മന്ത്രി പി കെ ജയലക്ഷ്മിക്കെതിരായ കേസ് ഹൈക്കോടതി തള്ളി

Posted on: July 1, 2014 11:01 am | Last updated: July 1, 2014 at 11:01 am

pk jayalakshmi1മാനന്തവാടി: പട്ടികവര്‍ഗ യുവജനക്ഷേമമന്ത്രി പി കെ ജയലക്ഷ്മിക്കെതിരെയുള്ള വയനാട് സ്വദേശി ജീവന്‍ സമര്‍പ്പിച്ച കേസ് ഹൈക്കോടതി തള്ളി. മാനന്തവാടി നിയോജകമണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ നല്‍കിയ നോമിനേഷനില്‍ വിദ്യാഭ്യാസ യോഗ്യത തെറ്റായി രേഖപ്പെടുത്തിയെന്നും, തിരഞ്ഞെടുപ്പ് ചിലവില്‍ കെ പി സി സി നല്‍കിയ 10 ലക്ഷം രൂപയുടെ കണക്ക് കാണിച്ചില്ലെന്നും സൂചിപ്പിച്ച് വയനാട് സ്വദേശി ജീവന്‍ മാനന്തവാടി കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു.
കേസ് ഫയലില്‍ സ്വീകരിച്ച കോടതിയുടെ നടപടി ചോദ്യം ചെയ്ത് മന്ത്രി പി കെ ജയലക്ഷ്മി ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിലാണ് ഇപ്പോള്‍ വിധി വന്നത്. ജനപ്രാതിനിധ്യനിയമം 125 എയും, ഐ പി സി 171 ഐയും പ്രകാരമായിരുന്നു മാനന്തവാടി കോടതി കേസ് ഫയലില്‍ സ്വീകരിച്ചിരുന്നത്.
125 എ പ്രകാരം കുറ്റകൃത്യങ്ങള്‍ മൂടി വെച്ചാല്‍ മാത്രമെ ശിക്ഷക്ക് അര്‍ഹരാകുകയുള്ളു. മാത്രമല്ല, ക്രിമനല്‍ പശ്ചാത്തലത്തിലുള്ള കേസുകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. കൂടാതെ വിദ്യാഭ്യാസയോഗ്യത കാണിക്കാത്തത് നിയമപ്രകാരം ശിക്ഷാര്‍ഹമായ കുറ്റമല്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊടുത്ത കണക്കില്‍ തെറ്റുണ്ടെങ്കില്‍ മാത്രമാണ് ശിക്ഷക്ക് സാധ്യതയുള്ളു. മന്ത്രി പി കെ ജയലക്ഷ്മിയുടെ വാദഗതികള്‍ അംഗീകരിച്ച കോടതി കേസുമായി ബന്ധപ്പെട്ട എല്ലാ നടപടികളും തള്ളുകയായിരുന്നു. ജസ്റ്റിസ് പി രാജനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മന്ത്രി പി കെ ജയലക്ഷ്മിക്ക് വേണ്ടി അഡ്വ. രാംകുമാര്‍ കോടതിയില്‍ ഹാജരായി. കോടതി വിധി സത്യത്തിന്റെ വിജയമാണെന്ന് മന്ത്രി പി കെ ജയലക്ഷ്മി പ്രതികരിച്ചു. രണ്ട് വര്‍ഷം മുമ്പാണ് മന്ത്രിക്കെതിരെ മാനന്തവാടി കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.