Connect with us

Religion

നോമ്പിന്റെ കരുത്ത്

Published

|

Last Updated

1926 ജൂണ്‍ 16. മേജര്‍ മൈഡി ബറോഡയിലെ പട്ടാള ക്യാമ്പിനടുത്ത് ഓഫീസിലിരിക്കുന്നു. പുറത്ത് വെയിലത്ത് ഒരിന്ത്യന്‍ പട്ടാളക്കാരന്‍ ഓടുന്നു. നിരീക്ഷിക്കാന്‍ ഒരാള്‍ കൂടെയുണ്ട്. പുറത്ത് കല്ലിന്‍ കഷ്ണങ്ങള്‍ നിറച്ച ചാക്കും വഹിച്ചുകൊണ്ടാണ് ഓട്ടം. വേഗം കുറയുമ്പോള്‍ അയാള്‍ പട്ടാളക്കാരനെ അടിക്കുന്നു. നാല് മണിക്കൂറിനു ശേഷം അയാള്‍ അദ്ദേഹത്തെ വിശ്രമിക്കാന്‍ വിടുന്നു. അപ്പോള്‍ പട്ടാളക്കാരന്‍ മുഖവും കൈകാലുകളും കഴുകി നിസ്‌കരിക്കുന്നു! ഒരു തുള്ളി വെള്ളം പോലും കുടിക്കുന്നില്ല. ഇതു കണ്ടുനിന്ന മൈഡിയുടെ മനസ്സലിഞ്ഞു. അദ്ദേഹത്തിന്റെ ശിക്ഷ ഉടന്‍ റദ്ദാക്കാന്‍ ഉത്തരവിട്ടു. അദ്ദേഹത്തെ അടുത്ത് വിളിച്ച് ചോദിച്ചു: പേര്?

അബ്ദുല്ല
നിങ്ങള്‍ ചെയ്ത കുറ്റം?
പരേഡിനെത്താന്‍ വൈകി.
വൈകാന്‍ കാരണം?
സുബ്ഹ് നിസ്‌കരിക്കാന്‍….
ഇത്രയും സമയമായി ദീര്‍ഘമായി ഓടിയിട്ടും ക്ഷീണം തീര്‍ക്കാന്‍ അവസരം ലഭിച്ചിട്ടും എന്തേ വെള്ളം കുടിച്ചില്ല?
നോമ്പ്…
നിന്റെ കൂടെ മുസ്‌ലിംകളാരും ഇല്ലല്ലോ. വെള്ളം കുടിച്ചാല്‍ ആരു കാണാന്‍?
അല്ലാഹ്, അവന്‍ എല്ലാ രഹസ്യങ്ങളും അറിയും.
ഈ ഉത്തരം മൈഡിയെ ആഴത്തില്‍ ചിന്തിപ്പിച്ചു. അദ്ദേഹം റാവല്‍പിണ്ടിയിലേക്ക് പോയി. ഇസ്‌ലാമിനെ കുറിച്ച് കുറേ വായിച്ചു. അവസാനം അബ്ദുര്‍റഹ്മാന്‍ എന്ന പേര് സ്വീകരിച്ചു. മുസ്‌ലിമായി.
1919 ല്‍ ജാലിയന്‍വാലാബാഗ് കൂട്ടക്കുരുതി നടത്താന്‍ ആദ്യം മൈഡിയെ ആയിരുന്നത്രെ ചുമതലപ്പെടുത്തിയത്. മനം നൊന്ത ഇദ്ദേഹം സ്ഥലം വിട്ടതായിരുന്നു. പകരക്കാരനായി വന്ന ജനറല്‍ ഡയറാണ് പിന്നീട് കൂട്ടക്കുരുതിക്ക് ഉത്തരവിട്ടത്. .
ബ്രിട്ടീഷ് സര്‍ക്കാര്‍ അബ്ദുര്‍റഹ്മാനോടും അബ്ദുല്ലയോടും ക്രൂരമായ ശിക്ഷാ നടപടികളാണ് കൈക്കൊണ്ടത്. നാല് വര്‍ഷം കഠിന തടവിന് വിധേയനാക്കപ്പെട്ട അബ്ദുല്ല മൂന്ന് വര്‍ഷത്തിനു ശേഷം ജയിലില്‍ കിടന്നു മരിച്ചു. മൈഡിയെ ഭാര്യയും മക്കളും ഉപേക്ഷിച്ചു. ബ്രിട്ടീഷ് ഭരണകൂടം പൗരത്വം റദ്ദാക്കി. അദ്ദേഹം ലാഹോറിലെത്തി.
കടുത്ത പരീക്ഷണങ്ങളിലും അബ്ദുല്ലയെ പിടിച്ചുനിറുത്തിയ കരുത്ത് എന്തായിരുന്നു? നോമ്പ് നല്‍കിയ ആത്മീയ ഊര്‍ജമായിരുന്നു അത്.
അല്ലാഹു പറഞ്ഞുവല്ലോ, ഓ വിശ്വാസികളേ, നിങ്ങള്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. മുമ്പുള്ളവര്‍ക്കും നിര്‍ബന്ധമാക്കപ്പെട്ടതുപോലെ. നിങ്ങള്‍ ദോഷങ്ങളെ സൂക്ഷിക്കാന്‍ വേണ്ടി. അതാണ് തിരുനബി(സ) പറഞ്ഞത്, നോമ്പ് കവചമാണ്. റമസാന്‍ മാസം തന്നെ പുണ്യങ്ങളുടെ കലവറയാണല്ലോ.
തിരുനബി അറിയിച്ചു: റമസാന്‍ സമാഗതമായാല്‍ പിശാചുക്കള്‍ ബന്ധിക്കപ്പെടും. സ്വര്‍ഗീയ കവാടങ്ങള്‍ തുറക്കപ്പെടും. ഒന്നു പോലും അടക്കപ്പെടില്ല. നരക കവാടങ്ങള്‍ അടക്കപ്പെടും. ഒന്നു പോലും തുറക്കപ്പെടില്ല. ഓരോ രാത്രികളിലും നന്മ ചെയ്യുന്നവര്‍ക്ക് ആശംസകളര്‍പ്പിക്കപ്പെടും. തിന്മ തേടുന്നവരോട് ചുരുക്കാനാവശ്യപ്പെടും. ഓരോ രാത്രികളിലും എത്രയോ പേര്‍ നരകത്തില്‍ നിന്ന് വിമോചിക്കപ്പെടും. (തുര്‍മുദി)