വര്‍ധിച്ചു വരുന്ന കെട്ടിട ദുരന്തങ്ങള്‍

Posted on: July 1, 2014 6:00 am | Last updated: June 30, 2014 at 8:46 pm

കെട്ടിടത്തകര്‍ച്ച മുലമുള്ള ദുരന്തങ്ങള്‍ രാജ്യത്ത് വര്‍ധിച്ചു വരികയാണ്. അടുത്ത ദിവസങ്ങളില്‍ പ്രമുഖ നഗരങ്ങളായ ഡല്‍ഹിയിലും ചെന്നൈയിലും മുംബൈയിലും കെട്ടിടങ്ങള്‍ തകര്‍ന്നു വന്‍ നാശനഷ്ടമുണ്ടായി. ചെന്നൈയില്‍ 12 നില കെട്ടിടം നിലംപൊത്തി പത്ത് പേരും ഡല്‍ഹിയില്‍ മുന്ന് നില കെട്ടിടം തകര്‍ന്ന് ഏഴ് പേരും മരിച്ചു. ഇന്ത്യയില്‍ ദിനംപ്രതി ഏഴ് പേരെങ്കിലും കെട്ടിടങ്ങളുടെ തകര്‍ച്ച മൂലം മരിക്കുന്നുണ്ടെന്നാണ് നാഷനല്‍ ക്രൈം റെക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക്. 2012 ല്‍ 2,784 ഇത്തരം സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെടുകയും അതില്‍ 2,682 പര്‍ മരിക്കുകയും ചെയ്തതായാണ് ഔദ്യോഗിക രേഖകളനുസരിച്ചുള്ള വിവരങ്ങള്‍.
ജനസംഖ്യാ പെരുപ്പത്തിനനുസൃതമായി രാജ്യത്ത് കെട്ടിടങ്ങളുടെ എണ്ണവും വര്‍ധിച്ചു വരികയാണ്. നഗരങ്ങളില്‍ സ്ഥലപരിമിതി മുലം ജനങ്ങള്‍ താമസത്തിന് ഫഌറ്റുകളെയാണിന്ന് ആശ്രയിക്കുന്നത്. പ്രമുഖ നഗരങ്ങളിലെല്ലാം കൂറ്റന്‍ ഫഌറ്റുകള്‍ അടിക്കടി ഉയര്‍ന്നു കൊണ്ടിരിക്കുന്നു. എന്നാല്‍ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളില്ലാതെയും അശാസ്ത്രീയ രീതിയിലുമാണ് ഈ കെട്ടിടങ്ങളില്‍ പലതിന്റെയും നിര്‍മാണം. ഇതാണ് വര്‍ധിതമായ അപകടങ്ങള്‍ക്ക് കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
കരാറുകാരാണ് കെട്ടിടങ്ങളുടെ നിര്‍മാണം ഏറ്റെടുത്തു നടത്തുന്നത്. ആധുനിക ജീവിതത്തിലെ തിരക്കും നിര്‍മാണ സാമഗ്രികളും പണിക്കാരെയും തേടിപ്പിടിച്ചെത്തിക്കാനുള്ള പ്രയാസവും മൂലം ഗ്രാമങ്ങളിലെ വീടുപണികള്‍ പോലും കരാറുകാരെ ഏല്‍പ്പിക്കുയാണിന്ന്. ഉടമസ്ഥന്റെ മേല്‍നോട്ടത്തിലല്ലാതെ നടക്കുന്ന ഇത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പരമാവധി ലാഭം വര്‍ധിപ്പിക്കാനുള്ള കരാറുകാരുടെ ത്വരയില്‍ നിലവാരം കുറഞ്ഞ സാധനങ്ങളാണ് ഏറെയും ഉപയോഗിക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം കെട്ടിടത്തിന്റെ ബലത്തേക്കാളുപരി, സാമഗ്രികളുടെ ഉപയോഗം പരമാവധി കുറച്ച് എത്രയും വേഗത്തില്‍ പണി തീര്‍ക്കുകയാണ് പ്രധാന ലക്ഷ്യം. ചില രാജ്യങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കരാറുകാരന്‍ നിശ്ചിത കാലത്തേക്ക് ഗ്യാരണ്ടി നല്‍കണമെന്നുണ്ട്. ഇവിടെ അത്തരം വ്യവസ്ഥകളൊന്നുമുണ്ടാകാറില്ല.
