Connect with us

Kerala

കായല്‍ കയ്യേറി അനധികൃത നിര്‍മ്മാണം: പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Published

|

Last Updated

niyamasabha_3_3തിരുവനന്തപുരം: അടിമലത്തുറയില്‍ കായല്‍ കയ്യേറിയതടക്കം സംസ്ഥാനത്ത് വ്യാപകമായി നടക്കുന്ന അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ കുറിച്ച് സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. വി എസ് സുനില്‍ കുമാര്‍ എം എല്‍ എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

വ്യവസ്ഥകള്‍ പാലിക്കാതെയാണ് നിര്‍മ്മാണത്തിന് അനുമതി നല്‍കിയതെന്ന് സുനില്‍കുമാര്‍ പറഞ്ഞു. അടിമലത്തുറയിലെ അതേ കമ്പനിയാണ് പാറ്റൂരിലെ വിവാദമായ ഫഌറ്റ് പണിതതും. സംസ്ഥാനത്തെ പരിസ്ഥിതി ഏജന്‍സി സമിതികള്‍ പരിസ്ഥിതി ഘാതകരായിമാറിയെന്നും വി എസ് സുനില്‍കുമാര്‍ പറഞ്ഞു.

എന്നാല്‍ അടിമലത്തുറയിലെ കമ്പനിക്ക് അനുമതി നല്‍കിയത് നിബന്ധനകളോടെയാണെന്ന് റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പദ്ധതിക്ക് അപ്രൈസര്‍ കമ്മിറ്റിയുടേയും പരിസ്ഥിതി ആഘാത പഠന സമിതിയുടേയും അംഗീകാരമുണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. പരിസ്ഥിതി ആഘാതനിര്‍ണയ അതോറിറ്റി ഉദ്യോഗസ്ഥര്‍ അടിമലത്തുറയില്‍ പരിശോധന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

Latest