ആന്റണി സമിതിക്ക് കേരള നേതാക്കള്‍ വിശദീകരണം നല്‍കി

Posted on: July 3, 2014 12:09 pm | Last updated: July 4, 2014 at 12:56 am

sudheeranന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ പരാജയത്തെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച എ കെ ആന്റണി കമ്മിറ്റിക്ക് മുന്നില്‍ കേരള നേതാക്കള്‍ വിശദീകരണം നല്‍കി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍, കെ പി സി സി നിയോഗിച്ച കമ്മീഷന്റെ അദ്ധ്യക്ഷന്‍ സി വി പത്മരാജന്‍ തുടങ്ങിയവരും കെ എസ് യു, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് തുടങ്ങിയ പോഷക സംഘടനാ നേതാക്കളും കമ്മിറ്റിക്ക് മുമ്പാകെ തങ്ങളുടെ നിലപാടുകളറിയിച്ചു.

കേന്ദ്ര നേതൃത്വത്തിന്റെ തെറ്റായ നിലപാട് ഉറച്ച മണ്ഡലങ്ങളായ ഇടുക്കി, തൃശൂര്‍, ചാലക്കുടി എന്നിവിടങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ പരാജയത്തിന് കാരണമായി. തൃശൂര്‍, ചാലക്കുടി മണ്ഡലങ്ങള്‍ വെച്ചുമാറിയത് ഗുണം ചെയ്തില്ല. ദേശീയതലത്തില്‍ പാര്‍ട്ടിക്ക് തിരിച്ചുവരാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും സംസ്ഥാന നേതൃത്വം ആന്റണി സമിതിക്ക് മുമ്പാകെ നിര്‍ദ്ദേശം വെച്ചു.

തെളിവെടുപ്പിനു മുന്നോടിയായി കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി. യു ഡി എഫ് ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിലും കോണ്‍ഗ്രസ് സംഘടനാതലങ്ങളില്‍ പ്രത്യേകിച്ചും താഴേതട്ടില്‍ ചില ദൗര്‍ബല്യങ്ങള്‍ ഉണ്ടായിരുന്നതായി സുധീരന്‍ സോണിയാഗാന്ധിയെ അറിയിച്ചു.