Connect with us

Kozhikode

അഞ്ച് ജില്ലയില്‍ നിന്നുള്ള പ്രകൃതി സംരക്ഷണ പ്രവര്‍ത്തകര്‍ കൂട്ട ഉപവാസം നടത്തുന്നു

Published

|

Last Updated

കോഴിക്കോട്: പ്രകൃതി സംരക്ഷണം ആവശ്യപ്പെട്ട് മലബാറിലെ പ്രകൃതി സംരക്ഷണ പ്രവര്‍ത്തകര്‍ അടുത്തമാസം അഞ്ചിന് രാവിലെ പത്ത് മുതല്‍ മാനാഞ്ചിറ സ്‌ക്വയറിന് സമീപം കൂട്ട ഉപവാസം നടത്തുന്നു.
കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, വയനാട്, കാസര്‍ഗോഡ്, പാലക്കാട് ജില്ലകളിലെ പ്രകൃതി സംരക്ഷണ പ്രവര്‍ത്തകരാണ് മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഉപവസിക്കുന്നതെന്ന് വിവിധ പരിസ്ഥിതി സംഘടനാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പല തുണ്ടുകളായി തിരിച്ച് ക്വാറി മാഫിയ കൈവശപ്പെടുത്തിയിരിക്കുന്ന പശ്ചിമഘട്ടത്തെയും സഹ്യപര്‍വതത്തെയും സംരക്ഷിക്കാന്‍ മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കരിങ്കല്‍ പ്രദേശം ഏതാനും വ്യക്തികളടങ്ങിയ വിവിധ സംഘങ്ങള്‍ കൈവശപ്പെടുത്തി യഥേഷ്ടം ഖനനം ചെയ്ത് നശിപ്പിക്കുന്നത് അനുവദനീയമല്ല.
പര്‍വത പ്രദേശങ്ങളിലെ ഖനനം ഒഴിവാക്കി തീരപ്രദേശങ്ങളിലും ഇടനാടുകളിലും ഖനനയോഗ്യമായ പ്രദേശങ്ങള്‍ സര്‍വെ നടത്തി കണ്ടെത്തണം. ഖനനമേഖലകള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലാക്കണം. 1986 ലെ പരിസ്ഥിതി നിയമവും ഖനന നിയമവും മറ്റ് നിയമങ്ങളുമെല്ലാം പരിശോധിച്ച് കാലത്തിനും പ്രകൃതി സംരക്ഷണത്തിനും അനുയോഗ്യമായ കേന്ദ്രീകൃത പരിസ്ഥിതി നിയമത്തിന് രൂപം നല്‍കണം. പരിസ്ഥിതിവകുപ്പും ഡയറക്ടറേറ്റും മലിനീകരണ നിയന്ത്രണബോര്‍ഡും ഭൗമശാസ്ത്രവകുപ്പുമെല്ലാം സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാക്കണം. കേരളീയ ചുറ്റുമതില്‍ സംസ്‌കാരം ഉപേക്ഷിച്ച് പുരയിടങ്ങള്‍ക്ക് ജൈവവേലി നിര്‍മിക്കണം. ജില്ലാ കലക്ടര്‍മാര്‍ അധ്യക്ഷരായുള്ള റിവര്‍മാനേജ്‌മെന്റ് കമ്മിറ്റികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തില്‍ എന്‍ ബാദുഷ, ഭാസ്‌കരന്‍ വെള്ളൂര്‍, ടി ശ്രീനിവാസന്‍, ടി വി രാജന്‍, എം എ ജോണ്‍സണ്‍, ശിവദാസന്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest