയ്യുന്നു. കഴിഞ്ഞ ദശകത്തില്‍ രേഖപ്പെടുത്തപ്പെട്ട കണക്കനുസരിച്ച് ആത്മഹത്യ 21.6 ശതമാനം കൂടിയിട്ടുണ്ട്. 2003ല്‍ 1,10,851 ആത്മഹത്യകള്‍ നടന്നപ്പോള്‍ 2013ല്‍ ഇത് 1,34,799 ആയി വര്‍ധിച്ചു. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ റിപോര്‍ട്ടില്‍ പറയുന്നു.
“2013ല്‍ ഇന്ത്യയിലെ കുറ്റകൃത്യങ്ങള്‍” എന്ന തലക്കെട്ടില്‍ ഈ ആഴ്ച പ്രസിദ്ധീകരിച്ച റിപോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍. 2013ല്‍ ഇന്ത്യയില്‍ ഓരോ മണിക്കൂറിലും 15 ആത്മഹത്യകള്‍ നടന്നതായി റിപോര്‍ട്ടില്‍ പറയുന്നു.
2011ന് ശേഷം രാജ്യത്ത് ആത്മഹത്യാ നിരക്ക് കുറഞ്ഞിട്ടുണ്ട്. പോയ ദശകത്തില്‍ ജനസംഖ്യയില്‍ 15 ശതമാനത്തിന്റെ വര്‍ധനയുണ്ടായപ്പോള്‍ 2013ല്‍ ആത്മഹത്യാ നിരക്കില്‍ 5.7 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2013ല്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ നടന്നത് മഹാരാഷ്ട്രയിലാണ്.-16,622. രണ്ടാം സ്ഥാനത്തുള്ളത് 16,601 ആത്മഹത്യ നടന്ന തമിഴ്‌നാടാണ്. മൊത്തം ആത്മഹത്യയുടെ 12.3 ശതമാനം വരുമിത്. ആന്ധ്രാപ്രദേശില്‍ 14,607ഉം, പശ്ചിമബംഗാളില്‍13,055 ഉം, കര്‍ണാടകയില്‍ 11,266 ഉം ആത്മഹത്യ നടന്നു.
ഈ അഞ്ച് സംസ്ഥാനങ്ങളില്‍ സംഭവിക്കുന്ന ആത്മഹത്യകള്‍ രാജ്യത്ത് മൊത്തം സംഭവിക്കുന്നതിന്റെ 53.5 ശതമാനം വരും. ശേഷിക്കുന്ന 46.5 ശതമാനം ആത്മഹത്യകള്‍ 23 സംസ്ഥാനങ്ങളിലും ഏഴ് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് സംഭവിക്കുന്നത്.
രാജ്യത്തെ 53 മഹാനഗരങ്ങളില്‍ 2013ല്‍ ആത്മഹത്യയില്‍ പ്രഥമസ്ഥാനത്ത് ചെന്നൈ ആണ്-2,450. ബംഗളൂരുവില്‍ 2,033 ഉം, ഡല്‍ഹിയില്‍ 1,753 ഉം, മുംബൈയില്‍1,322ഉം ആത്മഹത്യകള്‍ നടന്നതായാണ് കണക്ക്.
കുടുംബ പ്രശ്‌നങ്ങള്‍, രോഗങ്ങള്‍ എന്നിവയാണ് ആത്മഹത്യക്കിടയാക്കുന്ന പ്രധാന ഘടകങ്ങള്‍. കുടുംബ പ്രശ്‌നങ്ങള്‍ കാരണമുള്ള ആത്മഹത്യാ നിരക്ക് 24 ശതമാനമാണ്. രോഗം കാരണമുള്ള ആത്മഹത്യാ നിരക്ക് 19.6 ശതമാനം വരും. തൊഴിലില്ലായ്മ, ഋണ ബാധ്യത, മയക്ക്മരുന്ന് ദുരുപയോഗം തുടങ്ങിയവയാണ് ആത്മഹത്യക്കുള്ള മറ്റ് പ്രധാന ഘടകങ്ങള്‍.
2012ല്‍ വിവാഹിതരായ 64,098 പുരുഷന്മാര്‍ ആത്മഹത്യചെയ്തപ്പോള്‍, ഇതേകാലത്ത് സ്വയം ജീവനൊടുക്കിയ സ്ത്രീകളുടെ എണ്ണം24,491 ആണ്.

Latest