Gulf
ഇത്തിഹാദ് റെയില്‍; സുരക്ഷിതത്വത്തിന് ബോധവത്കരണം തുടങ്ങി
		
      																					
              
              
            അബുദാബി: ഇത്തിഹാദ് റെയില്‍ യാഥാര്‍ഥ്യമാകുമ്പോള്‍ സുരക്ഷിതത്വ നടപടികള്‍ കൈക്കൊള്ളുന്നതിന്റെ ബോധവത്കരണം ആരംഭിച്ചു. “ട്രെയിന്‍ അടുത്തുവരുകയാണ്. നിയമം അനുസരിക്കുക” എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച പടിഞ്ഞാറന്‍ മേഖലയില്‍ ബോധവത്കരണം തുടങ്ങി.
റെയില്‍ പാളം മുറിച്ചുകടക്കാന്‍ 20 നടപ്പാലങ്ങളും രണ്ട് തുരങ്കപാലങ്ങളും തുരങ്ക റോഡുകളും 18 അണ്ടര്‍ പാസുകളും പണിയുന്നുണ്ട്. റെയില്‍ പാളത്തിന് ഇരുവശവും വേലികെട്ടുന്നത് കൊണ്ടാണിത്. മൃഗങ്ങള്‍ക്ക് റെയില്‍ പാളം മുറിച്ചുകടക്കാന്‍ പ്രത്യേകം സൗകര്യങ്ങളുണ്ടാകും. ഒട്ടകങ്ങള്‍ക്ക് പത്തും റസെല്ലകള്‍ക്ക് 22ഉം ഇഴജന്തുക്കള്‍ക്ക് 78ഉം അണ്ടര്‍ പാസുകളാണ് നിര്‍മിക്കുന്നത്.
ഇവയുടെ ബോധവത്കരണത്തിന് വിദ്യാലയങ്ങള്‍, നഗരസഭാ കെട്ടിടങ്ങള്‍, തൊഴിലാളി താമസകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഇരുനിലബസുകള്‍ ഏര്‍പ്പെടുത്തിയതായി ഇത്തിഹാദ് റെയില്‍ ആക്ടിംഗ് സി ഇ ഒ ഹാരിസ് സൈഫ് അല്‍ മസ്‌റൂഇ പറഞ്ഞു.
ഹബ്ശല്‍ മുതല്‍ റുവൈസ് വരെ 150 കിലോമീറ്ററില്‍ പാത പൂര്‍ത്തിയായിട്ടുണ്ട്. ഇവിടെ പരിശോധനാ ഓട്ടം തുടങ്ങി. 2018 ഓടെ ജി സി സി രാജ്യങ്ങളെ ബന്ധിപ്പിച്ചുള്ള റെയില്‍ പാത പൂര്‍ത്തിയാകും. 2177 കിലോമീറ്ററിലാണ് പാത.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          


