കൃഷിയില്‍ പുത്തന്‍ പരീക്ഷണവുമായി ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രം

Posted on: July 2, 2014 12:45 am | Last updated: July 2, 2014 at 12:45 am

mlp-aquaponicമലപ്പുറം: മണ്ണില്ലെങ്കിലും കൃഷി ചെയ്യാനാകുന്ന പുതിയ പരീക്ഷണവുമായി ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രം. മണ്ണിന് പകരം ചകിരിച്ചോറുപയോഗിച്ച് കൃഷിയിറക്കാവുന്ന അക്വാപോണിക് കൃഷിരീതിയാണ് കാര്‍ഷിക കേന്ദ്രത്തിലെ വിദഗ്ധര്‍ കണ്ടെത്തിയിരിക്കുന്നത്. പി വി സി പൈപ്പുകളില്‍ ദ്വാരമുണ്ടാക്കി ഡിസ്‌പോസബില്‍ ഗ്ലാസുകളില്‍ ചകിരിച്ചോര്‍ നിറച്ച് ഇതില്‍ വിത്തിട്ട് കൃഷി ചെയ്യുന്നതാണ് ഇതിന്റെ രീതി. പൈപ്പുകളില്‍ മോട്ടോര്‍ ഉപയോഗിച്ച് വെള്ളം കടത്തിവിട്ടാണ് വളരാനുള്ള ജലമെത്തിക്കുന്നത്. മത്സ്യങ്ങളെ വളര്‍ത്തുന്ന കുളത്തില്‍ നിന്നാണ് ആവശ്യമായ ജലമെടുക്കുന്നത്. കുളത്തിലെ മത്സ്യങ്ങളുടെ അവശിഷ്ടങ്ങളും വിസര്‍ജ്യങ്ങളുമാണ് കൃഷിക്ക് വളമായി ഉപയോഗിക്കുന്നത്. രാസവളങ്ങള്‍ അല്‍പ്പം പോലും ഉപയോഗിക്കുന്നില്ല എന്നതാണ് അക്വാപോണിക് കൃഷിയുടെ പ്രധാന സവിശേഷത.
വിദേശരാജ്യങ്ങളില്‍ മാത്രം കണ്ടുവരുന്ന ഈ രീതി അപൂര്‍വമായിട്ടാണ് കേരളത്തില്‍ പ്രയോഗിക്കുന്നത്. പാലക്കാട് ജില്ലയിലാണ് ഇതിനുമുമ്പ് അക്വാപോണിക്ക് രീതിയില്‍ കാര്‍ഷിക വിളകളുടെ വിളവെടുപ്പ് നടത്തിയത്. ഇത് രണ്ടാം തവണയാണ് മഞ്ചേരി ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ അക്വാപോണിക്ക് കാര്‍ഷിക വിളകള്‍ വികസിപ്പിക്കുന്നത്. ഇലക്കറികള്‍ക്കായി ഉപയോഗിക്കുന്ന വിളകളാണ് ധാരളമായി വളരുന്നതെങ്കിലും മുളക്, തക്കാളി, ബീന്‍സ് എന്നിവയും കൃഷി ചെയ്യുന്നുണ്ട്. തളിര്‍ത്തു വരുന്ന സമയത്ത് ഇലകളില്‍ ചെറിയ മഞ്ഞ നിറം പ്രകടമാകുമെങ്കിലും പിന്നീട് ആരോഗ്യമുള്ള ചെടികളായി മാറും. സാധാരണ രീതിയില്‍ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ വിളവ് ഇതിലൂടെ ലഭിക്കുമെന്നും കാര്‍ഷിക കേന്ദ്രം അധികൃതര്‍ അവകാശപ്പെടുന്നു. ആദ്യ ഘട്ടത്തില്‍ കാബേജ്, കോളിഫഌവര്‍, തക്കാളി തുടങ്ങിയ പച്ചക്കറികള്‍ വികസിപ്പിച്ചിരുന്നു. പരീക്ഷണാടിസ്ഥാനത്തിലാണ് വിളവെടുപ്പ് നടത്തിയത്.
