Connect with us

Kerala

കഫേ കുടുംബശ്രീയെ തദ്ദേശ സ്ഥാപനങ്ങള്‍ കൈയൊഴിയുന്നു

Published

|

Last Updated

കണ്ണൂര്‍: നാട്ടുരുചികളിലൂടെ ജനപ്രിയമായ കഫേ കുടുംബശ്രീയുടെ ഹോട്ടല്‍ ശൃംഖല സംസ്ഥാനവ്യാപകമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ വിമുഖത തടസ്സമാകുന്നു. കേരളത്തിലെ വിവിധ നാടുകളിലെ തനതു രുചികള്‍ പരിചയപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യുകയെന്ന ലക്ഷ്യം കൂടി മുന്‍നിര്‍ത്തി വിലക്കുറവില്‍ ഭക്ഷണം നല്‍കാന്‍ കുടുംബശ്രീ മിഷന്‍ ആവിഷ്‌കരിച്ച ഹോട്ടലുകളുടെ പ്രവര്‍ത്തനമാണ് തദ്ദേശ സ്ഥാപനങ്ങളുടെ മടി കാരണം പാതിവഴിയിലാകുന്നത്. ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് കഫേ കുടുംബശ്രീ എന്ന പേരില്‍ ഹോട്ടലുകള്‍ തുടങ്ങുന്നതിനുള്ള പദ്ധതി തുടങ്ങിയത്. ഇന്ത്യന്‍ കോഫീ ഹൗസ് മാതൃകയില്‍ ഓരോ മണ്ഡലത്തിലും സി ഡി എസിനു കീഴില്‍ ഒരു ഹോട്ടല്‍ നടത്താനാനാണ് ശ്രമിച്ചിരുന്നത്. ആറ് വനിതകളെയെങ്കിലും ഉള്‍പ്പെടുത്തി തുടങ്ങുന്ന സംരംഭത്തിന് പഞ്ചായത്തുകളില്‍ പത്ത് ലക്ഷവും നഗരസഭകളില്‍ 15 ലക്ഷവുമാണ് ധനസഹായം നല്‍കുക. അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്തു നടത്തേണ്ട ഈ പദ്ധതി വനിതകള്‍ക്കുള്ള ഏറ്റവും പ്രധാന തൊഴില്‍ സംരംഭം കൂടിയായാണ് കണക്കിലാക്കിയിരുന്നത്.
എന്നാല്‍ തദ്ദേശ സ്ഥാപനങ്ങളുടെ താത്പര്യമില്ലായ്മ കഫേ കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചു. പ്രത്യേകിച്ച് വടക്കന്‍ ജില്ലകളിലാണ് കുടുംബശ്രീയുടെ ഹോട്ടലുകള്‍ വരുന്നതിന് വിവിധ നഗരസഭകളും പഞ്ചായത്തുകളും തടസ്സം നിന്നത്. ചില ജില്ലകളില്‍ ഇതുമായി ബന്ധപ്പെട്ട കുടുംബശ്രീ മിഷന്‍ അധികൃതരുടെ വാക്കുകള്‍ക്ക് തദ്ദേശ ഭരണാധികൃതര്‍ ഒരു വിലയും നല്‍കിയില്ലെന്നും ആക്ഷേപമുണ്ട്. ഹോട്ടലുകള്‍ തുടങ്ങാന്‍ മുന്നിട്ടൊരുങ്ങുന്ന കുടുംബശ്രീ ടീമിന് പദ്ധതിക്കു മുമ്പ് തന്നെ ആവശ്യമായ ധനസഹായം ലഭിക്കുമെന്നത് ഇതിന്റെ പ്രത്യേകതയാണ്. ഇതിനു പുറമേ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചുള്ള ബോധവത്കരണവും ഭക്ഷണമൊരുക്കുന്നതിനുള്ള പ്രത്യേക പരിശീലനവും നല്‍കും. നേരത്തെ കുടുംബശ്രീയുടെ കീഴിലുള്ള തൃശൂരിലെ അഭേദ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ,് കഫേ കുടുംബശ്രീക്കായി പരിശീലനം നല്‍കിയിരുന്നു.
എറണാകുളത്ത് നാലും തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ എന്നിവിടങ്ങളിലായി ഒന്നും വീതം എട്ട് കഫേ കുടുംബശ്രീ റസ്റ്റോറന്റുകളാണ് തുടക്കത്തിലുണ്ടായിരുന്നത്. തുടങ്ങി രണ്ട് മാസങ്ങള്‍ക്കകം തന്നെ സംസ്ഥാനവ്യാപകമായി ഇവ തുടങ്ങാനായിരുന്നു തീരുമാനം. വായ്പകളും സംരംഭകരുടെ വിഹിതവും തദ്ദേശ സ്ഥാപനങ്ങളുടെ സഹായവുമെല്ലാം മൂലധനമായി ഉദ്ദേശിച്ച ഈ പദ്ധതി അന്യ സംസ്ഥാനങ്ങളിലേക്കു കൂടി വ്യാപിപ്പിക്കാന്‍ നിര്‍ദേശമുണ്ടായിരുന്നു. മസാലക്കൂട്ടുകള്‍, അച്ചാറുകള്‍ തുടങ്ങി ചെറു സംരംഭങ്ങളിലൂടെ തുച്ഛ വരുമാനം മാത്രം ഉണ്ടാക്കിയിരുന്ന യൂനിറ്റുകള്‍ പരിശീലനം നേടി കഫേ കുടുംബശ്രീ എന്ന ബ്രാന്‍ഡിനു കീഴിലായതോടെ പതിന്മടങ്ങ് വരുമാനം കൈവരിക്കാന്‍ കഴിയുമെന്ന് തന്നെയാണ് സാമൂഹികക്ഷേമ വകുപ്പിന്റെ കണക്കുകൂട്ടല്‍. ഭക്ഷ്യസാധനങ്ങള്‍ക്ക് വില കൂടുന്ന സാഹചര്യത്തില്‍ കുടുംബശ്രീയുടെ റസ്റ്റോറന്റുകള്‍ സാധാരണക്കാര്‍ക്ക് തുണയാകുമെന്ന് ഉറപ്പാണ്. എന്നാല്‍ അധികൃതരുടെ കാര്യക്ഷമതയില്ലായ്മ വനിതാ വികസനത്തിനുകൂടി ഊന്നല്‍ നല്‍കുന്ന നല്ലൊരു പദ്ധതിയെയാണ് തുരങ്കം വെക്കുന്നത്.