വീരന്റെ തോല്‍വി കോണ്‍ഗ്രസിന്റെ ഹിഡന്‍ അജന്‍ഡ: എസ് ജെ ഡി

Posted on: July 1, 2014 11:09 am | Last updated: July 1, 2014 at 11:09 am

veerendra-kumarപാലക്കാട്: പാലക്കാട് ലോകസഭാ മണ്ഡലത്തില്‍ യുഡി എഫ് സ്ഥാനാര്‍ഥി എം പി വീരേന്ദ്രകുമാറിന്റെ താല്‍വി കോണ്‍ഗ്രസിന്റെ രഹസ്യ അജണ്ടയായിരന്നുവെന്ന് എസ് ജെ ഡി ജില്ലാകമ്മിറ്റി. ഇതുസംബന്ധിച്ച് പരാതി യു ഡി എഫ് ഉപസമിതിക്ക് സമര്‍പ്പിച്ചു.
ഇന്നലെ പാലക്കാട് എത്തിയ ആര്‍ ബലകൃഷ്ണപിള്ള സമിതിക്കമുമ്പാകെയാണ് കോണ്‍ഗ്രസിനെതിരായ കുറ്റപത്രമെന്ന രീതിയിലുള്ള പരാതി എസ് ജെ ഡി നേതാവ് എ ഭാസ്‌കരന്‍ നല്‍കിയത്. ഉറച്ചമണ്ഡലമാണെന്നും അല്‍പംവിയര്‍പ്പൊഴുക്കിയാല്‍ ജയിക്കാമെന്നുമായിരുന്നു ഡിസിസിയും യുഡിഎഫ് ജില്ലാകമ്മിറ്റിയും ആദ്യം പറഞ്ഞത്. താല്‍പര്യമില്ലാതിരുന്നിട്ടും പാലക്കാട് സീറ്റ് തെരഞ്ഞെടുത്തത് യുഡിഎഫിന്റെ സമര്‍ദ്ദത്തെതുടര്‍ന്നായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മേല്‍ശെകനേടിയ പാലക്കാട്, മണ്ണാര്‍ക്കാട്, പട്ടാമ്പി നിയമസഭാ മണ്ഡലങ്ങളില്‍ യു ഡി എഫ് മുന്നിലെത്തുമെന്നും എല്‍ഡിഎഫ് ഭൂരിപക്ഷം നേടിയ ഷൊര്‍ണൂര്‍, ഒറ്റപ്പാലം, മലമ്പുഴ, കോങ്ങാട് മണ്ഡലങ്ങളില്‍ എല്‍ ഡി എഫിന്റെ ഭൂരിപക്ഷം നന്നായി കറയ്ക്കാന്‍ കഴിയുമെന്നായിരുന്നു ഡി സി സി അവകാശപ്പെട്ടത്. എന്നാല്‍ ഇതെല്ലാം തകിടം മറിഞ്ഞു. ഇതിനുപിന്നില്‍ ചിലരുടെ താല്‍പര്യങ്ങളുണ്ടായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
ആദ്യമൊക്കെ യുഡിഎഫ് സ്ഥാനാര്‍ഥിയെകുറിച്ച് നല്ല അഭലിപ്രായം പറഞ്ഞവര്‍ തെരഞ്ഞെടുപ്പ് ഫലംവന്നശേഷം സ്ഥാനാര്‍ഥിയെ മോശക്കാരനാക്കി മാറ്റാന്‍ ശ്രമിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തയ്യാറാക്കിയ ബോഡ്, ബാനര്‍, വോട്ടര്‍ സ്ലിപ്പ് എന്നിവ ബുത്തുകളില്‍ എത്തിച്ചില്ല. ബൂത്ത് യോഗം വലിളിച്ച് തെരഞ്ഞെടുപ്പ് ചിഹ്നം പരിചയപ്പെടുത്താനും യുഡിഎഫ് തയ്യാറായില്ല. ഇക്കാര്യ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിയില്‍തന്നെ യുഡിഎഫ് യോഗത്തില്‍ ഉന്നയിച്ചെങ്കിലും പോരായ്മ തിരുത്താന്‍ ഡി സിസിയോ, യുഡിഎഫോ തയായറായില്ല. യു ഡി എഫ് എം എഎല്‍മാര്‍ക്കെതിരെയും പേരെടുത്ത് പറയാതെ വിമര്‍ശിച്ചിട്ടുണ്ട്.തിരഞ്ഞെടുപ്പിന് നേതൃത്വം കൊടുത്ത നേതാക്കള്‍ പെരുപ്പിച്ച കണക്ക് കാണിച്ച് തെറ്റിദ്ധരിപ്പിച്ചു. യു ഡിഎഫിനും സ്ഥാനാര്‍ഥിക്കും എതിരെ എല്‍ ഡി എഫ് ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിപറയാന്‍പോലും യുഡിഎഫ് തയ്യാറായില്ല.
