Connect with us

Gulf

മാലിന്യം സംഭരിക്കാന്‍ സ്മാര്‍ട് ബിന്നുകളുമായി ഷാര്‍ജ

Published

|

Last Updated

ഷാര്‍ജ: മാലിന്യം സംഭരിക്കുന്നതിന് വേഗം കൂട്ടാന്‍ സ്മാര്‍ട് ബിന്നുകളുമായി ഷാര്‍ജ. ഇന്റലിജന്റ് സെന്‍സര്‍ ഘടിപ്പിച്ച സ്മാര്‍ട് ബിന്നുകളാണ് ഈ ആവശ്യത്തിനായി ഷാര്‍ജയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കുന്നത്. സാധാരണ ബിന്നുകളെ അപേക്ഷിച്ച് 20 ശതമാനം കൂടുതല്‍ ഗാര്‍ബേജ് പുതിയ സ്മാര്‍ട് ബിന്നുകളില്‍ സംഭരിക്കാന്‍ സാധിക്കും. ഇതിലൂടെ മാലിന്യ സംഭരണത്തിനായുള്ള ചെലവില്‍ ഗണ്യമായ കുറവുണ്ടാക്കാനാവും. മധ്യപൗരസ്ത്യ ദേശത്ത് ആദ്യമായാണ് മാലിന്യ സംഭരണത്തിനായി സ്മാര്‍ട് ബിന്നുകള്‍ ഉപയോഗപ്പെടുത്തുന്നത്.
മാലിന്യ സംസ്‌കരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ബിഅയാണ് ബിന്നിന്റെ നിര്‍മാതാക്കള്‍. മാലിന്യസംസ്‌കരണ രംഗത്ത് നടപ്പാക്കിയ നൂതന സംവിധാനങ്ങളിലൂടെ നിരവധി അംഗീകാരങ്ങള്‍ നേടിയ സ്ഥാപനം കൂടിയാണ് ബിഅ. ചെറിയ ബാറ്ററികള്‍ ഉപയോഗച്ച് പ്രവര്‍ത്തിക്കുന്ന വയര്‍ലെസ് സെന്‍സറുകളാണ് സ്മാര്‍ട് ബിന്നിന്റെ പ്രത്യേകത. ഷാര്‍ജയുടെ പരിസ്ഥിതി സംരക്ഷിക്കുന്നതില്‍ ശക്തമായ കാല്‍വെപ്പാണ് സ്മാര്‍ട് ബിന്നുകളെന്ന് ബിഅ സി ഇ ഒ ഖാലിദ് അല്‍ ഹുറൈമെല്‍ വ്യക്തമാക്കി. സ്മാര്‍ട് ബിന്‍ നിര്‍മാണം ഏറെ വെല്ലുവിളികള്‍ നേരിട്ടതായി ഖാലിദ് പറഞ്ഞു. ബിന്നില്‍ എത്രമാത്രം മാലിന്യം നിറഞ്ഞെന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ബിന്നിനോട് ചേര്‍ന്നു സ്ഥാപിച്ച സെന്‍സര്‍ മുഖ്യ സെര്‍വറിലേക്ക് കൈമാറും. ഇതോടെ ഓരോ ബിന്നിലും ഉള്‍ക്കൊള്ളാവുന്നതിന്റെ പരമാവധി മാലിന്യം ശേഖരിക്കാന്‍ സാധിക്കും. അമിതമായി മാലിന്യം ബിന്നില്‍ നിറയുന്നതിനും ഒപ്പം പകുതിയോളം കാലിയായ നിലയില്‍ ബിന്നുകള്‍ ഉപയോഗിക്കുന്നതിനുമെല്ലാം ഇതിലൂടെ പരിഹാരമാവും.
പുറത്തേക്ക് കാണാന്‍ സാധിക്കാത്ത രീതിയിലാണ് വെയ്സ്റ്റ് ബിന്നുകളുടെ പുറത്ത് ഇന്റലിജന്റ് സെന്‍സറുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ബി അയുടെ സെല്ലുലാര്‍ നെറ്റ്‌വര്‍ക്കുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ഓരോ ബിന്നിലും എത്രത്തോളം മാലിന്യം ശേഖരിക്കപ്പെട്ടെന്നതും അറിയാന്‍ കഴിയും. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ടുള്ള ലാന്റ്ഫില്ലിംഗ് പൂജ്യം ശതമാനത്തില്‍ എത്തിക്കുകയെന്ന സുപ്രിം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ വീക്ഷണത്തിന്റെ ഭാഗം കൂടിയാണ് സ്മാര്‍ട് വെയ്‌സ്റ്റ് ബിന്നെന്നും അദ്ദേഹം പറഞ്ഞു.

 

---- facebook comment plugin here -----

Latest