Connect with us

International

ഇറാഖ്: സായുധ സംഘം ബെയ്ജി പിടിച്ചു: മരണം ആയിരം കവിഞ്ഞതായി യു എന്‍

Published

|

Last Updated

iraque

ബഗ്ദാദ്: ഇറാഖില്‍ ഇസില്‍ സായുധ സംഘവും സര്‍ക്കാര്‍ സേനയും തമ്മില്‍ സംഘര്‍ഷം തുടങ്ങിയ ശേഷം പതിനേഴ് ദിവസത്തിനകം ആയിരത്തിലധികം പേര്‍ മരിച്ചുവെന്ന് യു എന്‍. ജൂണ്‍ അഞ്ച് മുതല്‍ 22 വരെയുള്ള ദിവസങ്ങളില്‍ വടക്ക്, പടിഞ്ഞാറന്‍ മേഖലകളിലെ സംഘര്‍ഷത്തിനിടെയാണ് ഇത്രയും പേര്‍ മരിച്ചത്. 1075 പേര്‍ മരിച്ചുവെന്നും 658 പേര്‍ക്ക് പരുക്കേറ്റുവെന്നും യു എന്‍ മനുഷ്യാവകാശ കാര്യാലയത്തിലെ വക്താവ് റൂപര്‍ട്ട് കോള്‍വില്ലെ പറഞ്ഞു. ഇത് ഔദ്യോഗികമായ സംവിധാനങ്ങള്‍ ഉപയോഗിച്ച് സ്ഥിരീകരിച്ച കണക്കാണെന്നും യഥാര്‍ഥ ദുരന്തം ഇതിനേക്കാള്‍ ഭീകരമാണെന്നും ജനീവയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ റൂപര്‍ട്ട് പറഞ്ഞു.
അതിനിടെ, ഇറാഖിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലയായ ബെയ്ജിയിലെ റിഫൈനറിയുടെ നിയന്ത്രണം ഇസില്‍ സായുധ സംഘം പൂര്‍ണമായി ഏറ്റെടുത്തുവെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. എണ്ണ ശുദ്ധീകരണശാലയുടെ നിയന്ത്രണത്തിനായി പത്ത് ദിവസമായി ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ലെവന്ത് (ഐ എസ് ഐ എല്‍- ഇസില്‍) സായുധ സംഘവും ഇറാഖ് സുരക്ഷാ സേനയും തമ്മില്‍ രൂക്ഷ പോരാട്ടം നടന്നു വരികയായിരുന്നു. സൈന്യം ആയുധമുപേക്ഷിക്കാന്‍ തയ്യാറായാല്‍ ഇര്‍ബില്‍ പ്രവിശ്യയിലേക്ക് രക്ഷപ്പെടാന്‍ അനുവദിക്കുമെന്ന് സായുധ സംഘം വാഗ്ദാനം ചെയ്തു.
എന്നാല്‍, ബെയ്ജി പിടിച്ചെടുത്തുവെന്ന റിപ്പോര്‍ട്ട് ഇറാഖ് വിദേശകാര്യ മന്ത്രി ഹോശിയാര്‍ സെബ്‌രി തള്ളി. പ്രത്യേക സേന ശക്തമായ ചെറുത്തുനില്‍പ്പ് നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, ബെയ്ജിയില്‍ ഇറാഖ് സൈന്യം വ്യോമാക്രമണം തുടങ്ങിയിട്ടുണ്ട്. വ്യോമാക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടുവെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്തെ എണ്ണയുടെ പകുതിയോളം വരുന്നത് ബെയ്ജിയില്‍ നിന്നാണ്.
അന്‍ബാര്‍ പ്രവിശ്യയിലെ മിക്ക പ്രദേശങ്ങളും ജോര്‍ദാന്‍ അതിര്‍ത്തിയിലെ പ്രധാന കേന്ദ്രങ്ങളും വിമതര്‍ ഇന്നലെ പിടിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താനായി ഇറാഖിലെത്തിയ യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി സര്‍ക്കാര്‍ വൃത്തങ്ങളുമായി ചര്‍ച്ച നടത്തി. കുര്‍ദ് നേതാക്കളെയും അദ്ദേഹം കണ്ടിട്ടുണ്ട്. ഇറാഖിന്റെ ഭാവി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തീരുമാനിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. സുന്നി വിഭാഗത്തിലെയും കുര്‍ദ് വിഭാഗത്തിലെയും നേതാക്കള്‍ക്ക് കൂടുതല്‍ അധികാരം നല്‍കി ഐക്യ സര്‍ക്കാര്‍ രൂപവത്കരിക്കുക എന്ന പരിഹാരമാണ് അമേരിക്കയുടെ പക്കലുള്ളത്.