പ്രവര്‍ത്തകരെ സജ്ജരാക്കാനുള്ള പ്രവര്‍ത്തനം ഒരുഘട്ടത്തിലും യുഡിഎഫും കോണ്‍ഗ്രസും നടത്തിയില്ലെന്നും പരാതിയില്‍ പറയുന്നു. ജില്ലയിലെ ചില നേതാക്കള്‍ക്ക് സ്ഥാനാര്‍ഥിയാകാനുള്ള മോഹമാണ് വീരേന്ദ്രകുമാറിന്റെ പരാജയത്തിന് കാരണമെന്ന് കോണ്‍ഗ്രസിലെ ഒരുവിഭാഗം കമ്മിഷന്മുന്നില്‍ പരാതി ഉന്നയിച്ചു. അവര്‍ പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുയും ചെയ്തു.
മൂന്ന് നോതക്കള്‍ക്കെതിരെയാണ് ഒരുവിഭാഗം പരാതി ഉയര്‍ത്തിയത്. ഇത് രണ്ടാമത്തെ സിറ്റിങാണ് പാലക്കാട് നടന്നത്. പാലക്കാട്, മലമ്പുഴ, കോങ്ങാട് നിയമസഭാ മണ്ഡലങ്ങളിലെ നേതാക്കള്‍ക്ക് പരാതിനല്‍കാനാണ് തിങ്കളാഴ്ച സിറ്റിങ് നടത്തിയത്. ചൊവ്വാഴ്ച ഒറ്റപ്പാലം, ഷൊര്‍ണൂര്‍, പട്ടാമ്പി മണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ക്ക് പരാതി നല്‍കാനായി ഒറ്റപ്പാലം റസ്റ്റ് ഹൗസിലും അടുത്തദിവസം മണ്ണാര്‍ക്കാട്ടും തെളിവെടുപ്പ് നടത്തും.
പരാതികളെല്ലാം പഠിച്ചശേഷം റിപ്പോര്‍ട്ട് വൈകാതെ നല്‍കുമെന്ന് ആര്‍ ബാലകൃഷ്ണപിളള തെളിവെടുപ്പിന് ശേഷം വാര്‍ത്താസമ്മേനത്തില്‍ പറഞ്ഞു. എം പി വീരേന്ദ്രകുമാര്‍ ചൊവ്വാഴ്ച ഒറ്റപ്പാലത്ത് എത്തി സമിതിക്ക് മുമ്പില്‍ മൊഴിനല്‍കുമെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു.
എഴുപതോളം പരാതികള്‍ ഇന്നത്തെ സിറ്റിങില്‍ ലഭിച്ചുവെന്നും എം എല്‍ എ മാര്‍ക്കെതിരായ പരാതിസംബന്ധിച്ച് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. സമിതി കണ്‍വീനര്‍ പി പി തങ്കച്ചന്‍, ജോണിനെല്ലൂര്‍, ഷേക് പി ഹാരിസ്, ജോയ് അബ്രഹാം എന്നിവരാണ് തിങ്കളാഴ്ചത്തെ സിറ്റിങില്‍ പങ്കെടുത്തത്.
കെ പി എ മജീദ്, എ എ അസീസ് എന്നിവര്‍ പങ്കെടുത്തില്ല. ഇവര്‍ കഴിഞ്ഞതവണ പാലക്കാട് നടന്ന സിറ്റിങില്‍നിന്നും വിട്ടുനിന്നിരുന്നു.