ഹൈഡ്രോപോണിക്ക് കൃഷിരീതിയുടെ വകഭേദമാണ് അക്വാപോണിക്ക് രീതി. എന്നാല്‍ ഇന്ന് വിവിധ ഭാഗങ്ങളില്‍ ഉപയോഗിച്ചു വരുന്ന ഹൈഡ്രോപോണിക്കിനേക്കാളും ആരോഗ്യപ്രദമാണ് പുതിയരീതി. രാസവളങ്ങള്‍ ഉപയോഗിക്കുന്നു എന്നത് ഹൈഡ്രോപോളിക്ക് കൃഷിരീതിയെ മാറ്റി നിര്‍ത്തുന്നു. മറ്റു കൃഷിരീതികളില്‍ നിന്ന് വ്യത്യസ്തമായി കുറഞ്ഞ ചെലവിലും സ്ഥലത്തും കൃഷി വികസിപ്പിക്കാം. മാത്രമല്ല മറ്റു വിളകള്‍ കായ്ക്കുന്നതിന്റെ 20 ദിവസങ്ങള്‍ക്ക് മുമ്പ് ഈ രീതി വഴി വിളവെടുക്കാം. കൃത്രിമമായി കെട്ടിയുണ്ടാക്കിയ 12 യൂനിറ്റുകള്‍ക്ക് വേണ്ട ഇരുമ്പ്, പൈപ്പ് സാമഗ്രികള്‍ എന്നിവ മാത്രമാണ് പദ്ധതിയുടെ ചെലവ്. നിലവില്‍ സോളാര്‍ സിസ്റ്റത്തിലാണ് പദ്ധതി മുന്നോട്ട് പോകുന്നത്.
തുറന്ന പ്രദേശങ്ങളും അക്വാപോണിക്ക് രീതിക്ക് അനുയോജ്യമാണ്. രാസവളങ്ങള്‍ ഉപയോഗിക്കാത്തതിനാല്‍ ശരീരത്തിന് ആരോഗ്യകരമായ പച്ചക്കറി വിഭവങ്ങളാണ് ഇത്തരം രീതിയിലൂടെ വികസിപ്പിക്കുന്നത്. കീടങ്ങള്‍ വിളകള്‍ നശിപ്പിക്കുമെന്ന ഭീതിയുമില്ലെന്ന് അധികൃതര്‍ അവകാശപ്പെടുന്നു. പരീക്ഷണ ഘട്ടത്തില്‍ കാണുന്ന ന്യൂനതകള്‍ അടുത്ത ഘട്ടത്തില്‍ പരിഹരിക്കും. നിലവില്‍ കുളത്തില്‍ മീനുകളുടെ കുറവ് അനുഭവപ്പെടുന്നുണ്ട്. കൂടുതല്‍ മീനുകളെ അടുത്ത ഘട്ടത്തില്‍ കുളത്തില്‍ നിക്ഷേപിക്കും. ഗ്രാസ് കാര്‍പ്, ചാള, നട്ടര്‍, ഫിലോഫിയ എന്നീ മത്സ്യങ്ങളാണ് കുളത്തിലുളളത്. ചില വിളകള്‍ക്ക് പ്രത്യേക തരം മീനുകളുടെ മാത്രം അവശിഷ്ടങ്ങള്‍ മികച്ച ഗുണം ചെയ്യുന്നതിനാല്‍ ഏതെല്ലാം മീനുകള്‍ ഏതെല്ലാം വിളകള്‍ക്ക് ഉപകരിക്കുമെന്ന് കണ്ടെത്താനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. അടുത്ത ഘട്ടത്തില്‍ കിഴങ്ങ് വര്‍ഗങ്ങളെ കൂടി ഉള്‍പ്പെടുത്തി അക്വാപോണിക്ക് കൃഷിരീതി വികസിപ്പിക്കാനാണ് ലക്ഷ്യമെന്ന് കാര്‍ഷിക കേന്ദ്രത്തിലെ ഫാം ഓഫീസര്‍ ഇ ജുബൈല്‍ പറഞ്ഞു.