പോലീസ് ആപ്പിലൂടെ ഏറ്റവും കൂടുതല്‍ ഗതാഗത ലംഘനങ്ങള്‍ റിപ്പോര്‍ട്ടു ചെയ്ത വനിതക്ക് ആദരം

Posted on: July 2, 2014 8:30 pm | Last updated: July 2, 2014 at 8:52 pm

ദുബൈ: ട്രാഫിക് നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ ‘നമ്മളെല്ലാം പോലീസ്’ എന്ന പേരില്‍ ദുബൈ പോലീസ് ഏര്‍പ്പെടുത്തിയ സേവനം ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തിയ വനിതക്ക് പോലീസിന്റെ ആദരം.
പൊതുജനങ്ങളില്‍ നിന്ന് വന്‍ പ്രതികരണം ലഭിച്ച പദ്ധതിയിലേക്ക് 98 നിയമ ലംഘനങ്ങള്‍ റിപ്പോര്‍ട്ടു ചെയ്ത മൈസൂന്‍ ആല്‍ സ്വാലിഹ് എന്ന സ്വദേശി വനിതയെയാണ് പോലീസ് പ്രത്യേകം ആദരിച്ചത്.
ദുബൈ നഗരത്തിലെ നിരത്തുകളില്‍ നടക്കുന്ന ട്രാഫിക് നിയമ ലംഘനങ്ങള്‍ അധികൃതരെ സ്മാര്‍ട് സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി അറിയിക്കാനുള്ള സംരംഭമാണ് ‘നമ്മളെല്ലാം പോലീസ്’ എന്ന പദ്ധതി. ട്രാഫിക് വിഭാഗം പുറത്തിറക്കിയ പ്രത്യേക ആപ്പിലൂടെ സ്മാര്‍ട് ഫോണ്‍ ഉപയോഗിച്ചു, നിയമലംഘനത്തിന്റെ ഫോട്ടോകളോ വീഡിയോകളോ എത്തിക്കാനുള്ളതാണ് പദ്ധതി.
സ്മാര്‍ട് ഫോണില്‍ പകര്‍ത്തുന്ന ചിത്രങ്ങളോ വീഡിയോകളോ അധികൃതര്‍ക്ക് നല്‍കുന്നതിന് പകരം സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത് കടുത്ത നിയമ ലംഘനമായി പോലീസ് കണക്കാക്കും.
ജനകീയ ഇടപെടലിലൂടെ നഗരത്തിലെ റോഡ് സുരക്ഷ ഉറപ്പാക്കുകയെന്നതാണ് പോലീസിന്റെ ഇതിലൂടെയുള്ള ലക്ഷ്യം. സ്വദേശികളും വിദേശികളുമായ ധാരാളം ആളുകള്‍ ഇത് ഉപയോഗപ്പെടുത്തി നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതായി പോലീസ് അറിയിച്ചു.