വിശപ്പും ദാഹവും അനുഭവിക്കണം

    Posted on: July 4, 2014 12:03 am | Last updated: July 4, 2014 at 12:03 am

    ramasan nilavഇന്നത്തെ നോമ്പ് തുറ സംസ്‌കാരം കാണുമ്പോള്‍ ഇഹ്‌യയുടെ വരികള്‍ ഓര്‍മ വരും. നോമ്പിന്റെ ആത്മാവ് തേടിയുള്ള ഗസ്സാലിയന്‍ ചിന്തകളോടൊപ്പം ഇന്ന് സ്വല്‍പ നേരം…
    കൈകാലുകള്‍ അടക്കമുള്ള മുഴുവന്‍ അവയവങ്ങളെയും മോശപ്പെട്ട കാര്യങ്ങളില്‍ നിന്ന് സുരക്ഷിതമാക്കിത്തീര്‍ക്കുന്നതോടൊപ്പം നോമ്പ് തുറക്കുമ്പോള്‍ പരിപൂര്‍ണമായി ഹലാലെന്ന് ഉറപ്പുള്ളത് കഴിക്കണം. ഹലാലായ ഭക്ഷണം ഒഴിവാക്കി നോമ്പനുഷ്ഠിച്ചവന്‍ വൈകുന്നേരം ഹലാലാണെന്ന് ഉറപ്പില്ലാത്ത ഭക്ഷണം കഴിക്കുന്നതില്‍ എന്തര്‍ഥമാണുള്ളത്? ഒരു കെട്ടിടം നിര്‍മിക്കുകയും അവസാനം ഒരു പട്ടണം തകര്‍ക്കുകയും ചെയ്തവനെപ്പോലെ വിഡ്ഡിയാണയാള്‍. ഹലാലല്ലാത്തത്(ഹറാം) നാശകാരിയായ വിഷമാണ്. ഹലാല്‍ ഔഷധമാണ്. അത് കുറേശ്ശെ സേവിക്കുന്നത് ഉപകാരം ചെയ്യും. അമിതമായാല്‍ അമൃതും വിഷം തന്നെ. ഈ മരുന്ന് (ഹലാല്‍) അമിതമാവാതെ നായന്ത്രിക്കാന്‍ പഠിപ്പിക്കാനാണ് നോമ്പ് നിയമമാക്കിയിരിക്കുന്നത്. എന്നിട്ട് ചിലരതിനെ ഹറാമില്‍ ചാടിക്കുന്നു. കഷ്ടം! തിരു നബി പറഞ്ഞു: എത്രയെത്ര നോമ്പുകാര്‍, നോമ്പ് മൂലം അവര്‍ക്ക് വിശപ്പും ദാഹവുമല്ലാതെ ഒന്നുമില്ല..(നസാഈ)
    നോമ്പ് തുറക്കുമ്പോള്‍ വയറ് നിറയെ കഴിക്കാതിരിക്കുക എന്നതും പ്രധാനമാണ്. അല്ലാഹുവിന് ഏറ്റവും വെറുപ്പുള്ള പാത്രം നിറവയറാകുന്നു. പിശാചിനെ കീഴടക്കുകയും ആസക്തിയെ നിയന്ത്രിക്കുകയുമാണ് നോമ്പിന്റെ സുപ്രധാന ലക്ഷ്യം. പകലില്‍ നഷ്ടപ്പെട്ട ഭക്ഷണം മുഴുക്കെ പലിശ സഹിതം വൈകുന്നേരം വെട്ടിവിഴുങ്ങുന്നവര്‍ക്ക് ഈ ലക്ഷ്യം എങ്ങനെ കരഗതമാക്കാനാണ്. റമാസാനേതര മാസങ്ങളില്‍ നാം കഴിക്കാത്ത പലതും റമസാനില്‍ നാം കഴിക്കുന്നു. ഇതുകണ്ട് പിശാച് ഊറിച്ചിരിക്കുന്നുണ്ടാവണം. കാരണം, രാവിലെ മുതല്‍ വൈകുന്നേരം വരെ നാം ആമാശയത്തെ നിയന്ത്രിക്കുന്നു. അപ്പോഴേക്കും ആമാശയത്തിന്റെ ആസക്തി വര്‍ധിച്ചു നില്‍ക്കുന്നുണ്ടാവും. ആ സമയത്ത് വിഭവ സമൃദ്ധിയിലേക്ക് അത് സ്വാഗതം ചെയ്യപ്പെടുന്നു. ഫലമോ? നാം നിയന്ത്രിക്കണമെന്ന് ഉദ്ദേശിക്കുന്ന ശരീര വികാരങ്ങള്‍ പതിന്മടങ്ങ് ഊര്‍ജ്ജ്വസ്വലമാകുന്നു.
    നോമ്പിന്റെ ആത്മാവ് പിശാചിന്റെ പ്രവര്‍ത്തന മേഖലയായ ദേഹേഛയെ കീഴടക്കുക എന്നതാണ്. അതിന് ഭക്ഷണം നിയന്ത്രിച്ചേ തീരൂ. അപ്പോള്‍ നോമ്പ് അല്ലാത്ത സമയത്ത് രാത്രി കഴിക്കുന്ന ഭക്ഷണമേ റമസാനില്‍ കഴിക്കാവൂ. അതുകൊണ്ടാണ് നോമ്പിന്റെ പകല്‍ കൂടുതല്‍ ഉറങ്ങരുതെന്ന് പറയുന്നത്; ഉറങ്ങിയാല്‍ ദാഹവും വിശപ്പും അറിയില്ലല്ലോ. വിശപ്പും ദാഹവും അനുഭവിച്ചു പഠിക്കണം. അപ്പോഴേ ഹൃദയം നിര്‍മലമാകൂ. രാത്രി നിസ്‌കാരങ്ങള്‍ക്കും ഔറാദുകള്‍ക്കും സ്വസ്ഥത ലഭിക്കൂ….എങ്കില്‍ മാത്രമേ മനസ്സില്‍ പിശാചിന് ഇടം നഷ്ടമാകൂ. അപ്പോള്‍ ദൈവിക രഹസ്യങ്ങളുടെ കവാടങ്ങള്‍ മെല്ലെ അവനു മുമ്പില്‍ തുറക്കപ്പെടും!