സാമഗ്രികളുടെ ഗുണമേന്മ, അളവ്, നിര്‍മാണം നടക്കുന്ന പ്രദേശത്തെ പരിസ്ഥിതി, മണ്ണിന്റെ ഉറപ്പ് എന്നിവയുടെ പരിശോധന, പ്രകൃതിക്ഷോഭ പ്രതിരോധ നടപടികള്‍, അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള മുന്‍കരുതലുകള്‍, കരാറുകാരനു വേണ്ട യോഗ്യത തുടങ്ങി ഈടും ഉറപ്പുമുള്ള കെട്ടിടങ്ങള്‍ പണിയുമ്പോള്‍് ശ്രദ്ധിക്കേണ്ട കാര്യങ്ങളും നിര്‍മാണ രംഗത്ത് പാലിക്കേണ്ട മാനദണ്ഡങ്ങളും ഒട്ടേറെയുണ്ട്. ഇത് പൂര്‍ണമായി പാലിക്കുന്നവര്‍ അപൂര്‍വമാണ്. ഉയരമുള്ള കെട്ടിടങ്ങളില്‍ ഇടിമിന്നലിനെതിരെ രക്ഷാകവചം സ്ഥാപിച്ചിരിക്കണമെന്നാണ് നിയമം. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി ഇടിമിന്നലിന്റെ പ്രഹരശേഷി വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇതൊരു അനിവാര്യതയായി മാറിയിട്ടുണ്ടെങ്കിലും ഈ സംവിധാനമേര്‍പ്പെടുത്തുന്നവര്‍ വിരളമാണ്. ഉയരമുള്ള കെട്ടിടങ്ങളിലെ ഇടിമിന്നലിന്റെ ആഘാതം വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടിന് പുറമെ കെട്ടിടത്തിന്റെ ബലക്ഷയത്തിനും കാരണമാകുന്നുണ്ട്.
ഉടമസ്ഥരില്‍ ഏറെപ്പേരും ഇതെക്കുറിച്ചു വേണ്ടത്ര ബോധവാന്മാരല്ല. അറിയാവുന്നവര്‍ക്ക് അവ ശ്രദ്ധിക്കാന്‍ സമയവുമില്ല. വന്‍കിട നിര്‍മാണങ്ങളുടെ പ്രവര്‍ത്തനം എന്‍ജിനീയറുടെ മേല്‍നോട്ടത്തിലായിരിക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും, കരാറുകാരനും എന്‍ജിനീയരും തമ്മിലുള്ള ഒത്തുകളി മൂലം അതിന്റെ ഗുണം ലഭ്യമാകാറില്ല. മുന്‍കാലങ്ങളില്‍ പൊതുനിര്‍മാണ മേഖലയില്‍ പരിമിതമായിരുന്ന ഇത്തരം കൃത്യവിലോപങ്ങളും അഴിമതികളും ഇപ്പോള്‍ സ്വകാര്യ നിര്‍മാണ മേഖലകളിലേക്കും വ്യാപിച്ചിട്ടുണ്ട്.
നിര്‍മാണ മേഖലയിലെ വിദഗ്ധരായ തൊഴിലാളികളുടെ കുറവാണ് മറ്റൊരു പ്രശ്‌നം. സര്‍ക്കാറിന്റെ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായും ഫഌറ്റ് സംസ്‌കാരത്തിന്റെ ഭാഗമായും മറ്റും കെട്ടിട നിര്‍മാണത്തില്‍ അഭൂതപൂര്‍വമായ വര്‍ധനയുണ്ടായതോടെ ഈ രംഗത്ത് പരിചയസമ്പന്നരും വിദഗ്ധരുമായ തൊഴിലാളികളെ ലഭിക്കാനില്ല. പകരം കിട്ടുന്ന തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിക്കുകയാണ് കരാറുകാര്‍. ഈ രംഗത്ത് വിദഗ്ധ പരിശീലനത്തിനുള്ള സംവിധാനം അനിവാര്യമാണ്.
ജീര്‍ണിച്ച കെട്ടിടങ്ങള്‍ യഥാസമയം പൊളിച്ചു മാറ്റാറില്ലെന്നതും ദുരന്തത്തിന് വഴിവെക്കാറുണ്ട്. ചെന്നൈ, മുംബൈ പോലുള്ള നഗരങ്ങളില്‍ കാലപ്പഴക്കം ചെന്ന് ബലഹീനമായ കെട്ടിടങ്ങളില്‍ പോലും ആളുകള്‍ തിങ്ങിത്താമിസിക്കുന്നത് പതിവ് കാഴ്ചയാണ്. വിദേശ രാജ്യങ്ങളില്‍ കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ചു യഥാസമയം പരിശോധന നടത്തി, ജീര്‍ണിച്ച കെട്ടിടങ്ങള്‍ നിശ്ചിത സമയത്തിനകം പൊളിച്ചു മാറ്റാന്‍ കര്‍ശന നിര്‍ദേശം നല്‍കാറുണ്ടെങ്കിലും നമ്മുടെ രാജ്യത്ത് ഇക്കാര്യത്തിന്‍ വേണ്ടത്ര കാര്‍ക്കശ്യം പുലര്‍ത്താറില്ല. വര്‍ധിച്ചു വരുന്ന കെട്ടിട ദുരന്തങ്ങളുടെ പശ്ചാത്തലത്തിലെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരത്തിനാവശ്യമായ ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ അധികൃതര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും പരിശോധനകള്‍ക്ക് കാര്യക്ഷമമായ സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യേണ്ടിയിരിക്കുന്നു.