Connect with us

Malappuram

പുണ്യ റമസാന് സ്വാഗതമോതി മര്‍ഹബന്‍ റമസാന്‍ സംഘടിപ്പിച്ചു

Published

|

Last Updated

മലപ്പുറം: പുണ്യ ദിനരാത്രങ്ങള്‍ക്ക് സ്വാഗതമോതി സ്വലാത്ത് നഗര്‍ മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ സംഘടിപ്പിച്ച മര്‍ഹബന്‍ റമസാന്‍ പരിപാടി പ്രൗഢമായി. ആയിരക്കണക്കിന് വിശ്വാസികള്‍ സംബന്ധിച്ചു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി ഉത്‌ബോധനത്തിനും പ്രാര്‍ഥനക്കും നേതൃത്വം നല്‍കി. വിശുദ്ധ റമസാന്‍ നന്മയുടെയും കാരുണ്യത്തിന്റെയും സന്ദേശമാണ് നല്‍കുന്നതെന്നും സഹജീവികളുടെ പ്രശ്‌നങ്ങളില്‍ പങ്കാളിയാകാനുള്ള കരുത്ത് ആര്‍ജിച്ചെടുക്കുകയാണ് റമസാനിലൂടെ മനുഷ്യന്‍ ചെയ്യുന്നതെന്നും അദ്ദേഹം ഉത്‌ബോധിപ്പിച്ചു. ഇനിയുള്ള ദിവസങ്ങളില്‍ വിവിധ പരിപാടികളാണ് സ്വലാത്ത് നഗറില്‍ നടക്കുന്നത്. റമസാന്‍ 1 മുതല്‍ ഗ്രാന്റ് മസ്ജിദില്‍ നടക്കുന്ന ഇഅ്തികാഫ് ജല്‍സ ക്കെത്തുന്ന വിശ്വാസികളുടെ സൗകര്യത്തിന് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. തറാവീഹ് നിസ്‌കാരത്തിന് ഗ്രാന്റ് മസ്ജിദ് ഇമാം ശൗക്കത്തലി സഖാഫി മണ്ണാര്‍ക്കാട് അസിസ്റ്റന്റ് ഇമാം അഷ്‌ക്കര്‍ സഅദി എന്നിവര്‍ നേതൃത്വം നല്‍കും.
സമസ്ത ജില്ലാ മുശാവറ മെമ്പര്‍ ഇബ്‌റാഹീം ബാഖവി മേല്‍മുറിയുടെ ഹദീസ് പഠന ക്ലാസും കര്‍മ ശാസ്ത്ര പഠനവും നടക്കും. 30 ദിനങ്ങളിലായി ഗ്രാന്റ് മസ്ജിദില്‍ നടക്കുന്ന ആയിരങ്ങളുടെ സമൂഹ ഇഫ്ത്വാറിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി കണ്‍വീനര്‍ ദുല്‍ഫുഖാറലി സഖാഫി അറിയിച്ചു. ഗ്രാന്റ് മസ്ജിദിലെത്തിച്ചേരുന്ന വിശ്വാസികളുടെ സേവനത്തിന് പ്രത്യേകം വളണ്ടിയേഴ്‌സ് പ്രവര്‍ത്തിക്കും.