Connect with us

Ongoing News

ശിവന്‍കുട്ടിയുടെ വികാരവും വിദ്യാഭ്യാസമന്ത്രിയുടെ മാനുഷിക പരിഗണനയും

Published

|

Last Updated

abdurabb1തിരുവനന്തപുരം: പതിമൂന്നാം നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിലെ പതിമൂന്നാം ദിവസം അപ്രതീക്ഷിതമായാണ് സഭ പ്രക്ഷുബ്ധമായത്. വര്‍ഷകാലത്തെ പതിവ് പ്രശ്‌നങ്ങളിലൊന്നായ പകര്‍ച്ചപ്പനിയുമായി ബന്ധപ്പെട്ട് മുല്ലക്കര രത്‌നാകരന്റെ പ്രമേയം കാര്യമായി ചലനമുണ്ടാക്കാതെ വാക്കൗട്ടില്‍ കലാശിച്ചപ്പോള്‍ ശിവന്‍കുട്ടിയുടെ പ്രത്യേക സബ്മിഷനാണ് സഭയെ ബഹളത്തിലേക്ക് നയിച്ചത്.

മന്ത്രിയെ വിമര്‍ശിച്ച നഗരത്തിലെ കോട്ടണ്‍ഹില്‍ സ്‌കൂളിലെ അധ്യാപികയെ സ്ഥലംമാറ്റിയ നടപടിയെ വികാര തീവ്രതയോടെ അവതരിപ്പിച്ചപ്പോള്‍ ശിവന്‍കുട്ടിയെ മിക്കപ്പോഴും പ്രത്യേകം നിയന്ത്രിക്കുന്ന സ്പീക്കര്‍ പോലും അല്‍പ്പസമയം കൂടുതല്‍ അനുവദിച്ചു. അധ്യാപികയുടെ വിരമിക്കാനുള്ള സമയവും ഭര്‍ത്താവിന്റെ രോഗാവസ്ഥയും ശിവന്‍കുട്ടി വിശദമായി വിശദീകരിച്ചപ്പോള്‍ തന്റെ മാനുഷിക മുഖം പ്രകടിപ്പിച്ചാണ് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുര്‍റബ്ബ് അതിനെ നേരിട്ടത്. മന്ത്രിയെ വിമര്‍ശിച്ചതിന് അധ്യാപികയെ സ്ഥലംമാറ്റിയ നടപടി എതിര്‍ക്കുന്നവരുടെ വായടപ്പിക്കുന്ന നടപടിയാണെന്നും ഇതിന് പിന്നിലെ വിദ്യാഭ്യാസമന്ത്രിയുടെ താത്പര്യം പ്രകടമാണെന്നും ശിവന്‍കുട്ടി ആഞ്ഞടിച്ചു.
എന്നാല്‍ താന്‍ ഉള്‍പ്പെട്ട വി ഐ പികളെ വേണ്ടവിധം പരിഗണിച്ചില്ലെന്നും ഒപ്പം മാതൃകാപരമായ സ്ഥാപനത്തിലെ വിദ്യാര്‍ഥികളുടെ അച്ചടക്കം അധ്യാപികയുടെ കാലത്ത് നഷ്ടമായെന്നും കാണിച്ചാണ് നടപടിയെടുത്തതെന്നുമാണ് മന്ത്രി വിശദീകരിച്ചത്. എന്നാല്‍ വിദ്യാഭ്യാസ മന്ത്രിയല്ല സ്‌കൂളുമായി ബന്ധപ്പെട്ട പ്രത്യേക സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നെന്നും സമര്‍ഥിച്ച മന്ത്രി സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ സമിതി റിപ്പോര്‍ട്ടുണ്ടായിട്ടും മാനുഷിക പരിഗണന വെച്ചാണ് ജില്ലയിലെ തന്നെ മറ്റൊരു സ്‌കൂളിലേക്ക് സ്ഥലംമാറ്റിയതെന്ന് മന്ത്രി പറഞ്ഞു. തന്റെ മാനുഷിക മുഖമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നാണ് മന്ത്രിയുടെ പക്ഷം. ഇതില്‍ തൃപ്തരാകാത്ത പ്രതിപക്ഷം സ്പീക്കറുടെ ഡയസിലേക്കും പിന്നീട് നടുത്തളത്തിലേക്കും നീങ്ങിയതോടെ ഈ സമ്മേളന കാലത്ത് സഭാസ്തംഭനം കുറവാണെന്ന പരാതിക്ക് പരിഹാരമാകുന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീളുകയായിരുന്നു.
അതേസമയം വിരസമായ സഭയെ അന്നലെ അല്‍പ്പം ഉണര്‍ത്തിയത് മുല്ലക്കര രത്‌നാകരരന്റെ പഴഞ്ചൊല്ലുകളും ഹാസ്യ വിമര്‍ശ പദപ്രയോഗങ്ങളുമായിരുന്നു. കേരള ജനത പനിക്കിടക്കയില്‍ കിടക്കുമ്പോള്‍ ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും പോസ്റ്ററുകളില്‍ ചിരിച്ചു നില്‍ക്കുകയാണ്. ആട്ടുകല്ലിനു കാറ്റുപിടിച്ചതു പോലെയുള്ള ആരോഗ്യമന്ത്രിയും ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്ന മുഖ്യമന്ത്രിയും കേരളത്തെ പനിക്കിടക്കയിലേക്ക് തള്ളിയിടുകയാണെന്ന് മുല്ലക്കര രത്‌നാകരന്‍ പരിഹസിച്ചു.
എന്നാല്‍ സലീംരാജ് വിഷയത്തില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും കാണിച്ച് വ്യഗ്രത പകര്‍ച്ചപ്പനിയുടെ കാര്യത്തില്‍ കാണിക്കുന്നില്ലെന്നതാണ് പ്രതിപക്ഷ നേതാവിന്റെ സങ്കടം. ഇതിനിടെ പ്രാദേശിക ഭാഷാസ്‌നേഹം നിറഞ്ഞൊഴുകുന്ന കാസര്‍ക്കോട്ടെ പി ബി അബ്ദുര്‍റസാഖിന്റെ കന്നഡ ചോദ്യത്തിന് കന്നഡയില്‍ തന്നെ മറുപടി പറഞ്ഞാണ് മന്ത്രി കെ പി മോഹനന്‍ കൈയടി നേടിയത്. താന്‍ ഉന്നയിച്ച അടക്കാകര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കാന്‍ ഉപധനാഭ്യാര്‍ഥനയിലൂടെ 10 കോടി അനുവദിക്കാമെന്ന വാഗദാനത്തേക്കാള്‍ കന്നഡയിലെ മന്ത്രിയുടെ മറുപടിയാണ് റസാഖിനെ രോമാഞ്ചം കൊള്ളിച്ചത്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം